kafeel-khan

ലഖ്‌നൗ: ഡോക്ടർ കഫീൽ ഖാന്റെ അമ്മാവൻ വെടിയേറ്റ് മരിച്ചു. നസ‌റുള്ളള്ള അഹമ്മദ് വാർസിയെന്ന അമ്പത്തഞ്ചുകാരനാണ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഗോരഖ്പൂരിലെ വീടിന് സമീപമാണ് സംഭവം. സ്വത്ത് തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി അയൽവീട്ടിൽ​ നിന്ന് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെയാണ് നസറുള്ളയ്ക്ക് വെടിയേറ്റത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ പരാതിയിൽ അനിൽ സൊങ്കാർ,​ഇമ്മാവുദ്ദീൻ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കഫീൽ ഖാനെതിരെ നേരത്തെ ദേശീയ സുരക്ഷ നിയമം ചുമത്തിയിരുന്നു.