വാഷിംഗ്ടൺ: രണ്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനു പുറപ്പെടുന്നതിന് മണിക്കൂറുകൾക്കു മുമ്പ്, തന്നെ അമരേന്ദ്ര ബാഹുബലിയായി ചിത്രീകരിച്ച് മോർഫ് ചെയ്ത വീഡിയോ റീട്വീറ്റ് ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ബാഹുബലി-2 സിനിമയിലെ ‘ജിയോ രെ ബാഹുബലി’ ഗാനരംഗത്തിന്റെ മോർഫ് ചെയ്ത വീഡിയോയാണ് ട്രംപ് ട്വിറ്ററിൽ പങ്കുവച്ചത്.
നായക കഥാപാത്രമായ പ്രഭാസിന്റെ മുഖത്തിനു പകരം ട്രംപിന്റെ മുഖം മോർഫ് ചെയ്ത് ചേർത്തതാണ് വീഡിയോ. വാളുമായി ട്രംപ് യുദ്ധം ചെയ്യുന്നതും ആനപ്പുറത്ത് ചാടിക്കയറുന്നതുമെല്ലാം വീഡിയോയിലുണ്ട്.'ഇന്ത്യയിലെ മഹത്തായ സുഹൃത്തുക്കൾക്കൊപ്പം ചേരാൻ കാത്തിരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് 1.21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ട്രംപ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
ബാഹുബലിയിലെ ശിവകാമി ദേവിയായി ട്രംപിന്റെ ഭാര്യ മെലാനിയയും മകൾ ഇവാൻകയും, സൈന്യാധിപൻ കട്ടപ്പയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഭാര്യ യശോദ ബെന്നുമെല്ലാം മോർഫ് ചെയ്ത വീഡിയോയിലുണ്ട്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം 40,000 പേർ വീഡിയോ റീട്വീറ്റ് ചെയ്തു. 1.50 ലക്ഷത്തോളം പേർ ലൈക്ക് രേഖപ്പെടുത്തി.
ആയുഷ്‌മാൻ ഖുരാന നായകവേഷത്തിലെത്തിയ ബോളിവുഡ് റൊമാന്റിക്-കോമഡി ചിത്രം ശുഭ് മംഗൾ സ്യാധാ സാവ്ധാൻ മഹത്തരമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പുകഴ്ത്തിയിരുന്നു. സ്വവർഗ പ്രണയകഥ പറയുന്ന ചിത്രത്തെയാണ് അദ്ദേഹം മഹത്തരമെന്ന് വിശേഷിപ്പിച്ചത്. സന്ദർശനത്തിനു മുന്നോടിയായി ഇന്ത്യക്കാരെ കൈയിലെടുക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമാണത്രെ ഇതെല്ലാം.