ദുബായ്: 'എനിക്കറിയാം എന്റെ ശരീരത്തിൽ ഒരു കുഞ്ഞുവാവയുണ്ടെന്ന്. അത് ദേവിശ്രീയുടെ കിഡ്നിയാണ്' ഏഴുവയസുകാരൻ ആദം കീർത്തിയോട് പറഞ്ഞതാണ് ഈ വാക്കുകൾ. റാസൽഖൈമയിൽ ഡോക്ടറായ കോഴഞ്ചേരി മലയാറ്റ് ദീപക് ജോൺ ജേക്കബിന്റെയും കോട്ടയം ഈരക്കടവ് മാടവന വീട്ടിൽ ഡോ.ദിവ്യ സേറ ഏബ്രഹാമിന്റെയും മൂന്നു മക്കളിൽ രണ്ടാമത്തെ ആളാണ് ആദം. അവനിന്ന് ആരോഗ്യത്തോടെ ജീവിക്കാൻ കാരണം ദേവിശ്രീ എന്ന കുഞ്ഞുവാവയും, അവളുടെ അച്ഛൻ അരുണും അമ്മ കീർത്തിയുമാണ്.
ആറാം ജന്മദിനം ആഘോഷിച്ച ശേഷം ലോകത്തോട് വിടപറഞ്ഞതാണ് ആ കുഞ്ഞുമാലാഖ. ദേവിശ്രീയിൽ രോഗലക്ഷണം കണ്ടുതുടങ്ങിയത് കഴിഞ്ഞ വർഷം ആദ്യമാണ്. ആറാം ജന്മദിനത്തിന്റെയന്ന് മസ്തിഷ്ക മരണം സംഭവിച്ചു. ഏകമകളുടെ വിയോഗം അരുണിനും കീർത്തിക്കും താങ്ങാവുന്നതിലുമപ്പുറമായിരുന്നു. എന്നാലും അവളിനിയും ജീവിക്കണമെന്ന തീരുമാനം അവരെടുക്കുകയായിരുന്നു.
മകളുടെ രണ്ടു വൃക്കകളും കരളുമാണ് മൂന്ന് പേർക്കായി ഇവർ നൽകിയത്. ആദമിനാണ് ഒരു വൃക്ക നൽകിയത്. ഒമ്പതാം മാസം മുതൽ കിഡ്നി രോഗ ബാധിതനായിരുന്ന ആദത്തിന് പുതു ജീവിതമാണ് ലഭിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളൊക്കെ അദത്തിന് അറിയുകയും ചെയ്യാം. ദേവിശ്രീയുടെ അച്ഛനമ്മമാരെ കണ്ട അവൻ അവരോട് നന്ദി അറിയിക്കുകയും ചെയ്തു. കൂടാതെ കരഞ്ഞുകൊണ്ടിരിക്കുന്ന കീർത്തിയുടെ നെറുകയിൽ ഒരു സ്‌നേഹ ചുംബനം നൽകാനും അവൻ മറന്നില്ല. പക്വതയോടെയാണ് ആദം സംസാരിച്ചതെന്നും അത് അദ്ഭുതപ്പെടുത്തിയെന്നും അരുൺ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.