''പ്രഭാതമെത്തുന്നതിനു മുൻപ്
നമുക്ക് മുന്തിരിത്തോട്ടങ്ങളിലേക്ക് പോകാം.
മുന്തിരിവള്ളികൾ മൊട്ടിട്ടുവോ എന്നും
മുന്തിരിപ്പൂക്കൾ വിടർന്നുവോ എന്നും
നമുക്ക് നോക്കാം......""
- സോളമന്റെ ഉത്തമഗീതങ്ങൾ
ന്നും വെളുപ്പിന് നിയമസഭയ്ക്ക് രണ്ടുവലം വച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആ മുന്തിരിത്തോട്ടത്തിലേക്ക് ഓടിയെത്തും. കായ്ച്ചു തളിർത്തു പടർന്നുകയറിയ മുന്തിരിവള്ളികളിൽ പുതിയ മൊട്ടിട്ടോ എന്നും മുന്തിരിപ്പൂക്കൾ വിടർന്നോ എന്നറിയാനുമാണ് ആകാംക്ഷയോടെയുള്ള കാത്തിരിപ്പ്. സ്നേഹത്തോടെ തഴുകിയും തലോടിയും മുന്തിരിച്ചെടികളോടുള്ള പ്രണയം പങ്കുവച്ചും അവയെ പൊന്നുപോലെ വളർത്തിയെടുത്ത സ്പീക്കർ ഒറ്റ ചെടിയിൽ നിന്ന് മാത്രം വിളയിച്ചെടുത്തത് ഏഴു കിലോ മുന്തിരി..! അതും തരിമ്പും വിഷപ്രയോഗമില്ലാത്ത തനിനാടൻ മുന്തിരി. നിയമസഭയുടെ പിന്നിലുള്ള 'നീതി" എന്ന വീട്ടുവളപ്പിൽ കായ്ച്ചു നിൽക്കുന്ന മുന്തിരിത്തോട്ടത്തിൽ വച്ച് സ്പീക്കർ സ്വന്തം കൃഷിയനുഭവങ്ങളിൽ നിന്നുകൊണ്ട് ഒരു റൂളിംഗ് നൽകുകയാണ് - ''വാങ്ങിക്കൂട്ടിയുള്ള ജീവിതത്തിൽ നിന്ന് അൽപ്പം ഉണ്ടാക്കി കൊണ്ടുള്ള ജീവിതത്തിലേക്ക് മാറാൻ ശ്രമിച്ച് വിഷം കഴിക്കുന്നതിൽ നിന്ന് എല്ലാവരും രക്ഷപ്പെടണം.""
പാറശാലയിലെ നഴ്സറിയിൽ നിന്ന് വാങ്ങിയ മുന്തിരിച്ചെടിയാണ് സ്പീക്കറുടെ പരിചരണമേറ്റ് കുല കുലയായി മുന്തിരി വിളയിച്ചത്. നാലു വർഷം മുൻപാണ് ചെടിനട്ടത്. എന്നും വെള്ളമൊഴിച്ച്, എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചാണകപ്പൊടിയും കോഴിവളവുമിട്ട് നല്ല പരിചരണം നൽകി. ഈ വർഷമാണ് പൂത്തത്. നല്ല വിളവും കിട്ടി. പലപ്പോഴായി ഏഴ് കിലോ കറുത്ത മുന്തിരി കിട്ടി. സ്പീക്കറും ഭാര്യ ദിവ്യയും മക്കളായ നിരഞ്ജനയും നിരഞ്ജനും ജീവനക്കാരുമെല്ലാം മുന്തിരി പങ്കിട്ടു കഴിച്ചു. വിരുന്നുകാർക്കെല്ലാം മുന്തിരി നൽകി. എട്ടര ഏക്കറുള്ള നിയമസഭാ വളപ്പിൽ രണ്ടേക്കറിൽ ജൈവകൃഷിയുണ്ട്. മുന്തിരി പടർത്തണമെങ്കിൽ കൂടുതൽ സ്ഥലം വേണം, നല്ല വെയിൽ വേണം. വളവും വെള്ളവും തുടർച്ചയായി വേണം. നിരന്തരമായി പരിപാലിക്കണം. പൂന്തോട്ടങ്ങൾക്കും മറ്റു കൃഷികൾക്കുമിടയിൽ മുന്തിരി പടർത്തുന്നത് അത്ര എളുപ്പമല്ല. മുന്തിരികൃഷി വ്യാപിപ്പിക്കാൻ കൂടുതൽ സ്ഥലം നോക്കുകയാണ് സ്പീക്കർ.
മുന്തിരി മാത്രമല്ല, സ്പീക്കറുടെ തോട്ടത്തിൽ വാഴയും പച്ചക്കറികളും ചെടികളും ഫലവൃക്ഷങ്ങളും സമൃദ്ധമായി വളരുന്നുണ്ട്. സ്വർണക്കതിരുകൾ വിളഞ്ഞു കിടക്കുന്ന നെൽപ്പാടവുമുണ്ട് വീടിനു മുന്നിൽ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷത്തിന് നൽകുന്ന പൊൻകതിരുകൾ ഇവിടെ വിളയിക്കുന്നതാണ്. രണ്ടു സെന്റിലേ നെൽകൃഷിയുള്ളൂ. പക്ഷേ ഉഗ്രൻ വിളവാണ്. പാടം പോലെ ബണ്ടുകോരി വെള്ളവും വളവും നൽകി കാർഷിക സർവകലാശാലയിലെ ശ്രേയസ് ഇനത്തിലെ വിത്ത് വിതറി. ഒരുവട്ടം വിളവെടുത്ത് കുത്തിയെടുക്കുന്നത് 16കിലോഗ്രാം അരി. എല്ലാ കേരളപ്പിറവിക്കും ഭരണഭാഷാ പ്രതിജ്ഞയെടുത്ത ശേഷം നിയമസഭാ ജീവനക്കാർക്ക് ഈ കുത്തരി കൊണ്ടുള്ള പായസമാണ് സ്പീക്കർ നൽകുക.
പഴനിയിലെ പഞ്ചാമൃതത്തിന്റെ രുചി
പഴനി ക്ഷേത്രത്തിൽ പഞ്ചാമൃതമുണ്ടാക്കാൻ ഉപയോഗിക്കുന്ന തരം വിരൂപാക്ഷി എന്ന വാഴപ്പഴമുണ്ട് സ്പീക്കറുടെ കദളീവനമെന്ന വാഴത്തോട്ടത്തിൽ. അതിമധുരമുള്ള ഈ പഴം നേർത്ത രുചിയുള്ള മാവുപോലെ നാവിൽ ചേർന്നലിയും. ഞാലിപ്പൂവൻ പോലെ നീണ്ട പഴമാണിത്, അലിഞ്ഞിറങ്ങുന്നതു പോലുള്ള രുചി. പാറശാലയിലെ കർഷകൻ സ്പീക്കർക്ക് സമ്മാനിച്ചതാണ്. ഇതടക്കം മുപ്പതിനം വാഴകളുണ്ട് കദളീവനത്തിൽ. പെരുമ്പടലി, കദളി, പൂജാകദളി, സഹസ്രകദളി, ചെങ്കദളി, മട്ടി, മൊന്തൻ, പേയൻ, ഞാലിപ്പൂവൻ, ചാരക്കണ്ണൻ, കൂമ്പില്ലാക്കണ്ണൻ, സ്വർണമുഖി നേന്ത്രൻ, ചങ്ങാലിക്കോടൻ, കാവേരി ഇങ്ങനെ ഇനങ്ങൾ നീളും. സ്പീക്കർക്ക് ഏറെ ഇഷ്ടമുള്ളൊരു വാഴയുണ്ട്, പേര് പൊപ്പുലു. ആഫ്രിക്കൻ രാജ്യങ്ങളിൽ കാണുന്ന ഏത്തൻ ഇനമാണ്. ചതുരാകൃതിയിലുള്ള കായകളാണ്. ഏത്തപ്പഴം പോലെ രുചി, എന്നാൽ മധുരം കുറവ്. ഒരു കുല കിട്ടി. പൊപ്പുലുവിന്റെ വിത്തുകൾ നിയമസഭയ്ക്ക് ചുറ്റുമായി തഴച്ചു വളരുന്നുണ്ട്.
കദളീ വനത്തിനു പുറമെ മുപ്പതിനം തുളസികളുള്ള തുളസീവനവുമുണ്ട്. തുളസിയുടെ പ്രചരണത്തിനായി പീച്ചിയിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നിയമസഭയുടെ മുൻവശത്ത് നട്ടുവളർത്തിയതാണ് തുളസീവനം. തേക്ക് തുളസി, തണ്ടൻ തുളസി, ചെറുതേക്ക്, കരിന്തുളസി, കരിന്തുമ്പ തുളസി, മിന്റ് തുളസി, വിക്സ് തുളസി, അയമോദകം തുളസി, നാരക തുളസി, കൃഷ്ണതുളസി, രാമതുളസി എന്നിങ്ങനെ നിരവധിയിനം തുളസികൾ. ആവശ്യക്കാർ രേഖാമൂലം കത്തു നൽകിയാൽ തുളസിത്തൈകൾ നൽകും. ക്ഷേത്രങ്ങളിലും ആയുർവേദ സസ്യത്തോട്ടങ്ങളിലും സന്നദ്ധസംഘടനകളുടെ കൃഷിയിടങ്ങളിലുമെല്ലാം സ്പീക്കറുടെ തുളസിത്തൈകളുണ്ട്.
ആയിരം ചട്ടികളിൽ പച്ചക്കറി വസന്തം
ഒരു തുള്ളി വിഷമടിക്കാത്ത പച്ചക്കറികളുടെ കലവറയാണ് നിയമസഭാ വളപ്പും സ്പീക്കറുടെ വസതിയും. ആയിരം ചട്ടികളിലാണ് പച്ചക്കറി വിളയുന്നത്. പ്ലാസ്റ്റിക് നിരോധനത്തിനു ശേഷം ഹരിത നിയമസഭ പ്രാബല്യത്തിലായതോടെ പ്ലാസ്റ്റിക്കിലുള്ള ഗ്രോബാഗ് ഒഴിവാക്കി. കാബേജിന്റെ ഇനമായ നോൾകോളാണ് പച്ചക്കറികളിലെ താരം. തൊലി ചെത്തി ഉള്ളിലെ മാംസളമായ ഭാഗം പച്ചയ്ക്ക് കഴിക്കാം. തോരനും അവിയലിനും സാമ്പാറിനുമൊക്കെയുള്ള ഇനമാണ്. തേനിയിലെ കർഷകൻ നൽകിയതാണ്. റാഡിഷ്, കാബേജ്, ബ്രൊക്കോളി കോളിഫ്ലവർ, ബീറ്റ് റൂട്ട് എന്നിവയെല്ലാം വിളഞ്ഞുനിൽക്കുന്നു. വഴുതനയിൽ വേങ്ങേരി വഴുതന, ഹരിത വഴുതന, നീലിമ എന്ന നീല വഴുതന എന്നീ ഇനങ്ങളുണ്ട്. നാടൻ ആനക്കൊമ്പൻ, ചുവന്ന അരുൺ, ഹൈബ്രിഡ് എന്നീ വെണ്ടകളും നൂറ് ചട്ടികളിൽ വിളഞ്ഞുനിൽക്കുന്നു. പച്ച ഇലയിൽ ചുവന്ന പൊട്ടുകളുള്ള രേണുശ്രീ, ചുവന്ന ഇലയിൽ മയിൽപ്പീലിയിലെ പോലെ പാടുകളുള്ള കൃഷ്ണശ്രീ, വയനാടൻ, അരുൺ എന്നീ ഇനം ചീരകൾ. ഡോളികോസ് എന്ന കോഴിപ്പയർ 60ചട്ടികളിൽ കായ്ച്ചുകിടക്കുന്നു. ബീൻസ്, അമര, തക്കാളി, പുതിനയില, കറിവേപ്പില, വയലറ്റ്- ഉരുളൻ പച്ചമുളക്, വെള്ളകാന്താരി, കാശ്മീരി മുളക്, പടവലം, പാവൽ, മത്തൻ, സാലഡ് കുക്കുമ്പർ എന്നിവയുമുണ്ട്.
നൂറ് നിയമസഭാ ജീവനക്കാരടങ്ങിയ ഹരിതക്ലബാണ് പച്ചക്കറികൃഷി നടത്തുന്നത്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് വിളവെടുപ്പ്. നിയമസഭയിലെ ജീവനക്കാർക്ക് കുറഞ്ഞവിലയിലാണ് വിൽപ്പന. കാൽകിലോ വെണ്ടയ്ക്ക് പത്തു രൂപയും പയറിന് ഇരുപതു രൂപയുമാണ് വില. ഒരാഴ്ച രണ്ടായിരം രൂപയുടെ പച്ചക്കറി വിറ്റഴിക്കും. സ്പീക്കറും വീട്ടിലേക്കുള്ള പച്ചക്കറി പണം നൽകിയാണ് വാങ്ങുക. ഈ പണം ജൈവവളം, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, പൗൾട്രിവളം എന്നിവ വാങ്ങാനുപയോഗിക്കും. ഹരിതക്ലബിന്റെ കൈവശം മൂന്നരലക്ഷം രൂപ മിച്ചമുണ്ടിപ്പോൾ. നിയമസഭാ ജീവനക്കാർക്കു തന്നെ തികയാത്തതിനാൽ പുറമെ വിൽപ്പന തത്കാലമില്ല. ജൈവ മാലിന്യങ്ങൾ, പഴയ പൂക്കൾ, ഇലകൾ, ശിഖരങ്ങൾ എന്നിവയെല്ലാമായി ദിവസം ഒരു ലോഡുണ്ടാവും. ഇതിൽ ചാണകം കലക്കിയൊഴിച്ച് മൂന്നുമാസം വച്ചിരുന്ന് തുമ്പൂർമൊഴി മോഡൽ എയ്റോബിക് സിസ്റ്റത്തിലൂടെ അത് വീണ്ടും ചെടികൾക്ക് വളമാക്കി മാറ്റും. നല്ലൊരു ബയോഗ്യാസ് പ്ലാന്റുമുണ്ട്. സ്റ്റാഫ് കാന്റീനിൽ രണ്ടരമണിക്കൂർ പാചകത്തിനുള്ള പാചകവാതകം ഇതിലൂടെ ലഭിക്കും. മൂന്നുവർഷമായി സ്പീക്കറുടെ വസതിയിലെയും നിയമസഭയിലെയും എം.എൽ.എ ഹോസ്റ്റലിലെയും കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത് അഗ്രികൾച്ചറൽ ഓഫീസർ വർക്കല സ്വദേശി പി.ഷെല്ലിയാണ്. എല്ലായിടത്തുമായി കൃഷി പരിപാലിക്കാൻ നിയമസഭാ സെക്രട്ടേറിയറ്റിലെ 84 ജീവനക്കാരുമുണ്ട്.
പശുക്കൾക്ക് രാജകീയ ജീവിതം
നിത്യേന പത്തുലിറ്റർ പാൽ തരുന്ന ജഴ്സി ക്രോസ്, മൂന്നു ലിറ്റർ ചുരത്തുന്ന കാസർകോട് കുള്ളൻ എന്നിങ്ങനെ രണ്ടു പശുക്കൾ സ്പീക്കറുടെ വസതിയിലെ തൊഴുത്തിലുണ്ട്. വീട്ടിലെ സ്വീകരണമുറിയിലേതു പോലെ വൃത്തിയുണ്ട് തൊഴുത്തിന്. പശുക്കൾക്ക് കാറ്റുകൊള്ളാൻ ഫാനുകൾ, വെള്ളം കുടിക്കാനും തീറ്റയെടുക്കാനും പ്രത്യേക സംവിധാനങ്ങൾ, കൊതുകിനെ തുരത്താൻ വല... ഹൈടെക്ക് തൊഴുത്തിൽ രാജകീയ ജീവിതമാണ് സ്പീക്കറുടെ പശുക്കൾക്ക്. വെച്ചൂർ പശു എന്ന പോലെ നാടൻ ഇനമായ കാസർകോട് കുള്ളന്റെ പാൽ കട്ടിയേറിയതും കൊഴുപ്പു കൂടിയതും രുചിയിൽ മുന്നിലുമാണെന്ന് സ്പീക്കറുടെ സാക്ഷ്യം. വിതുരയ്ക്കടുത്തെ ചെറ്റച്ചൽ ജഴ്സി ഫാമിൽ നിന്നാണ് പശുക്കളെ എത്തിച്ചത്. സ്പീക്കർക്ക് പുറമേ ഡെപ്യൂട്ടി സ്പീക്കർ വി.ശശി, നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണികൃഷ്ണൻ നായർ എന്നിവരുടെ വീട്ടിലേക്കും കൃത്യമായി പാലെത്തിക്കും. ബാക്കി സ്റ്റാഫ് കാന്റീനിൽ ഉപയോഗത്തിനുള്ളതാണ്. രണ്ട് ചെറുകുളങ്ങളിലായി നൂറിലേറെ തിലോപ്പിയ മത്സ്യങ്ങളെയും വളർത്തുന്നുണ്ട്.
ജൈവനിർമ്മാണവും അറിയാം
പച്ചക്കറികളും ഫലങ്ങളും വിൽപ്പന നടത്തി ലാഭമുണ്ടാക്കുക എന്നതല്ല, വാങ്ങാനെത്തുന്നവർക്ക് പ്രചോദനമാവുകയെന്നതാണ് ലക്ഷ്യമെന്ന് സ്പീക്കർ പറഞ്ഞു. നിയമനിർമ്മാണം മാത്രമല്ല, നിയമസഭയിൽ നടക്കുന്നത് ജൈവ നിർമ്മാണം കൂടിയുണ്ട് എന്ന സന്ദേശമാണ് നൽകുന്നത്. ജൈവകൃഷിക്ക് മാതൃകയാവുകയാണ് നിയമസഭ. വീടുകളിലടക്കം എവിടെയും ലാഭകരമായി ജൈവകൃഷി ചെയ്യാൻ സാധിക്കുമെന്ന് കാട്ടിക്കൊടുക്കുകയാണ്. മനുഷ്യന്റെ ആരോഗ്യത്തിനും ജീവിതത്തിനും ഗുണകരമായിരിക്കുമെന്ന സന്ദേശമാണ് കേരളത്തിന് നൽകുന്നത്. ഇത് അവബോധത്തിന്റെ പ്രശ്നമാണ്. നമുക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ നമുക്ക് തന്നെ ഉണ്ടാക്കാനുള്ള സാഹചര്യം ഒരുപക്ഷേ കേരളത്തിലെ എല്ലാ വീടുകളിലുമുണ്ട്. അതിന് ഏക്കറുകണക്കിന് സ്ഥലമൊന്നും ആവശ്യമില്ല. ഒരു തുണ്ട് ഭൂമിയുണ്ടെങ്കിൽ അവിടെയോ ഗ്രോ ബാഗുകളിലോ സ്വന്തം ആവശ്യങ്ങൾക്കായി ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന മനോഭാവമാണ് വേണ്ടത്. അങ്ങനെയായാൽ വിഷം നിറഞ്ഞ ഭക്ഷണം കഴിക്കുന്ന അവസ്ഥയിൽ നിന്ന് രക്ഷപ്പെടാം.
ഒരു നല്ല ഭക്ഷണ പ്രസ്ഥാനം കേരളത്തിലാകെ ഉണ്ടാവണം. പൊന്നാനിയിൽ 550 വീടുകളുണ്ട് ഈ പ്രസ്ഥാനത്തിൽ. നല്ല ഭക്ഷണ പ്രസ്ഥാനത്തിന്റെ മോഡൽ കേരളത്തിലാകെ കൊണ്ടുവരാനാണ് ശ്രമം. നിയമസഭ മുൻകൈയെടുത്ത് ലഭ്യമായ സ്ഥലത്തെല്ലാം കൃഷി നടത്തും. ജീവിതത്തിൽ നമ്മുടെ സന്തോഷവും തൃപ്തിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെയാണ്. വിഷം നിറഞ്ഞ ഭക്ഷണം കഴിക്കില്ലെന്ന് തീരുമാനിച്ചാൽ കേരളത്തിൽ എല്ലാ വീടുകളിലും അവർക്ക് ആവശ്യമുള്ളത് ഉത്പാദിപ്പിക്കാൻ സാധിക്കും. ഇത് വളരെ ലളിതമായി ചെയ്യാവുന്നതേയൂള്ളൂ. എല്ലാ വീടുകളിലും ഭക്ഷ്യവസ്തുക്കളുടെ ചെറിയ ശതമാനമെങ്കിലും ഉണ്ടാക്കാനുള്ള പ്രചോദനമായി ഇത് മാറട്ടെയെന്ന് ആഗ്രഹിക്കുന്നു.