shashi-tharoor

ന്യൂഡൽഹി: ഉത്തർ പ്രദേശിൽ സ്വർണം കണ്ടെത്തിയെന്നും ഇല്ലെന്നുമുള്ള വാദങ്ങൾ തകർത്ത് മുന്നേറവേ കേന്ദ്ര സർക്കാരിനെ കണക്കിന് പരിഹസിച്ച് കോൺഗ്രസ് എം.പി ശശി തരൂർ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് തരൂർ കേന്ദ്രത്തിനെതിരെ പരിഹാസം അഴിച്ചുവിട്ടത്.

'എന്തുകൊണ്ടാണ് നമ്മുടെ സർക്കാർ ടൺ-മൻ-ധൻ എന്നിവയോട് ഇത്രമേൽ ആവേശം കാണിക്കുന്നത്? ആദ്യം അഞ്ചു മില്യൺ ടൺ സമ്പദ്‌ വ്യവസ്ഥയെന്ന ആഭ്യന്തരമന്ത്രിയുടെ പരാമർശമായിരുന്നു. പിന്നെ ഉത്തർ പ്രദേശിൽ നിന്നും 3350 ടൺ സ്വർണശേഖരം കണ്ടെത്തിയെന്നും. അതാകട്ടെ 160 കിലോയായി ചുരുങ്ങുകയും ചെയ്തു. ഈ ടൺ ടണാ ടൺ വർത്തമാനം സർക്കാർ അൽപ്പംകുറയ്‌ക്കേണ്ട സമയമായിരിക്കുന്നു.' ശശി തരൂരിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

Why is our government so obsessed with tonne-mann-dhan? First it was the 5 million tonne economy from the HM. Then the 3350 tonne reserve gold from UP which turned out to be merely 160 kgs. The Govt must really tone down the tonne-tana-tonne talk a bit. https://t.co/OSVhJxxg0X

— Shashi Tharoor (@ShashiTharoor) February 23, 2020

മുൻപ് ഒരു ദേശീയമാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അഞ്ചു മില്യൺ ടണ്ണിലെത്തുമെന്ന് പൂർണവിശ്വാസമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സമ്പദ് വ്യവസ്ഥയുടെ വളർച്ച ഡോളറിന്റെ കണക്കിലാണ് സാധാരണ പറയുക. എന്നാൽ മന്ത്രിക്ക് നാവുപിഴ സംഭവിക്കുകയും ഡോളറിന് പകരം ടൺ എന്ന് ഉപയോഗിക്കുകയുമായിരുന്നു.

ഉത്തർ പ്രദേശിലെ സോൻഭദ്ര ജില്ലയിൽ മൂവായിരം ടൺ സ്വർണനിക്ഷേപം കണ്ടെത്തിയെന്ന യു.പി. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്റെ അവകാശവാദം ഇന്നലെ വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഒടുവിൽ അത് വെറും അവകാശവാദം മാത്രമാണെന്നും അത്രയും വലിയ അളവിൽ സോൻഭദ്രയിൽ സ്വർണനിക്ഷേപമില്ലെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എം.ഡി. ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.