തിരുവനന്തപുരം: വാളയാറിൽ രണ്ട് ബാലികമാർ കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് കത്തെഴുതി. ഇതുമായി ബന്ധപ്പെട്ട കേസുകളിലെ പൊലീസ് അന്വേഷണവും തുടർന്നുള്ള പ്രോസിക്യൂഷൻ നടപടികളും ആസൂത്രിതമായി അട്ടിമറിക്കപ്പെട്ടതിനെതിരെ ശക്തമായ പ്രതികരണമാണ് സമൂഹമദ്ധ്യേ ഉയർന്നത്.അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി എം.ജെ. സോജൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കുറ്റകരവും മനഃപൂർവവുമായ വീഴ്ചയാണ് വരുത്തിയത്. ആവശ്യമായ തെളിവുകൾ ശേഖരിക്കാതെയും യഥാർത്ഥ സാക്ഷികളെ കോടതിയിലെത്തിക്കുന്നതിൽ കള്ളക്കളി നടത്തിയും എത്തിയ സാക്ഷികളെ കൊണ്ട് പരസ്പര വിരുദ്ധമായി മൊഴി നൽകിപ്പിച്ചും പ്രതികളെ രക്ഷിക്കാനായി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ സംഘടിത ശ്രമങ്ങളും ഇതിനെല്ലാം കൂട്ടുനിന്ന പോസിക്യൂഷൻ നടപടികളും അധികാരികളുടെ ഗൂഢ നീക്കങ്ങളുമാണ് പ്രതികൾ രക്ഷപെടുന്നതിനുള്ള സാഹചര്യം ഒരുക്കിയത്.വാളയാർ ദളിത് പെൺകുട്ടികൾക്ക് നീതി വേണമെന്നാവശ്യപ്പെട്ട് 'ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം' നടത്തിവരുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും സുധീരൻ പറഞ്ഞു.