തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ പി.എസ്.സി പരിശീലന സെന്ററുകളിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടിൽ അന്വേഷണം ആരംഭിച്ച് സംസ്ഥാന വിജിലൻസ് വിഭാഗം. തലസ്ഥാനത്തുള്ള മൂന്ന് സ്ഥാപനങ്ങളെ കുറിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുക. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാലിന് പി.എസ്.സി സെക്രട്ടറി കത്ത് നൽകിയിരുന്നു. ഈ കത്ത് പൊതുഭരണ വകുപ്പ് സെക്രട്ടറി വിജിലൻസിന് കൈമാറുകയും ചെയ്തിരുന്നു.
സർക്കാർ സർവീസിലിരുന്ന് പി.എസ്.സി കോച്ചിംഗ് സെന്റർ നടത്തുന്ന ഉദ്യോഗസ്ഥർ ചോദ്യപ്പേപ്പർ ചോർത്തി പരീക്ഷാ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയിൽ അന്വേഷണം നടക്കുമെന്ന് വാർത്തകൾ വന്നിരുന്നു. സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിലെ അസിസ്റ്റന്റ് തസ്തികയിൽ ജോലിനോക്കുന്ന രണ്ടു പേർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ ഇരുവരും രണ്ട് കോച്ചിംഗ് സെന്ററുകൾ നടത്തുന്നുണ്ട്.
ഈ രണ്ടു സ്ഥാപനങ്ങളേയും മേധാവികളേയും പരാർശിച്ചുകൊണ്ട് ഒരുകൂട്ടം ഉദ്യോഗാർത്ഥികൾ പി.എസ്.സി ചെയർമാന് നൽകിയ പരാതിയിന്മേലാണ് അന്വേഷണം. പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോപണ വിധേയാരായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്ന ശുപാർശ ഈ മാസം ആദ്യവാരം പി.എസ്.സി സെക്രട്ടറി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് നൽകിയത്.
പി.എസ്.സിയുടെ ചോദ്യപേപ്പർ കൈകാര്യം ചെയ്യുന്ന രഹസ്യ സ്വഭാവമുള്ള സെക്ഷനുകളിൽ ജോലി ചെയ്യുന്നവരുമായി കോച്ചിംഗ് സെന്ററുകൾ നടത്തുന്ന പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നാണ് ഒരു കൂട്ടം ഉദ്യോഗാർത്ഥികളുടെ പരാതി. ആരോപണ വിധേയർ ചോദ്യപേപ്പർ കൈകാര്യം ചെയ്യുന്ന സെക്ഷനുകളിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. വഴങ്ങാത്തവരെ കാലക്രമേണ തങ്ങളുടെ വരുതിയിലാക്കും. സെക്രട്ടേറിയറ്റിലെ സ്വാധീനമാണ് ഇവർ ഇതിനായി ഉപയോഗിക്കുന്നതെന്നും പരാതിയിൽ പറയുന്നു.