സംഗീതം ജീവവായുവാണ് രമേഷ് നാരായണിന്. ഓരോ നിമിഷവും അതിൽ ജീവിച്ച്, സന്തോഷിച്ച് കഴിയാനാണ് അദ്ദേഹത്തിനിഷ്ടം. സംഗീതമല്ലാതെ മറ്റൊന്നിനോടും ഇത്രമേൽ പ്രണയമില്ലെന്ന് പറയുമ്പോൾ ആരാധകർക്കും അതിൽ തെല്ലും സംശയമില്ല. അദ്ദേഹം ഈണം പകർന്ന എത്രയെത്ര ഗാനങ്ങളാണ് ഇന്നും മലയാളികൾ നെഞ്ചോട് ചേർത്തിരിക്കുന്നത്. അവയോരോന്നും പകരം വയ്ക്കാനാവാത്ത വിധം മനോഹരമായി ചിട്ടപ്പെടുത്തിയവയും.
മുംബയ് ആസ്ഥാനമാക്കിയുള്ള പണ്ഡിറ്റ് ജസ് രാജ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മ്യൂസിക് ഫൗണ്ടേഷന്റെ മേവാത്തി ഊർജ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിനിടയിലാണ് അദ്ദേഹത്തെ കാണുന്നത്. തന്റെ ഗുരു പണ്ഡിറ്റ് പദ്മവിഭൂഷൺ ജസ്രാജിന്റെ നവതി ആഘോഷത്തോടനുബന്ധിച്ചു മുംബയിൽ വച്ചു നടന്ന ചടങ്ങിൽ അദ്ദേഹത്തിൽ നിന്നും നേരിട്ട് അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞത് ജീവിതത്തിലെ ധന്യമുഹൂർത്തമായിരുന്നുവെന്ന് രമേഷ് നാരായൺ പറയുന്നു.
ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക്
ചിറ്റൂർ ഗവൺമെന്റ് സംഗീതകോളേജിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത്, ഇരുപതാമത്തെ വയസിലാണ് പൂനെയിലുള്ള ജ്യേഷ്ഠൻ രാംദാസിന്റെ അടുത്തേക്ക് പോയത്. അവിടെ ഭാരതീയ ഗന്ധർവ മഹാവിദ്യാലയത്തിൽ ചേർന്നു പഠിക്കുകയും പ്രഗത്ഭരും പ്രസ്തരുമായ സംഗീതജ്ഞരുടെ ശിക്ഷണം ലഭിയ്ക്കുകയും ചെയ്തു. പണ്ഡിറ്റ് രവിശങ്കറിന്റെ ശിഷ്യൻ പണ്ഡിറ്റ് സച്ചിദാനന്ദ ഫാട്കയുടെ കീഴിൽ സിത്താറും അഭ്യസിച്ചു. ഏഴു വർഷത്തെ പഠനത്തിന് ശേഷം 1985ലാണ് പണ്ഡിറ്റ് ജസ് രാജിന്റെ ശിഷ്യനാകുന്നത്. അദ്ദേഹത്തിന്റെ ശിഷ്യനാകാൻ കഴിഞ്ഞത് തന്നെ ജീവിതത്തിലെ മഹാഭാഗ്യമാണ്. രണ്ടു വർഷത്തോളം പരീക്ഷണകാലഘട്ടമായിരുന്നു. ജ്ഞാനസ്ഥനാവുക എന്ന ആഗ്രഹം പൂർണമായും തന്നിലുണ്ടെന്ന് മനസിലായതിന് ശേഷം മാത്രമാണ് ഗുരു തന്നെ എല്ലാ അർത്ഥത്തിലും ശിഷ്യൻ എന്ന പദത്തിന് യോഗ്യനാക്കിയത്.
''1983ൽ എറണാകുളത്ത് ഫൈൻ ആർട്സ് കോളേജിൽ വച്ചുനടന്ന സംഗീത കച്ചേരിയിൽ അപ്രതീക്ഷിതമായാണ് ഗുരു എന്നോട് സദസിൽ പാടാൻ ആവശ്യപ്പെട്ടത്. ഉത്തരേന്ത്യൻ ശാസ്ത്രീയ സംഗീതമായ ഹിന്ദുസ്ഥാനി ആലപിച്ചത് മലയാളത്തിന്റെ പുത്രനാണെന്ന് ഗുരു സദസിന് മുന്നിൽ പരിചയപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്തു. ഹിന്ദുസ്ഥാനി സംഗീതത്തിന് അന്ന് വലിയ പ്രചാരമൊന്നും ലഭിച്ചിട്ടില്ലാത്ത കേരളത്തിൽ വച്ചുതന്നെ ആ ഭാഗ്യം ലഭിച്ചു. ഇപ്പോഴും ഗുരുവിന്റെ ശിഷ്യൻ മാത്രമാണ്. സ്വരഭാവരാഗങ്ങളുടെ അനന്തസാഗരമായ ഹിന്ദുസ്ഥാനി സംഗീതത്തിലെ മുത്തുകൾ സ്വായത്തമാക്കാൻ ഈ ജന്മം മതിയാകില്ല. ഗുരുവിനൊപ്പം അസുലഭമായ പല മുഹൂർത്തങ്ങളും പങ്കു വച്ചിട്ടുണ്ടെങ്കിലും തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശത്തിന്റെ മൂന്നാം ദിവസം ഗുരു വന്നതും അവിടം സംഗീതത്താൽ പരിപാവനമാക്കുകയും ചെയ്തതിൽ പരം പുണ്യം ഈ ജീവിതത്തിൽ ലഭിയ്ക്കാനില്ല.
സംഗീതസംവിധാനം അന്നേ മനസിലുണ്ട്
സംഗീതം ജന്മസിദ്ധമായി കൂടെയുണ്ട്. കുട്ടിക്കാലം മുതൽ തനിയെ ഈണം നൽകിയിട്ടുണ്ട്. സംഗീതം കൂടുതൽ അറിഞ്ഞു തുടങ്ങിയപ്പോൾ നൈസർഗികമായ ഈ സിദ്ധി കൂടുതൽ ശക്തിയാർജിച്ചു. സിനിമയല്ല സംഗീതത്തിന്റെ അവസാന വാക്ക്. എന്നാൽ സംഗീതത്തെ കുറിച്ചറിവുള്ളവരും ഇല്ലാത്തവരും ഒരുപോലെ ആസ്വദിയ്ക്കും എന്നതിനാൽ കലാകാരൻ എന്ന നിലയിൽ ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാൻ കഴിയുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ടെലിവിഷൻ പരമ്പരകളിലൂടെയാണ് സംഗീതസംവിധാനത്തിന് തുടക്കം കുറിച്ചത്. 1993 ൽ പി.ടി കുഞ്ഞുമുഹമ്മദിന്റെ 'മഗരിബ് " എന്ന ചലച്ചിത്രത്തിൽ റീറെക്കാർഡിംഗ് നിർവഹിച്ചു കൊണ്ടായിരുന്നു സിനിമാമേഖലയിൽ എത്തിയത്. പി. ടി യുടെ 1999ൽ പുറത്തിറങ്ങിയ 'ഗർഷോം" എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. റഫീക്ക് അഹമ്മദിന്റെ 'പറയാൻ മറന്ന പരിഭവങ്ങൾ …" എന്ന ഗാനത്തിന്റെ ട്രാക്കും അതിമനോഹരമായി പാടി. ഹരിഹരൻ ഇതാലപിക്കണം എന്ന താത്പര്യം സംവിധായകനോട് പറയുകയും അദ്ദേഹം അതംഗീകരിയ്ക്കുകയും ചെയ്തു. ചിത്രത്തിൽ ഗാനം ആലപിക്കുന്ന കഥാപാത്രം ചെയ്യാനും കഴിഞ്ഞു. എഴുതിക്കിട്ടുന്ന പാട്ടിന് സംഗീതം നിർവഹിയ്ക്കുമ്പോഴാണ് സംഗീത സംവിധായകന്റെ പ്രസക്തിയേറുന്നത്. 2001ൽ പുറത്തിറങ്ങിയ കമൽ ചിത്രമായ 'മേഘമൽഹാറി"ലെ 'ഒരു നറു പുഷ്പമായ് എൻനേർക്ക് നീളുന്ന മിഴിമുനയാരുടേതാകാം …." എന്ന ഒ.എൻ.വി യുടെ വരികൾക്ക് വീട്ടിൽ ഇരുന്ന്, അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ കാമറയുടെ മുന്നിൽ തത്സമയം ഈണം പകർന്നത് പിരിമുറുക്കമുണ്ടാക്കിയെങ്കിലും നിരവധി അഭിനന്ദനങ്ങൾ നേടിത്തന്ന ഗാനമാണ്.
2005ൽ ജയരാജ് സംവിധാനം ചെയ്ത 'മകൾക്ക്" എന്ന ചിത്രത്തിലെ 'ചാഞ്ചാടിയാടിയൂറങ്ങൂ നീ….ചരിഞ്ഞാടിയാടിയുറങ്ങു നീ …എന്ന അദ്നൻ സമിയുടെ ശബ്ദത്തിലൂടെയുള്ള പാട്ടിന്റെ പ്രശസ്തി, അതിന് കിട്ടിയ വിമർശനങ്ങളെയും മധുരതരമാക്കുന്നതായിരുന്നു. ഇതേ ചിത്രത്തിൽ കൈതപ്രം രചിച്ച് മഞ്ജരി പാടിയ 'മുകിലിൻ മകളേ" എന്ന പാട്ടും ആസ്വാദകർ ഏറ്റുവാങ്ങി. പി.ടി കുഞ്ഞുമുഹമ്മദിന്റെ 2007ൽ പുറത്തിറങ്ങിയ 'പരദേശി"എന്ന ചിത്രത്തിലെ 'തട്ടം പിടിച്ചുവലിയ്ക്കല്ലേ മൈലാഞ്ചിച്ചെടിയേ…" എന്ന റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഈണം പകർന്നത് സുജാതയുടെ ആലാപനത്തിലൂടെ വേറിട്ടൊരനുഭൂതി പകർന്നു. 2011ൽ പി.ടി കുഞ്ഞുമുഹമ്മദിന്റെ 'വീരപുത്രൻ" എന്ന ചിത്രത്തിലെ 'കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും കാണാ മറയത്തു ഒളിച്ചാലും …"എന്ന റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽകി ശ്രേയഘോഷാൽ പാടിയതും വൻഹിറ്റായി മാറി. 'എന്ന് നിന്റെ മൊയ്തീനിലെ" ചങ്ങമ്പുഴയുടെ വരികളായ "ശാരദാംബരം ചാരുചന്ദ്രിക…, പി.ജയചന്ദ്രനും ശില്പരാജും ചേർന്ന് പാടിയ പാട്ട് സംഗീത സംവിധാനശൈലിയിൽ ഏറെ വ്യത്യസ്തത പുലർത്തുന്ന ജനപ്രിയഗാനമാണ്. അടുത്തിടെ ടി.കെ രാജീവ്കുമാർ ചിത്രം കോളാമ്പിയിൽ പശ്ചാത്തല സംഗീതവും സംഗീതവും നിർവഹിച്ചു. പിന്നണി ഗാനങ്ങൾക്ക് പുറമേ നിരവധി ആൽബങ്ങളും ചെയ്തിട്ടുണ്ട്.
മനസും പ്രകൃതിയും അലിയുന്ന സംഗീതം
കർണാടിക് സംഗീതത്തേക്കാൾ രാഗങ്ങൾ കൂടുതലുള്ള ഹിന്ദുസ്ഥാനി സംഗീതം ഭാവത്തേക്കാൾ സ്വരത്തിനാണ് പ്രാധാന്യം നൽകുന്നത്. മാത്രമല്ല ആത്മീയ സാധനയുടെ ഭാഗം കൂടിയാണ് സംഗീതം. മനസിന് മാത്രമല്ല പ്രകൃതിയിലും മാറ്റങ്ങൾ വരുത്താൻ സംഗീതത്തിന് കഴിയും. ചുട്ടുപൊള്ളുന്ന ദുബായിൽ കച്ചേരി നടത്തവേ മഴ പെയ്തത് വ്യത്യസ്തമായ അനുഭവമായിരുന്നു. മഴയുടെ രാഗങ്ങൾ ആലപിയ്ക്കേ കൊടുംവേനലിൽ കൊച്ചി മഴയിൽ കുതിർന്നത് അന്ന് മാദ്ധ്യമങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. ധൂലിയ മൽഹാർ രാഗതരംഗങ്ങളും ഗുരുവിന്റെ അനുഗ്രഹവും പഞ്ചഭൂതങ്ങളിലുള്ള വിശ്വാസവും പരിപാവനമായ സംഗീതവും എല്ലാം ചേർന്നപ്പോൾ അങ്ങനെയൊരു മാറ്റം പ്രകൃതിയിൽ സംഭവിച്ചതാണ്. 1994ൽ സൂര്യ ഫെസ്റ്റിവലിൽ മുപ്പത് മണിക്കൂർ ഒരു കച്ചേരി നടത്തിയിരുന്നു. 2013ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ബി ശാന്താറാം ഓഡിറ്റോറിയത്തിൽ ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തിൽ ഐസക് ന്യൂട്ടൺ മുതൽ അബ്ദുൽകലാം ആസാദ് വരെയുള്ള മഹാത്മാക്കൾക്ക് സമർപ്പിച്ചുകൊണ്ടും ഒരു കച്ചേരി നടത്തിയിരുന്നു. തുടർച്ചയായി മുപ്പത്തിയാറു മണിക്കൂർ നടത്തിയ ആ കച്ചേരി ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനവും പിടിച്ചു.
സംഗീത സപര്യയുടെ മുപ്പതു വർഷം പൂർത്തിയായ വേളയിൽ ലോക സമാധാനത്തിനും ശാന്തിയ്ക്കും വേണ്ടി ലോകാസമസ്താഃ സുഖിനോ ഭവന്തു എന്ന നാല് മിനിറ്റുള്ള വീഡിയോ ഗാനം ഭാരതസംഗീതത്തിലെ പ്രമുഖരെ അണിനിരത്തി, പണ്ഡിറ്റ് ജസ് രാജിന്റെയും മോഹൻലാലിന്റെയും ആമുഖത്തോടെ ലോകത്തിന് സമർപ്പിച്ചു. സൂര്യ കൃഷ്ണ മൂർത്തിയുടെ നൃത്ത നാടകങ്ങൾക്ക് രണ്ട് ദശാബ്ദങ്ങൾക്കിപ്പുറവും സംഗീതം പകരുന്നു. കുട്ടിക്കാലത്ത് ആകാശവാണിയാണ് ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് ആകൃഷ്ടനാക്കിയത്. അന്ന് നമ്മുടെ നാട്ടിൽ ഹിന്ദുസ്ഥാനി സംഗീതത്തിന് അത്ര പ്രചാരമില്ലായിരുന്നു. ഇന്ന് ധാരാളംപേർ ഇത് പഠിയ്ക്കാൻ മുന്നോട്ട് വരുന്നുണ്ട്. 'പണ്ഡിറ്റ്മോത്തി റാം സംഗീത് വിദ്യാലയ" എന്ന പേരിൽ തിരുവനന്തപുരത്ത് ഒരു സ്കൂളും നടത്തി വരുന്നുണ്ട്.
പാട്ടിന്റെ സ്വന്തം കുടുംബം
കണ്ണൂരിലെ കൂത്തുപറമ്പിലെ കർണാടക സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനനം. ഇപ്പോൾ തിരുവനന്തപുരത്ത് തമലത്താണ് താമസം. അമ്മ, നാരായണിയമ്മയാണ് കർണാടിക് സംഗീതത്തിലെ ആദ്യഗുരു. ഡോ.ഹേമയാണ് ഭാര്യ, മക്കൾ മധുവന്തി, മധുശ്രീ. എല്ലാവരും സംഗീതജ്ഞരാണ്. മധുവന്തിയെ വിവാഹം കഴിച്ചിരിക്കുന്നത് പുല്ലാങ്കുഴൽ വിദ്വാനും സംഗീതസംവിധായകനുമായ വിഷ്ണു വിജയ് ആണ്. വിഷ്ണുവിന് 'ഗപ്പി" എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. മധുശ്രീക്ക് അച്ഛന്റെ സംഗീത സംവിധാനത്തിൽ പാടിയ ഇടവപ്പാതിയിലെ പാട്ടിന്2015 ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. സംഗീത പാരമ്പര്യം നിലനിർത്തിക്കൊണ്ട് പോകാൻ കഴിയുന്നതിലും ഭാവി തലമുറയും സംഗീതത്തിന്റെ വഴിയിൽ സഞ്ചരിക്കുന്നതിലും അഭിമാനമുണ്ട്.
(ലേഖികയുടെ നമ്പർ:
9446570573)