
ഡൽഹി: ദേശീയതയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യവും തീവ്രവാദ ആശയങ്ങൾക്കായി ദുരുപയോഗിക്കുന്നുവെന്ന് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ.മൻമോഹൻ സിംഗ്. ജവഹർലാൽ നെഹ്റുവിനെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശാനച്ചടങ്ങിലാണ് മൻമോഹൻ സിംഗിന്റെ പരാമർശം.
ഇന്ത്യയെ ലോകരാജ്യങ്ങൾ ഊർജസ്വലമായ ജനാധിപത്യ രാഷ്ട്രമായും ലോകശക്തികളിലൊന്നായും കാണുന്ന വിധത്തിൽ നിർമിച്ചെടുത്തതിൽ ആദ്യപ്രധാനമന്ത്രിയായ നെഹ്റുവിന്റെ പങ്ക് വളരെ വലുതാണ്.വ്യത്യസ്തമായ ആശയങ്ങളും കാഴ്ചപ്പാടുകളും നിലനിർത്തിക്കൊണ്ട് ജനാധിപത്യ വഴിയിലൂടെ ഇന്ത്യയെ നയിച്ചത് നെഹ്റുവാണ്. സ്വാതന്ത്ര്യത്തിന് ശേഷം നെഹ്‌റുവിന്റെ നേതൃപഠവം ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് ഇന്ന് കാണുന്ന വികസനത്തിലേക്കെത്താന്‍ സാധിക്കില്ലായിരുന്നുവെന്നും മൻമോഹൻ സിംഗ് വ്യക്തമാക്കി
ആധുനിക ഇന്ത്യയിലെ സർവകലാശാലകൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും സാംസ്കാരിക സ്ഥാപനങ്ങൾക്കും തറക്കല്ലിട്ടത് നെഹ്റുവാണ്. മറ്റാർക്കും അനുകരിക്കാനാകാത്ത വഴികളായിരുന്നു അദ്ദേഹത്തിന്റേത്. നിർഭാഗ്യവശാൽ, ചരിത്രം വായിക്കാൻ താൽപര്യമില്ലാത്ത, മുൻവിധികളാൽ നയിക്കപ്പെടുന്ന ഒരുകൂട്ടം ആളുകൾ നെഹ്റുവിനെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, തെറ്റിനെയും കാപട്യത്തെയും പുറന്തള്ളി എല്ലാത്തിനെയും യഥാവിധി സൂക്ഷിക്കാനുള്ള കഴിവ് ചരിത്രത്തിനുണ്ടെന്നും ബി.ജെ.പിയെ പരോക്ഷമായി വിമർശിച്ച് മൻമോഹൻ പറഞ്ഞു.