
തിരുവനന്തപുറം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ തമ്പാനൂരിലുള്ള കോച്ചിംഗ് സെന്ററുകളിൽ പരിശോധന നടത്തി വിജിലൻസ്. പരിശോധന ആരംഭിച്ച സമയത്ത് കോച്ചിംഗ് സെന്ററുകളിൽ ഒന്നിൽ ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുകയായിരുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടിയിട്ടുണ്ട്. എന്നാൽ ആവശ്യമുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം ഇയാളെ വിജിലൻസ് ഉദ്യോഗസ്ഥർ വിട്ടയച്ചു.
അതേസമയം സ്ഥാപനങ്ങളിൽ നിന്നും പ്രധാനപ്പെട്ട രേഖകൾ മാറ്റിയതായും വിജിലൻസ് സംശയിക്കുന്നുണ്ട്. ഫീസ് ബുക്ക്, അദ്ധ്യാപക ശമ്പള രജിസ്റ്റർ എന്നിവയാണ് കോച്ചിംഗ് സെന്ററുകളിലെ ജീവനക്കാർ മാറ്റിയതായി വിജിലൻസ് സംശയിക്കുന്നത്. പരിശീലന കേന്ദ്രങ്ങളിൽ ഒന്ന് ഷിജു എന്ന പേരിലുള്ള സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. മറ്റൊന്ന്, രഞ്ജൻ എന്ന് പേരുള്ളയാളുടെ മൂന്ന് സുഹൃത്തുക്കളുടെ പേരിലുമാണ്.
അതേസമയം ഉദ്യോഗസ്ഥരുടെ പേരിലുള്ള പരിശീലന കേന്ദ്രങ്ങൾ ചട്ടം ലംഘിച്ചിട്ടുണ്ടന്ന് പി.എസ്.സി ചെയർമാനായ എം.കെ സക്കീർ അറിയിച്ചു. ഒരു സ്വകാര്യ വാർത്താ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സർക്കാർ ഈ വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും പി.എസ്.സിയും ഇക്കാര്യം അന്വേഷിക്കുമെന്നും എം.കെ സക്കീർ പറഞ്ഞു. കോച്ചിംഗ് സെന്ററുകളുമായി പി.എസ്.സിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ പി.എസ്.സി പരിശീലന സെന്ററുകളിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടിൽ സംസ്ഥാന വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിരുന്നു. തലസ്ഥാനത്തുള്ള മൂന്ന് സ്ഥാപനങ്ങളെ കുറിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാലിന് പി.എസ്.സി സെക്രട്ടറി കത്ത് നൽകിയിരുന്നു.
ഈ കത്ത് പൊതുഭരണ വകുപ്പ് സെക്രട്ടറി വിജിലൻസിന് കൈമാറുകയും ചെയ്തിരുന്നു. പി.എസ്.സിയുടെ ചോദ്യപേപ്പർ കൈകാര്യം ചെയ്യുന്ന രഹസ്യ സ്വഭാവമുള്ള സെക്ഷനുകളിൽ ജോലി ചെയ്യുന്നവരുമായി കോച്ചിംഗ് സെന്ററുകൾ നടത്തുന്ന പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നായിരുന്നു കത്തിലെ ആരോപണം.