kulathupuzha

കുളത്തൂപുഴ: തിരുവനന്തപുരം- ചെങ്കോട്ട അന്തർസംസ്ഥാന പാതയോരത്ത് വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്ത സംഭവത്തിൽ കേന്ദ്ര ഇന്റലിജൻസ് ഇടപെട്ടു. കുളത്തൂപുഴയിലും പരിസര പ്രദേശങ്ങളിലും ഇന്ന് പരിശോധന തുടരും. ബോബ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. കുളത്തൂപുഴയിലേക്ക് ദേശീയ അന്വേഷണ ഏജൻസിയുടെ സംഘം ഉടൻ എത്തിയേക്കും.

വെടിയുണ്ടകളിൽ ഒരെണ്ണത്തിൽ പി.ഒ.എഫ് (പാകിസ്ഥാൻ ഓർഡനൻസ് ഫാക്ടറി) എന്നു രേഖപ്പെടുത്തിയിരിക്കുന്നത് അതീവ ഗുരുതരമാണെന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഐ.ഒ.എഫ് ( ഇന്ത്യൻ ഓർഡനൻസ് ഫാക്ടറി) എന്നാണ്
ഇന്ത്യൻ സേനകൾ ഉപയോഗിക്കുന്ന തിരകളിൽ രേഖപ്പെടുത്തുന്നത്.

കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപാലത്തിന് സമീപം ഹൈവേ നിർമ്മാണത്തിനായി എടുത്തിട്ട മണ്ണിനുമുകളിൽ നിന്ന് 14 വെടിയുണ്ടകൾ ഇന്നലെ വൈകീട്ടോടെ കണ്ടെത്തിയിരുന്നു. മടത്തറ സ്വദേശിയായ ടിപ്പർ ലോറി ജീവനക്കാൻ ജോഷിയാണ് പത്രക്കടലാസിൽ പൊതിഞ്ഞ നിലയിലുള്ള കവർ ആദ്യം കണ്ടത്. തുറന്ന് പരിശോധിച്ചപ്പോൾ വെടിയുണ്ടകളാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.മാലപോലെ കവറിൽ നിറച്ച 12 തിരകളും കവറിൽ നിന്ന് വേർപെട്ട നിലയിൽ രണ്ട് തിരയുമാണ് കണ്ടെടുത്തത്.