ലക്‌നൗ: രാജ്യത്തെ സ്ത്രീകളെ 'ഗർഭ സംസ്കാരം' പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ച ആദ്യ സർവകലാശാല എന്ന 'ഖ്യാതി' ലക്‌നൗ സർവ്വകലാശാലയെ തേടിയെത്തി. ഈ അക്കാദമിക വർഷം തൊട്ടാണ് സർവകലാശാല ഈ വിഷയത്തിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഈ വിഷയത്തിൽ ഒരു സർവകലാശാല കോഴ്‌സുകൾ നടത്തുന്നത്. മാതൃത്വം, ഗർഭിണികളായ സ്ത്രീകൾ ധരിക്കേണ്ടതും ഭക്ഷിക്കേണ്ടതും എന്തൊക്കെയാണ്, ഗർഭ സമയത്ത് ഏതൊക്കെ തരം സംഗീതം ശ്രവിക്കണം, ഏതു രീതിയിൽ പെരുമാറണം, എന്നിങ്ങനെ 'അത്യന്തം പ്രധാനപ്പെട്ട' കാര്യങ്ങൾക്കാണ് ഈ കോഴ്‌സുകളിൽ സർവകലാശാല ഊന്നൽ നൽകിയിരിക്കുന്നത്.
പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും ഈ കോഴ്‌സുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം സർവകലാശാല നൽകുന്നുണ്ട് എന്നാണ് വിവരം. മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും ഉത്തർ പ്രദേശ് ഗവർണറും സർവകലാശാല ചാൻസലറുമായ ആനന്ദിബെൻ പട്ടേലാണ് 'വിപ്ലവകരമായ' ഈ തീരുമാനത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഭാവിയിൽ പെൺകുട്ടികൾ അമ്മമാർ ആകുമെന്നും അതിനാൽ അവർക്ക് വേണ്ടവണ്ണമുള്ള പരിശീലനം നൽകണമെന്നും കണ്ടാണ് ആനന്ദിബെൻ ഈ തീരുമാനത്തിലേക്ക് എത്തിച്ചേരുന്നത്.
കഴിഞ്ഞ വർഷം സർവകലാശാലയിൽ നടന്ന ഒരു ബിരുദദാന ചടങ്ങിൽ ഇക്കാര്യം സംബന്ധിച്ചുള്ള ഒരു മഹാഭാരത കഥയെക്കുറിച്ചും വിദ്യാർത്ഥികളോട് ആനന്ദിബെൻ സംസാരിച്ചിരുന്നു. ഗർഭസ്ഥ ശിശുവായിരുന്ന അഭിമന്യു അമ്മയുടെ ഗർഭപാത്രത്തിൽ കിടന്നുകൊണ്ടുതന്നെ ആയുധ പരിശീലനം നേടിയതിനെ കുറിച്ചായിരുന്നു ഗവർണർ വിദ്യാർത്ഥികൾക്ക് 'ക്ലാസ്' നൽകിയത്. ഈ കോഴ്‌സുകൾ പ്രകാരം 16 മൂല്യങ്ങളെ കുറിച്ചാണ് വിദ്യാർത്ഥികൾ പഠിക്കുകയെന്ന് സർവകലാശാലാ വക്താവായ ദുർഗേഷ് ശ്രീവാസ്തവ പറയുന്നു. കോഴ്സിന്റെ ഭാഗമായി നിരവധി പരിശീലന കളരികളും ഉണ്ടാകുമെന്ന് ശ്രീവാസ്തവ അറിയിച്ചു.