ബംഗളുരു: കൊല്ലത്ത് കുളത്തൂപ്പുഴയിൽ പാകിസ്ഥാൻ നിർമിത വെടിയുണ്ടകൾ കണ്ടെത്തിയ സാഹചര്യത്തിൽ പ്രതികരണവുമായി കർണാടകത്തിലെ ബി.ജെ.പി നേതാവും എം.പിയുമായ ശോഭ കരന്ദ്‌ലജെ. കേരള സംസ്ഥാനം തീവ്രവാദത്തിന്റെ ഫാക്ടറിയാണെന്നും കേരളത്തിലെ സർക്കാരിനെ പിരിച്ചു വിട്ടുകൊണ്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നുമാണ് ശോഭ കരന്ദ്‌ലജെ പറഞ്ഞത്.
ട്വിറ്ററിലൂടെയാണ് ഇവർ ഈ പ്രതികരണവുമായി രംഗത്ത് വന്നത്. 'പൊലീസ് ആർമറിയിൽ നിന്നും വെടിയുണ്ടകളും തോക്കുകളും കാണാതാകുന്നു, പൗരത്വ നിയമഭേദഗതിയുടെ പേരിൽ ഹിന്ദുക്കൾ വേട്ടയാടപ്പെടുന്നു, കൊല്ലത്തുനിന്നും പാകിസ്ഥാൻ നിർമിത ബുള്ളറ്റുകൾ കണ്ടെടുത്തു.' ഇങ്ങനെ പോകുന്നു ബി.ജെ.പി എം.പിയുടെ ട്വീറ്റ്. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നും ട്വീറ്റിലൂടെ ഇവർ ആവശ്യപ്പെടുന്നുണ്ട്.
Kerala has becme a terror factory?!
• Bullets&Rifles were found missing from Police armoury
• Hindus facing persecution, for supporting #CAA2019
• Now, Pakistan made bullets found in Kollam!
It's high time Kerela needs to come under President rule, resign @vijayanpinarayi! https://t.co/fV9nSNp48x— Shobha Karandlaje (@ShobhaBJP) February 23, 2020
കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപാലത്തിന് സമീപം ഹൈവേ നിർമ്മാണത്തിനായി എടുത്തിട്ട മണ്ണിനുമുകളിൽ നിന്ന് 14 വെടിയുണ്ടകൾ ഇന്നലെ വൈകീട്ടോടെ കണ്ടെത്തിയിരുന്നു. മടത്തറ സ്വദേശിയായ ടിപ്പർ ലോറി ജീവനക്കാൻ ജോഷിയാണ് പത്രക്കടലാസിൽ പൊതിഞ്ഞ നിലയിലുള്ള കവർ ആദ്യം കണ്ടത്. തുറന്ന് പരിശോധിച്ചപ്പോൾ വെടിയുണ്ടകളാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.മാലപോലെ കവറിൽ നിറച്ച 12 തിരകളും കവറിൽ നിന്ന് വേർപെട്ട നിലയിൽ രണ്ട് തിരയുമാണ് കണ്ടെടുത്തത്.