കോട്ടയം : ഞായറാഴ്ച നടക്കുന്ന ഹർത്താൽ കെ.എസ്.ആർ.ടി.സിക്ക് ബാധകമല്ല. മുടക്കം കൂടാതെ സർവീസുകൾ നടത്തണമെന്ന് കാണിച്ച് കെ.എസ്.ആർ.ടി.സി ഓപ്പറേഷൻ ഡെപ്യൂട്ടി മാനേജർ എല്ലാ ഡിപ്പോ അധികൃതർക്കും നേട്ടീസ് നൽകി. സാധാരണ ഞായറാഴ്ച നടത്തുന്ന എല്ലാ സർവീസുകളും നടത്തണമെന്നാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. വിമാനത്താവളം, റെയിൽവേ സ്‌റ്റേഷന്‍ എന്നിവടങ്ങളിൽ ആവശ്യത്തിന് സർവീസ് നടത്തണം. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പൊലീസ് സഹായം തേടണമെന്നും സ്‌റ്റേറ്റ് സർവീസുകൾ നിർബന്ധമായും നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും നോട്ടീസിൽ പറയുന്നു.
സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തിൽ സംവരണം ഏർപ്പെടുത്താൻ സർക്കാരിനോടു നിർദേശിക്കാനാവില്ലെന്നുമുള്ള സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദാണ് ബന്ദിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. പല സംസ്ഥാനങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.വിവിധ പട്ടിക ജാതി പട്ടിക വർഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.