daughter
facebook/gmb akash

ആവശ്യത്തിനും ആവശ്യത്തിലധികവും വസ്ത്രങ്ങൾ കൈയിൽ ഉണ്ടെങ്കിലും ഒന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ നല്ല ഡ്രസ്സില്ല എന്ന് പറഞ്ഞുകൊണ്ട് വിഷമിക്കുന്നവരാണ് നമ്മളിൽ പലരും. ഇനി നല്ല വസ്ത്രം ഇല്ലെങ്കിൽ തന്നെ അടുത്തുള്ള മാളിൽ പോയി വേണ്ടതിൽ അധികം വസ്ത്രങ്ങൾ വൻ തുകകൾ നൽകികൊണ്ട് വാങ്ങിവരാൻ നമ്മുക്ക് അധികമൊന്നും ബുദ്ധിമുട്ടേണ്ടി വരില്ല.

എന്നാൽ സ്വന്തം മകൾക്ക് ഒരു കുഞ്ഞുടുപ്പ് വാങ്ങുന്നതിനായി വർഷങ്ങൾ കാത്തിരിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനയൊരു അച്ഛനാണ് യാചകനായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന കൗസർ ഹുസൈൻ. തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ മകൾക്കായി ഒരു ഉടുപ്പ് വാങ്ങുന്നതിനായി രണ്ടു വർഷമാണ് ഈ അച്ഛന് കാത്തിരിക്കേണ്ടി വന്നത്. ഒരു അപകടത്തിൽ വലതുകൈ നഷ്ടപ്പെട്ട കൗസർ കുടുംബത്തെ പോറ്റുന്നതിനായാണ് ഭിക്ഷ യാചിക്കാൻ ആരംഭിച്ചത്.

ഒരിക്കൽ മകൾ ആവശ്യപ്പെട്ടതനുസരിച്ച് ഒരു ഉടുപ്പ് വാങ്ങാൻ വേണ്ടി കൗസർ നാണയ തുട്ടുകളുമായി ഒരു വസ്ത്രശാലയിൽ കയറി. കൗസറിന്റെ രൂപം കണ്ട കടയുടമ ഇദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്ന മകളെയും കടയിൽ നിന്നും പുറത്താക്കുകയാണ് ചെയ്തത്. ഈ അപമാനഭാരം മകൾക്ക് ഒരു ഉടുപ്പ് വാങ്ങുകയെന്ന നിശ്ചയദാർട്യത്തിലേക്ക് കൗസറിനെ കൊണ്ടുചെന്നെത്തിക്കുകയായിരുന്നു.

ഒടുവിൽ രണ്ടു വർഷം കൊണ്ട് ഭിക്ഷാടനം നടത്തി താൻ സമ്പാദിച്ച പണം കൊണ്ട് മകൾക്ക് ഒരു ഉടുപ്പ് കൗസർ ഹുസൈൻ വാങ്ങിച്ച് നൽകുക തന്നെ ചെയ്തു. അതിമനോഹരമായ മഞ്ഞനിറമുള്ള ഒരു ഉടുപ്പാണ് മക്കൾക്കുവേണ്ടി കൗസർ വാങ്ങിയത്. കൗസറും മഞ്ഞ വസ്ത്രമുടുത്ത മകളും ഒന്നിച്ച് നിൽക്കുന്ന ചിത്രം ഫോട്ടോഗ്രാഫറായ ജി.എം.ബി ആകാശ് പകർത്തിയിരുന്നു. ഏതാനും മണികൂറുകൾ കൊണ്ടാണ് ഹൃദയഹാരിയായ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്.