airport

മുംബയ്: ഇന്ത്യൻ വിമാനത്താവളങ്ങളിലേക്ക് രാജ്യാന്തര ഭീമൻ കമ്പനികളിൽ നിന്ന് വൻതോതിൽ നിക്ഷേപമൊഴുകുന്നു. ഇന്ത്യൻ വിമാനത്താവള കമ്പനിയായ ജി.എം.ആറിന്റെ 49 ശതമാനം ഓഹരികൾ വാങ്ങിയെന്ന് ഫ്രഞ്ച് കമ്പനിയായ എ.ഡി.പി ഗ്രൂപ്പ് വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറമേ ഗ്രീസിലും ഫിലിപ്പൈൻസിലും വിമാനത്താവള മാനേജ്‌മെന്റ് രംഗത്ത് സാന്നിദ്ധ്യമുണ്ട് ജി.എം.ആറിന്. പാരീസ് വിമാനത്താവളം നിയന്ത്രിക്കുന്ന കമ്പനിയാണ് എ.ഡി.പി ഗ്രൂപ്പ്.

145 കോടി ഡോളറിന്റേതാണ് (ഏകദേശം 10,​500 കോടി രൂപ)​ ജി.എം.ആർ-എ.ഡി.പി ഇടപാട്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളായ ന്യൂഡൽഹി,​ ഹൈദരാബാദ് എന്നിവ നിയന്ത്രിക്കുന്നത് ജി.എം.ആർ ആണ്. മൂന്നു രാജ്യങ്ങളിലായി ഏഴ് വിമാനത്താവളങ്ങളിലാണ് ജി.എം.ആറിന്റെ പ്രവർത്തനം. 2019ൽ മാത്രം പത്തുകോടിയിലേറെ യാത്രക്കാരെ ജി.എം.ആർ വിമാനത്താവളങ്ങൾ കൈകാര്യം ചെയ്‌തു.

ന്യൂഡൽഹിയിലെ പുതിയ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിർമ്മാണക്കരാർ സ്വിസ് കമ്പനിയായ സൂറിച്ച് ഇന്റർനാഷണൽ എയർപോർട്ട് എ.ജി. നേടിയിരുന്നു. കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേംവത്സയുടെ കീഴിലുള്ള ഫെയർഫാക്‌സ് ഗ്രൂപ്പിന് അടുത്തിടെ ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്റെ നിയന്ത്രണം ലഭിച്ചിരുന്നു. ജി.വി.കെ പവർ ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചറിൽ നിന്നാണ് ബംഗളൂരുവിന്റെ നിയന്ത്രണം ഫെയർഫാക്‌സ് നേടിയത്.

ലക്ഷ്യം 3-ാം സ്ഥാനം

വിമാന യാത്രക്കാരുടെ എണ്ണത്തിൽ ലോകത്ത് ഏറ്രവുമധികം വളർച്ച കുറിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2025ൽ അമേരിക്ക,​ ചൈന എന്നിവയ്ക്ക് പിന്നാലായി ഇന്ത്യ ലോകത്തെ ഏറ്രവും വലിയ മൂന്നാമത്തെ വ്യോമയാന വിപണിയായി മാറുമെന്നാണ് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോ‌ർട്ട് അസോസിയേഷന്റെ (അയാട്ട)​ വിലയിരുത്തൽ.