നമ്മുടെ സമൂഹത്തിൽ ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്ന നിരവധിയാളുകൾ ഉണ്ട്. അവരുടെ ഉറ്റവർ അനുഭവിക്കുന്ന പ്രയാസങ്ങൾ എത്രത്തോളമായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും സമൂഹത്തിന്റെ മുന്നിൽ അവർ പരിഹസിക്കപ്പെടാറുമുണ്ട്. അത്തരത്തിൽ പ്രയാസമനുഭവിക്കുന്ന അമ്മമാരെക്കുറിച്ച് കൗൺസിലിംഗ് സൈക്കോളജിസ്റ്റ് കലാ മോഹൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കുറെ വർഷം മുന്പ്, ഒരു വീട്ടിൽ പോയി..
അവിടെ മൂന്ന് ജീവനുകൾ ഉണ്ടായിരുന്നു..
ഒന്ന്, ഒരു അസുഖത്തോടെ ചലനശേഷി നശിച്ച അച്ഛൻ..
മനസികാവളർച്ച ഇല്ലാത്ത യുവാവായ മകൻ..
ഇവരുടെ ഇടയിൽ ഓടി നടക്കുന്ന ഒരു സ്ത്രീ.. ആ രണ്ടു ആണുങ്ങളുടെ ഭാര്യയും അമ്മയും ആയവൾ..
എന്റെ കൂടെ വന്നത് അവരുടെ ബന്ധുവായ, പണക്കാരനായ ഒരാളാണ്..
അദ്ദേഹം കനത്ത നോട്ടുകെട്ടുകൾ പൊങ്ങച്ചത്തോടെ കാണിച്ചു കൊണ്ട് ആ ഭാര്യയുടെ പക്കൽ കൊടുക്കാൻ എന്നോട് പറഞ്ഞു..
ഞാൻ അവരുടെ കണ്ണുകളിൽ കണ്ടത് മരവിച്ച ഭാവം മാത്രമായിരുന്നു.
ഇതേ പോൽ ഒരുപാട് പേരുണ്ടാകാം, വല്ലപ്പോഴും എത്തി, പണം നൽകി പോകുന്നവർ..
കസേരയിൽ തളർന്ന ശരീരത്തോടെ ഇരിക്കുന്ന ആണിന്റെ കണ്ണിൽ സൗജന്യം പറ്റുന്നതിന്റെ ഒരു ദുരഭിമാനം മിന്നിമാഞ്ഞു..
അദ്ദേഹം പണ്ട്, വളരെ വലിയ ഉദ്യോഗത്തിൽ ഇരുന്ന ആളാണെന്ന് കേട്ടിട്ടുണ്ട്..
ഇടയ്ക്ക് ഇങ്ങനെ കൊണ്ട് കൊടുക്കാൻ ഒരു കുടുംബ കൂട്ടായ്മ ഉണ്ടാക്കണം..
പൈസ കൊടുത്ത മനുഷ്യൻ പറഞ്ഞു..
കൂട്ടായ്മയിൽ അവരെ വിളിച്ചു വരുത്തി കൊടുക്കുന്ന കാശ് ഉയർത്തി കാണിച്ചു ഒരു പബ്ലിസിറ്റി കൂടി ചേർത്ത് വെച്ചു മാഗസിൻ പുറത്തിറക്കാൻ ആകുമോ എന്ന് ഞാൻ ഭയന്നു..
ആഘോഷത്തിന് വേണമെങ്കിൽ ഒരു സെലിബ്രിറ്റിയും കൂട്ടും..
വെറുതെ അങ്ങനെ പരസ്പരം നോക്കി നിൽക്കവേ,
ഞാൻ പിന്തിരിഞ്ഞു നിന്ന വാതിൽ മെല്ലെ അകന്നു..
യുവാവായ മകൻ നഗ്നനായി കിടക്കുന്നു.
എന്തൊക്കെയോ പിറുപുറുക്കുന്നു..
അമ്മേ എന്ന് പരുക്കൻ ശബ്ദത്തിൽ വിളിച്ചു കൊണ്ട് ആസ്‌പഷ്‌ടമായി എന്തൊക്കെയോ പുലമ്പി..
എന്റെ കണ്ണിലെ ഞാൻ ഒളിപ്പിച്ചു വെയ്ക്കാൻ ശ്രമിച്ച ഭീതി, ആ സ്ത്രീ നോക്കുന്നത് കണ്ടു..
അവർ യാതൊന്നും മിണ്ടാതെ അതേ ഭാവത്തോടെ മകനോട് എന്താണ് ആവശ്യം എന്ന് തിരക്കി അങ്ങോട്ട് ചെന്നു..
ഞാൻ അവിടെ നിന്നും ഇറങ്ങുമ്പോൾ, തിരിച്ചു വീട്ടിൽ എത്തുമ്പോൾ ഒക്കെയും ആ പയ്യന്റെ അവസ്ഥ ഓർത്തു..
അവന്റെ അമ്മയുടെയും..
ശരീരം കൊണ്ട് പൂർണ്ണമായും പുരുഷനാണ്..
അവനിൽ ലൈംഗിക ഹോർമോൺ വളർച്ച എത്തിക്കഴിഞ്ഞു..
അതെങ്ങനെ സംസ്കാര പട്ടുടുത്ത് കൊണ്ട് പോകണമെന്ന് അവനറിയില്ല..
അവനെ അതിനു പ്രാപ്തനാക്കാൻ ആ അമ്മ മാത്രമേ ഉള്ളു..
തളർന്നു പോയ ശരീരവുമായി മല്ലിടുന്ന ഭാര്തതാവും അവരുടെ ചിറകിൻ അടിയിലാണ്..
മകൾ ആയിരുന്നു എങ്കിൽ അവർക്ക് കുറെ കൂടെ എളുപ്പത്തിൽ ആ അവസ്ഥ കൈകാര്യം ചെയ്യാമായിരുന്നു എന്ന് പോലും ഓർത്തു...
ഞാൻ കണ്ട അവന്റെ ഭാവവും വളർച്ചയിൽ എത്തിയ ശരീരവും, വാക്കുകളിലെ അസ്വസ്ഥതയും ഒക്കെ എന്നെ ആശങ്കപെടുത്തി..
അവരിൽ ആരാകും ആദ്യം മരണപ്പെടുക?
ആ പയ്യൻ ഒറ്റപെടുക ആണെങ്കിൽ അവനെ ഏറ്റെടുക്കാൻ ഒരാൾ ഉണ്ടാകുമോ?
ഞാൻ ഈ ചിന്തിക്കുന്ന പോൽ ഒന്നും ആ സ്ത്രീ ചിന്തിക്കുന്നുണ്ടാകില്ല..
അവരുടെ ചിരിയിലും കണ്ണിലും കണ്ട വരണ്ട ഭാവം എന്നെ അവരോടു കൂടുതൽ സംസാരിക്കുന്നതിൽ നിന്നും അകറ്റി നിർത്തി..
ഇത്തരം അവസ്ഥയിൽ ഉള്ള ആളുകളെ കൊണ്ട് പോകാൻ സർക്കാർ സംവിധാങ്ങൾ ഉണ്ട്..
പക്ഷെ അതൊന്നും തന്നെയും പലപ്പോഴും സംതൃപ്തി തരുന്നില്ല എന്ന കേട്ടറിവാണു..
അറിയാവുന്ന ഒരു ഡോക്ടർ ഉണ്ട്..
വളരെ പ്രഗത്ഭൻ..
അദ്ദേഹത്തിന്റെ നാല് മക്കളും ഓട്ടിസം ബാധിച്ചവർ..
കണ്ണിൽ ചോരയില്ലത്ത മിടുക്കൻ ആയ ഡോക്ടർ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്..
കിട്ടേണ്ടത് മുന്നില് എത്ര എത്തുന്നു അത്രയും രോഗിക്ക് നല്ല ചികിത്സ !
അദ്ദേഹത്തിന്റെ ആ മാനഭാവത്തോടു യോജിച്ചു പോകുന്നു.
ആ നാല് മക്കളുടെ നാളേയ്ക്ക് വേണ്ടി എന്തെങ്കിലും അദ്ദേഹം കരുതട്ടെ..
കാശുണ്ടേൽ എന്തെങ്കിലും, ആരെങ്കിലും ഉപകരിച്ചാലോ..
ഇന്ന് ഫേസ് ബുക്കിൽ,
ഓട്ടിസം ബാധിച്ച ഒരു ആൺകുട്ടിയുടെ അമ്മ അവരുടെ അവസ്ഥ കുറിച്ചിട്ടപ്പോൾ,
വളരെ ദാർഷ്ട്യത്തോടെ പലരും തെറിയും ലൈംഗിക വൈകല്യവും കലർത്തി കമന്റ്സ് ഇട്ടേക്കുന്നു..
ആ സ്ത്രീ അതിനെ പുല്ല് പോലെ അവഗണിച്ചു കൊണ്ട് നീങ്ങുന്നു.. അവരുടെ മകനും ഏറെ താമസിക്കാതെ യുവാവാകും.. അവനിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ അവരെങ്ങനെ നേരിടും എന്ന് ഞാൻ ഓർത്തു..
പറ്റും, അവരത് ചങ്കുറ്റത്തോടെ നേരിടും..
എനിക്കു എന്തോ ഒരുറപ്പ്..
പേരമ്പ് എന്ന സിനിമയിൽ,
മകൾക്കു വേണ്ടി ആൺവേശ്യയെ തിരക്കി പോകുന്ന രംഗമുണ്ട്..
നമ്മുടെ ഇടയിൽ അമ്മമാരുണ്ട്..
ആണ്മക്കളുടെ ഇത്തരം അവസ്ഥയുമായി പൊരുതുന്നവർ..
അവന് അസുഖം മറ്റേതാണ്, കൊണ്ടുപോയി പൂട്ടി ഇടൂ എന്ന് ആക്രോശിക്കാൻ മാത്രമേ അന്നേരം സമൂഹം ഉണരൂ..
അല്ലേൽ അവർ സദാചാര കമ്മിറ്റിയിൽ നിന്നും പുറത്തായാലോ..
അവനെ ആ അമ്മ കൊന്ന് കളഞ്ഞാൽ ഉണരും..
മാതൃത്വം, പിതൃത്വം തേങ്ങാക്കൊല..
ഇങ്ങു തന്നോടായിരുന്നോ എന്നൊരു ഗദ്ഗദവും..
അടുത്തൊന്നു പോയി ഇരിക്കാൻ പറ്റുമായിരുന്നോ അല്പ നേരമെങ്കിലും?
ശാരീരിക വളർച്ച, ലൈംഗിക ഹോർമോൺ അങ്ങേയറ്റം,
എന്നാൽ ബുദ്ധി വളർച്ചയില്ല...
അവനെ ചൂഷണം ചെയ്യാൻ ആണുങ്ങളേക്കാൾ പെണ്ണുങ്ങൾ ഉണ്ടാകും..
ഒരിക്കൽ എത്തിയ ഒരു കേസ് ഉണ്ട്..
കൗമാരപ്രായത്തിൽ എത്താൻ ആയ മകന് യൂറിനറി ഇൻഫെക്ഷൻ ആയി കൊണ്ട് പോയപ്പോൾ,
ആ നാട്ടിലെ ഏറ്റവും കുലസ്ത്രീ ആയ സ്ത്രീയുടെ കഥ പുറത്തു വന്നു...
അവരുടെ അടിച്ചമർത്തപ്പെട്ട ലൈംഗിക ദാഹം ആയിരുന്നു ആ കുട്ടിയുടെ യൂറിനറി ഇൻഫെക്ഷൻ എന്ന അവസ്ഥയുടെ വില്ലൻ..
നിരന്തരം ദുരിതങ്ങൾ ഏറ്റു വാങ്ങി ജീവിച്ച ഒരാളെ പണ്ടൊക്കെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് ..
ആഗ്രഹിച്ചു മോഹിച്ചു കെട്ടിയ പെണ്ണിന് വിവാഹത്തിന്റെ അന്ന് രാത്രിയിൽ വന്ന പനിയിൽ ശരീരം തളർന്നു..
ഒരു വിധം ഭേദമായെങ്കിലും പൂർണ്ണആരോഗ്യം ഇല്ല..
അതിനിടയിൽ ഉണ്ടായ പെൺകുട്ടി കൗമാരം മുതൽ മാനസിക വിഭ്രാന്തി കാണിച്ചു തുടങ്ങി..
ചില കുടുംബ കൂട്ടായ്മകളിൽ ഒക്കെ വേച്ച് വേച്ച് നടന്നെത്തുന്ന ആ ആളിനെ ഞാൻ ഇപ്പോഴും ഓർക്കാറുണ്ട്..
എവിടെയെങ്കിലും ഒരു പൊട്ടു വെളിച്ചം എന്നെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷ അവരിൽ ഇല്ല...
മരിച്ചു ജീവിക്കുന്ന കുറെ പേര്...
ജീവിതം വല്ലാതെ പരീക്ഷണം നടത്തുമ്പോൾ ഒക്കെ ഞാൻ ഇവരെ ഓർക്കും...
തന്നിട്ടുള്ള സൗഭാഗ്യം എത്രെയോ മേലെയാണ് ഈശ്വരാ എന്ന് നന്ദി ചൊല്ലും..
അവരും പിടിച്ചു നിൽക്കുന്നില്ലേ.. എവിടെയൊക്കെയോ അവർക്ക് അതിനൊരു ശക്തി കിട്ടുന്നില്ലേ..
അതിനും ഈശ്വരാ, നിനക്ക് നന്ദി..
തന്നോളൂ പരീക്ഷണങ്ങൾ..
പക്ഷെ അതിനെനേരിടാനും അതിജീവിക്കാനും എന്റെ ഒപ്പം ഉണ്ടാകണേ,
എന്നൊരു പ്രാർത്ഥന തന്നെയാകും അവരും ചൊല്ലുക.