മുംബൈ: കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുന്ന മദ്ധ്യപ്രദേശിൽ പുതിയ മദ്യനയം പ്രഖ്യാപിച്ചു. 2020-21ലെ മദ്യനയമനുസരിച്ച് ജനങ്ങൾക്ക് ഇനി ഓൺലൈൻവഴിയും മദ്യംവാങ്ങാം. കൂടാതെ റവന്യു വരുമാനം കൂട്ടാനായി സംസ്ഥാനത്ത് 3000 മദ്യവില്പന ശാലകൾ കൂടി തുടങ്ങാനും സർക്കാർ തീരുമാനിച്ചു. 1,061 വിദേശ മദ്യവില്‍പന ശാലകളും 2,544 സ്വദേശ മദ്യവില്പന ശാലകളും തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഓൺലൈൻ വിതരണം നിരീക്ഷിക്കാൻ ഓരോ കുപ്പിക്കുമുകളിലും ഓരോ ബാർകോഡ് രേഖപ്പെടുത്തും. ഇ-ടെണ്ടർ ലേലം വഴിയായായിരിക്കും ഓൺലൈൻ മദ്യ വില്‍പനയുടെ നടപടികൾ . മധ്യപ്രദേശിലെ മുന്തിരി കർഷകരുടെ വരുമാനം കൂട്ടാനും പുതിയ എക്സൈസ് നയത്തിൽ പദ്ധതിയുണ്ട്. മുന്തിരിയിൽ നിന്ന് വീഞ്ഞ് നിർമിക്കാനുള്ള നടപടി തുടങ്ങും. ഈ വീഞ്ഞ് വില്‍പന നടത്താൻ മദ്ധ്യപ്രദേശിലെ 15 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഔട്ട്ലെറ്റുകൾ തുടങ്ങാനും പുതിയ എക്സൈസ് നയത്തിലുണ്ട്. പതിനായിരം രൂപയായിരിക്കും ഔട്ട്ലെറ്റിന്റെ ഒരു വർഷത്തേക്കുള്ള ഫീസ്.
എന്നാൽ സർക്കാരിന്റെ മദ്യനയത്തിനെതിരെ ബി..ജെ..പി രംഗത്തെത്തി. മദ്ധ്യപ്രദേശിനെ ഇറ്റലിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി എം.എൽ.എ രമേശ് മെംദോല പറഞ്ഞു. ഏറ്റവും കൂടുതൽ വൈന്‍ ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ രാഷ്ട്രമാണ് ഇറ്റലി. കമൽനാഥും രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് മദ്ധ്യപ്രദേശിനെ ഇറ്റലിയാക്കാനാണോ ശ്രമിക്കുന്നത്- രമേശ് ചോദിച്ചു.