സ്നേഹത്തിന്റെയും കരുതലിന്റെയും വിലപിടിപ്പുള്ള ആയിരം ഗൃഹങ്ങളാണ് അട്ടപ്പാടിയിൽ ഉയർന്നു കൊണ്ടിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസികൾക്ക് ആയിരം സദ്ഗൃഹങ്ങളുമായി ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ ്സൊസൈറ്റി (എച്ച്.ആർ.ഡി.എസ് ഇന്ത്യ) മുന്നിട്ടിറങ്ങുമ്പോൾ സാക്ഷാത്കരിക്കപ്പെടുന്നത് പതിറ്റാണ്ടുകളോളം മുഖ്യധാരയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട നിരവധി കുടുംബങ്ങളുടെ തലചായ്ക്കാനൊരിടമെന്ന സ്വപ്നമാണ് .
നമ്മുടെ ഈ ലോകത്ത് ഇന്നും ഏറ്റവും പ്രതികൂല സാഹചര്യത്തിൽ ജീവിക്കുന്ന ജനവിഭാഗമാണ് ആദിവാസികൾ. എണ്ണിയാലൊടുങ്ങാത്ത വികസന പദ്ധതികളുമായി കേന്ദ്ര സംസ്ഥാന സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും ആദിമ മനുഷ്യരുടെ ക്ഷേമത്തിനും വികാസത്തിനും കോടികളുടെ ഫണ്ട് വാരിക്കോരി ചെലവഴിക്കുന്നുണ്ടെങ്കിലും പരാതികൾക്ക് പഞ്ഞമില്ല. പ്രതികൂല കാലാവസ്ഥയെയും കാലഘട്ടത്തെയും അതിജീവിച്ച് മുന്നേറുന്ന കാടിന്റെ മക്കൾക്കുള്ള അവകാശങ്ങൾ ലഭിക്കാതെ വരുമ്പോഴാണ് നന്മയുടെ ഒരുപാട് ഹൃദയങ്ങൾ ഒന്നിക്കുന്നത്.
വനാന്തർഭാഗങ്ങളിലേക്കും നാഗരിക ജീവിതമെത്തിയതോടെ വ്യത്യസ്ത ആദിവാസി ഊരുകളിലെ അനുഷ്ഠാനങ്ങളും ഭാഷാസംസ്കാരവും തനത് കൃഷിയും ജീവിത രീതിയും കൈമോശം വരികയും ചെയ്തു. കാലാന്തരത്തിൽ പല ഗോത്രങ്ങളും കേട്ടുകേൾവിയായി. ഗോത്ര ആചാരങ്ങളും പാരമ്പര്യ കൃഷിയും പുതുതലമുറയ്ക്ക് തന്നെ അറിയാത്ത അവസ്ഥയായി. നൂറുകണക്കിന് ആദിവാസി കുടുംബങ്ങളാണ് മതിയായ സൗകര്യമില്ലാതെ കുടിലുകളിലും പ്ലാസ്റ്റിക് ഷീറ്റുകെട്ടിയും പാറമടകൾക്കടിയിലും ഇന്നും ദുരവസ്ഥയിൽ കഴിയുന്നത്. അവകാശപ്പെട്ട ഭൂമിയിൽ തനത് കൃഷിയും വാസയോഗ്യമായ വീടും ഇവർക്ക് പലപ്പോഴും പല തടസ വാദങ്ങളിലും അന്യം നിൽക്കുന്നു.
ഇത്തരം ഒരവസ്ഥയിലാണ് എച്ച്.ആർ.ഡി.എസ് ഇന്ത്യ എന്ന ആദിവാസി ക്ഷേമസംഘടന കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി കൈകോർത്ത് വിവിധ ആദിവാസി ക്ഷേമ പദ്ധതികളുമായി മുന്നിട്ടിറങ്ങുന്നത്. 2017ൽ വയനാട്ടിലെ പൊഴുതന പഞ്ചായത്തിലാണ് ആദ്യമായി സദ്ഗൃഹ പദ്ധതി നടപ്പിലാക്കിയത്. തദ്ദേശ സ്ഥാപനങ്ങളും വിവിധ സംഘടനകളും വയനാട്ടിൽ നടപ്പാക്കിയ പദ്ധതിക്ക് ഊഷ്മളമായ പിന്തുണയാണ് നൽകിയത്.
2018ലാണ് അട്ടപ്പാടിയിൽ ആയിരം സദ്ഗൃഹമെന്ന ബൃഹത് പദ്ധതിക്ക് തുടക്കമിട്ടത്. അന്നത്തെ സ്ഥലം എം.പിയായിരുന്ന എം.ബി.രജേഷാണ് പദ്ധതിക്ക് മുൻകൈ എടുത്തത്. ഒന്നര വർഷം പിന്നിടുമ്പോൾ 192 വീടുകൾ പൂർത്തിയാക്കി. 108 വീടുകൾ അവസാനഘട്ട മിനുക്കുപണികളിലാണ്. 370 ചതുരശ്ര അടി വിസ്തീർണമുള്ള പ്രീഫാബ്രിക്കേറ്റഡ് വീടുകളാണ് ആദിവാസികൾക്ക് എച്ച്.ആർ.ഡി.എസ് നിർമ്മിച്ച് നൽകുന്നത്. പത്തുവർഷത്തേക്ക് അറ്റകുറ്റപ്പണികളും സംഘടന പൂർണമായും വഹിക്കും. റവന്യൂ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഈ വീടുകൾ പാവപ്പെട്ട ഒട്ടേറെ ആദിവാസി കുടുംബങ്ങൾക്ക് അന്തിയുറങ്ങാൻ ഒരത്താണിയാകും.
1997 മുതൽ സാമൂഹിക സന്നദ്ധസേവന രംഗത്ത് ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്ന ഈ സംഘടനയുടെ സ്ഥാപക സെക്രട്ടറി തൊടുപുഴ മുട്ടം സ്വദേശി അജി കൃഷ്ണനും പ്രസിഡന്റ് മുൻകേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാറുമാണ്. കഴിഞ്ഞ ഏഴുവർഷമായി വയനാട്, അട്ടപ്പാടി, അഗർത്തല, ഗോഹത്തി, ജാർഖണ്ഡ്, റാഞ്ചി തുടങ്ങിയ മേഖലകളിൽ ഒട്ടേറെ ക്ഷേമപദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് ആദിവാസി മേഖലയിലെ ക്ഷേമ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
സദ്ഗൃഹ ഗോത്ര ഭവന പദ്ധതിക്ക് പുറമേ ആദിവാസികളുടെ തനത് കാർഷിക വൃത്തികൾ അഭിവൃദ്ധിപ്പെടുത്തുന്നതിനും ഔഷധസസ്യങ്ങൾ ഉല്പാദിപ്പിക്കുന്നതിനും ഉപകാരപ്പെടുന്ന കർഷക പദ്ധതിയും ഏറ്റെടുത്ത് നടത്തുന്നു. ആദിവാസികളുടെ ഭൂമിയിൽ എച്ച്.ആർ.ഡി.എസിന്റെ നേതൃത്വത്തിൽ കൃഷിയിറക്കുകയും വിറ്റുവരവിന്റെ 60 ശതമാനം ആദിവാസികളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ബാക്കി തുക അടുത്തവർഷത്തെ കൃഷിക്ക് മാറ്റിവയ്ക്കുകയുമാണ് പദ്ധതി. ഇതുവഴി സ്ഥിരം വരുമാനവും നേടാനാകും. പതഞ്ജലി, ഡാബർ, ഹിമാലയ തുടങ്ങിയ ആയുർവേദ ഉല്പന്ന നിർമ്മാതാക്കളുമായി ഇതിന് കരാറാകുകയും ചെയ്തിട്ടുണ്ട്.
സ്ത്രീ ശാക്തീകരണത്തിനായുള്ള സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് കേരളത്തിലും തമിഴ്നാട്ടിലുമായി 3500ഓളം വനിതകളെ ഉൾപ്പെടുത്തി 'ജ്വാലാമുഖി" എന്ന കൂട്ടായ്മയും സംഘടന രൂപപ്പെടുത്തി. വിവിധ തരത്തിലുള്ള കേന്ദ്ര നൈപുണ്യ വികസന പരിശീലനത്തിനും എച്ച്.ആർ.ഡി.എസ് ഏകോപനം നടത്തുന്നു. കഴിഞ്ഞ പ്രളയ കാലത്ത് അട്ടപ്പാടിയിൽ മാത്രം ആയിരക്കണക്കിന് ഭക്ഷ്യകിറ്റും വസ്ത്രങ്ങളുമടങ്ങുന്ന ദുരിതാശ്വാസ സാമഗ്രികൾ ദുരിതബാധിതർക്ക് എത്തിച്ച് നൽകാൻ ഈ സംഘടന മുൻകൈ എടുത്തിരുന്നു.