ശ്രീധരന് വയസ് എൺപത്തിനാല് കഴിഞ്ഞു. വലിയ ആരോഗ്യപ്രശ്നങ്ങളില്ല. പെൻഷൻ വാങ്ങാൻ പോകുമ്പോൾ പഴയ സഹപാഠികളെയും സഹപ്രവർത്തകരെയും കാണും. സംസാരിക്കും. മധുരത്തോടെയുള്ള ചായ. ഒപ്പം ഉഴുന്നുവടയോ, പരിപ്പുവടയോ. കടക്കാർ തന്നെ അതിശയിക്കും. സഹപ്രവർത്തകരിൽ പലർക്കും തങ്ങളെ ആക്രമിച്ചു കീഴടക്കിയ രോഗങ്ങളെക്കുറിച്ചേ പറയാനുള്ളൂ. മരുന്നുകൾ അപഹരിക്കുന്ന ഭീമമായ പെൻഷൻ തുകയാണ് പലർക്കും ഉൽക്കണ്ഠയുണ്ടാക്കുന്നത്.
പ്രായം ചെന്നവർ മക്കൾക്കും മരുമക്കൾക്കും ഒരു ഭാരമല്ലേ എന്ന സുഹൃത്തുക്കളുടെ ആശങ്കയെയും ഖണ്ഡിക്കും. ഇല്ലാത്തരോഗം ഉണ്ടെന്ന് അഭിനയിച്ച് വലിയ ആശുപത്രികളിൽ അടിക്കടി പോകണമെന്ന് ശഠിക്കുമ്പോഴാണ് ബന്ധുക്കൾക്ക് ഭാരമാകുന്നതെന്ന പക്ഷക്കാരനാണ് ശ്രീധരൻ. ആവുന്നതുവരെ കൃത്യനിഷ്ഠയും ദിനചര്യയും പാലിക്കുക, മരുന്നിനെക്കാൾ ഫലപ്രദമാണ് അവ രണ്ടും. ശ്രീധരന്റെ ദിനചര്യകേട്ട് പലരും അതിശയിച്ചു. സൂര്യോദയത്തിന് മുമ്പ് ഉണരും. പ്രഭാതകൃത്യങ്ങൾക്ക് ശേഷം പതിനഞ്ചു മിനിറ്റ് പ്രാർത്ഥന. പ്രകൃതിയെ ഭയത്തോടെ കാണരുത്. വെയിലിനെ പേടി, മഴയെ പേടി, പച്ചവെള്ളത്തെ പേടി, ജലദോഷത്തെ പേടി അങ്ങനെ കാണുന്നതിനെയെല്ലാം പേടിച്ചാൽ എങ്ങനെ ആത്മധൈര്യവും വിശ്വാസവും കിട്ടും?
രാവിലെ ഒമ്പതരയ്ക്കുള്ള ബസിൽ പബ്ലിക് ലൈബ്രറിയിൽ പോകും. ഇടയ്ക്ക് കോഫി ഹൗസിൽ നിന്ന് ഭക്ഷണം. നാലു മണിയോടെ വീട്ടിലെത്തും. അപ്പോഴേക്കും പേരക്കുട്ടികളെത്തും. അവർക്ക് കഥകൾ പറഞ്ഞുകൊടുക്കും. ലൈബ്രറിയിലെ ജീവനക്കാർക്കെല്ലാം ഉറ്റബന്ധുവാണ് ശ്രീധരൻ. ശ്രീധരൻ വായിക്കാത്ത പുസ്തകങ്ങൾ അവിടെയില്ലെന്നുതന്നെ പറയാം. അതിൽ നിന്നുള്ള നല്ല കഥകളാണ് പേരക്കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത്. മുത്തച്ഛന്റെ കഥയരങ്ങ് കഴിയാറാകുമ്പോഴാണ് പേരക്കുട്ടികളുടെ രക്ഷിതാക്കളെത്തുന്നത്. സ്കൂളിലെ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുമ്പോൾ ശ്രീധരന് അഭിമാനം. അവരുടെ രക്ഷിതാക്കൾക്കും സന്തോഷം. എങ്ങനെ ഈ അറിവ്. ഇത്രയും കഥകൾ ക്ലാസിലെ മറ്റു കുട്ടികളുടെ അന്വേഷണങ്ങൾ അങ്ങനെ നീണ്ടുപോകും.
ചെറിയ പനി വന്നാൽപോലും കരുപ്പെട്ടികാപ്പിയും കഴിച്ച് ശ്രീധരൻ ലൈബ്രറിയിൽ പോകും. വായനമുടക്കില്ല. ശ്വസിക്കുന്നതു പോലെയാണ് വായനയും.ശ്വാസമെടുത്തില്ലെങ്കിൽ ജഡം. വായനയില്ലെങ്കിലും ജഡം. ജഡമാകുന്നതിന് മുമ്പേ ഒരിക്കലും ജഡമാകരുത്.
ഓരോ നിമിഷവും നാം പഴയതായി കൊണ്ടിരിക്കുന്നു. നമ്മുടെ കൈവശമുള്ളത് അമ്മയുടെ ഗർഭപാത്രത്തിൽവച്ചുകിട്ടിയ അതേ ഹൃദയം. അതേ ശ്വാസകോശം. അതേ കണ്ണും മൂക്കും കാതും. അതിനിടയിൽ നാം നിത്യേന പുതിയതാകുന്നത് പുത്തൻ ചിന്തകളിലൂടെ. പുത്തൻ സ്വപ്നങ്ങളിലൂടെ... ശ്രീധരന്റെ വാദഗതികൾ സന്തോഷത്തോടെ എല്ലാവരും കേട്ടിരിക്കും.
(ഫോൺ: 9946108220)