caa-protest-

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ വടക്കുകിഴക്കൻ ഡൽഹിയിൽ നടക്കുന്ന സംഘർഷത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. പ്രക്ഷോഭം നടക്കുന്ന ജാഫറാബാദിന് സമീപമുള്ള മൗജ്പൂരിലാണ് സംഘർഷം ഉണ്ടായത്. ബി.ജെ.പിയുടെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ഒരു വിഭാഗം നടത്തിയ റാലിയാണ് സംഘർഷത്തിലേക്ക് നയിച്ചത്.

ഇരുവിഭാഗങ്ങളും പരസ്പരം കല്ലേറ് നടത്തിയതോടെ പൊലീസ് ഇവർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. പൊലീസും അർദ്ധ സൈനികവിഭാഗവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാഫറാബാദിൽ ശനിയാഴ്ച രാത്രിയാണ് പ്രക്ഷോഭം തുടങ്ങിയത്. നിയമ ഭേദഗതി പിൻവലിക്കണമെന്ന ആവശ്യപ്പെട്ട് 200 ഓളം സ്ത്രീകൾ ജാഫറാബാദ് മെട്രോ സ്‌റ്റേഷന് സമീപം രാത്രിയോടെയാണ് സമരം തുടങ്ങിയത്. കൂടുതൽ സ്ത്രീകളും കുട്ടികളും വൈകാതെ പ്രക്ഷോഭത്തിൽ അണിനിരന്നു. ഇതോടെ ജാഫ്രാബാദ് മെട്രോ സ്‌റ്റേഷൻ ഞായറാഴ്ച രാവിലെ താത്കാലികമായി അടച്ചിരുന്നു. ഇരുവിഭാഗവും കല്ലേറ് നടത്തുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ടു.

യുപിയിലെ അലിഗഢിലും സി.എ.എ വിരുദ്ധ പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസിനുനേരെ കല്ലേറ് ഉണ്ടായതിനെത്തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തേണ്ടി വന്നുവെന്നാണ് പൊലീസ് പറയുന്നത്.. സ്ഥലത്ത് ദ്രുതകർമ്മസേനയെ വിന്യസിച്ചു.