ചെന്നൈ: സ്‌കൂളുകളിൽ മികച്ച പ്രഭാത ഭക്ഷണം ഉറപ്പാക്കുന്നതിനായി കഴിഞ്ഞ വർഷം ചെന്നൈ കോർപ്പറേഷൻ ആരംഭിച്ച 'കാലൈ ഉണവ് തിട്ടം' പദ്ധതി വിവാദത്തിലേക്ക് നീങ്ങുകയാണ്. പദ്ധതിയുടെ നടത്തിപ്പ് ബംഗളുരുവിൽ ഉള്ള 'ദ അക്ഷയ പാത്ര ഫൗണ്ടേഷൻ' എന്ന സന്നദ്ധ സംഘടനയെ ഏൽപ്പിച്ചതാണ് വിവാദങ്ങൾ ക്ഷണിച്ച് വരുത്തിയത്. 'സാത്വിക' ഭക്ഷണങ്ങൾ മാത്രം പാകം ചെയ്ത് നൽകുന്ന ഈ സംഘടന സവാള, വെളുത്തുള്ളി, മുട്ട എന്നിവ തങ്ങളുടെ ഭക്ഷണ സാധനങ്ങളിൽ ഉൾപ്പെടുത്താറില്ല എന്ന വസ്തുതയാണ് വിവാദം ക്ഷണിച്ചു വരുത്തിയത്.
ഹിന്ദുത്വ അജണ്ടയുടെ ഭാഗമായാണ് ഇത്തരത്തിലൊരു സംഘടനയ്ക്ക് തന്നെ കോപ്പറേഷൻ കരാർ നൽകിയതെന്നാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികളായ ഡി.എം.കെയും എം.ഡി.എം.കെയും ആരോപിക്കുന്നത്. ഇത് 'ഭക്ഷണ ഫാഷിസമാ'ണെന്നും ഈ ഭക്ഷണശീലം കുട്ടികൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടുകയാണെന്നുമാണ് പാർട്ടികൾ പറയുന്നത്.
എന്നാൽ ഇതിനുള്ള വിശദീകരണവുമായി ചെന്നൈ കോർപറേഷൻ കമ്മീഷണർ പ്രകാശ് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. സവാളയും വെളുത്തുള്ളിയും തമിഴ്‌നാടിന്റെ പരമ്പരാഗത ഭക്ഷണങ്ങളിൽ പെട്ടതല്ലെന്നും പദ്ധതിക്ക് പിന്നിൽ ഹിന്ദുത്വ അജണ്ടയില്ലെന്നും അദ്ദേഹം പറയുന്നു. 'ദ ന്യൂസ് മിനിട്ട്' എന്ന ഓൺലൈൻ പോർട്ടലുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഈ ഭക്ഷണം കഴിക്കാനായി ഒരു കുട്ടിയെ പോലും ഞങ്ങൾ നിർബന്ധിക്കില്ല. 'അക്ഷയ പാത്ര' നിർമിക്കുന്ന ഭക്ഷണം ഏറെ രുചികരമാണ്. അതിൽ പൊങ്കൽ, റവ, കിച്ച്ടി എന്നിവ ഉൾപ്പെടുന്നുണ്ട്. സവാള, വെളുത്തുള്ളി എന്നിവ പാരമ്പര്യ തമിഴ് ഭക്ഷണങ്ങളിൽ പെടുന്നതല്ല. അത് പിന്നീടാണ് ഇങ്ങോട്ടേക്ക് വന്നത്. അനാവശ്യ താപം പുറപ്പെടുവിക്കും എന്നുള്ളതിനാലാണ് 'അക്ഷയ പാത്ര' സവാളയും വെളുത്തുള്ളിയും 'അക്ഷയ പാത്ര' ഉപയോഗിക്കാത്തത്.' അദ്ദേഹം പറഞ്ഞു.
'എന്നാൽ അവരുടെ ഭക്ഷണം പോഷകങ്ങളാൽ സമ്പുഷ്ടമാണ്. എന്റെ കുട്ടികൾക്ക് നല്ല ഭക്ഷണം കിട്ടുന്ന കാലത്തോളം ഞാൻ സന്തോഷവാനാണ്. ഭക്ഷണം കഴിക്കുംമുൻപ് ഞങ്ങൾ അവരെക്കൊണ്ട് പ്രാർത്ഥനയോ ഹിന്ദു ആചാരണങ്ങളോ നടത്താൻ നിർബന്ധിക്കാറില്ല. ' ചെന്നൈ കോർപറേഷൻ കമ്മീഷണർ പറയുന്നു.
പൊതു വിജ്ഞാപനം നടത്താതെയാണ് ഇതിനായുള്ള കരാർ കോർപറേഷൻ കഴിഞ്ഞ വർഷം 'അക്ഷയ പാത്ര'യ്ക്ക് നൽകിയതെന്ന ഗുരുതര ആരോപണവും ഉയരുന്നുണ്ട്. കോർപറേഷൻ ആരംഭിച്ച പദ്ധതി പ്രകാരം, പരീക്ഷണാടിസ്ഥാനത്തിൽ 16 സ്‌കൂളുകളിലെ 6000 കുട്ടികൾക്ക് ഭക്ഷണം എത്തിക്കാനാണ് ആലോചിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കോർപറേഷന് കീഴിലുള്ള സ്‌കൂളുകളിൽ പഠിക്കുന്ന 30,000 കുട്ടികൾക്ക് കൂടി ഭക്ഷണം എത്തിക്കാനാണ് അധികൃതർ ആലോചിക്കുകയാണ്.