ദിവസങ്ങൾക്ക് മുമ്പാണ് നെഞ്ച് വേദനയെത്തുടർന്ന് ആശുപത്രിയിൽ പോകുന്നതിനിടെ വീട്ടമ്മയെ ഊബർ ഡ്രൈവർ വഴിയിൽ ഇറക്കിവിട്ടുവെന്ന ആരോപണമുണ്ടായത്. ഇപ്പോഴിതാ സമാനരീതിയിൽ ഊബർ ഡ്രൈവറിൽ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. അമ്മ സിന്ദു കൃഷ്ണകുമാറിനൊപ്പം ഷോപ്പിംഗ് മാളിൽ നിന്ന് തിരിച്ച് പോകുമ്പോഴാണ് ഊബർ വിളിച്ചത്.
കാറിൽ കയറിയപ്പോൾ പെയ്മെന്റ് കാർഡാണോ കാശാണോ എന്ന് ചോദിച്ചായിരുന്നു തുടക്കം. കാർഡാണെന്ന് പറഞ്ഞപ്പോൾ ക്യാഷ് വേണമെന്ന് ആജ്ഞാപിക്കുകയായിരുന്നു അയാൾ. ഊബറിൽ കാർഡ് എന്ന ഓപ്ഷനുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ ഇത് ഊബറിന്റെയല്ല എന്റെ വണ്ടിയാണെന്നായിരുന്നു മറുപടി. തുടർന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടെന്ന് അഹാന കൃഷ്ണ ഒരു വീഡിയോയിൽ പറയുന്നു.
'ഇറങ്ങുമ്പോൾ കാറിന്റെ നമ്പറിന്റെ ഫോട്ടോയെടുക്കാൻ അമ്മ പറഞ്ഞു. ഇതു കേട്ടയുടൻ അയാൾ എന്നാൽ കേറ് ഞാൻ കൊണ്ടുവിടാമെന്ന് പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി. മറ്റൊരു ഊബർ ബുക്ക് ചെയ്ത് കാത്തിരിക്കുമ്പോൾ അയാൾ വീണ്ടും വന്ന് നിർബന്ധിച്ചു.'-അഹാന പറഞ്ഞു. അതേസമയം പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും താരം വ്യക്തമാക്കി. വിൻസെന്റ് എന്ന പേരുള്ള ഡ്രൈവറുടെ വണ്ടി ബുക്ക് ചെയ്ത സ്ക്രീൻഷോട്ടും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.