bhageeradh-ammma-

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻ കി ബാത്തിൽ ഇന്നലെ താരമായത് പ്രാക്കുളത്തുകാരി ഭാഗീരഥി അമ്മ മുത്തശ്ശി.വയസ്സ് നൂറ്റിയഞ്ച്. ഈ പ്രായത്തിൽ നാലാം ക്ളാസ് തുല്യതാ പരീക്ഷ പാസായ ഭാഗീരഥി അമ്മ രാജ്യത്തിനു മുഴുവൻ പ്രചോദമാകട്ടെ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.

ഒൻപതാം വയസ്സിൽ സ്കൂളിന്റെ പടിയിറങ്ങേണ്ടി വന്നതാണ് ഭാഗീരഥി അമ്മയ്‌ക്ക്. ആറു മക്കളെ പെറ്റുവളർത്തി പഠിപ്പിച്ചു. പതിനാറു ചെറുമക്കൾ സ്കൂളിൽ പോകുന്നതു നോക്കിനിന്നു. മുപ്പത്തിയഞ്ചാം വയസ്സിൽ ഭർത്താവ് മരിച്ച ഭാഗീരഥി അമ്മയ്‌ക്ക് ഒരു മകളുടെയും നാല് ചെറുമക്കളുടെയും വേർപാടും കണ്ണീരോടെ കാണേണ്ടിവന്നു.

പ്രാക്കുളം ഗവ. എൽ.പി സ്‌കൂളിൽ മൂന്നാം ക്ലാസിലായിരിക്കെ പഠിത്തം നിർത്തേണ്ടിവന്നതാണ് ഭാഗീരഥി അമ്മയ്‌ക്ക്.

1990- ലെ സമ്പൂർണ സാക്ഷരതാ യജ്ഞകാലത്ത് അക്ഷരങ്ങളെല്ലാം വീണ്ടും ഓർത്തെടുത്തു പഠിച്ചു. സാക്ഷരതാ പ്രവർത്തകരായ എസ്.എൻ.ഷേർളിയും കെ.ബി.വസന്തകുമാറുമാണ് മുത്തശ്ശിയെ വീണ്ടും അക്ഷരലോകത്തേക്ക് വിരൽപിടിച്ചു നടത്തിയത്. കഴിഞ്ഞ വർഷം നാലാം ക്ലാസ് പരീക്ഷയ്ക്ക് പഠിക്കാനിരുന്നു. കണക്കിന് ഫുൾ മാർക്ക് സഹിതം 75 ശതമാനം മാർക്കോടെ മിന്നും ജയം.

മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി തന്റെ പേര് പറയുമ്പോൾ ഭാഗീരഥി അമ്മ റേഡിയോയ്‌ക്കു മുന്നിൽ കാതുകൾ കൂർപ്പിച്ചിരിക്കുകയായിരുന്നു. കുറേക്കാലം മഹാരാഷ്ട്രയിൽ താമസിച്ചിരുന്ന മകൾ തങ്കമണി മോദിയുടെ ഹിന്ദി പ്രഭാഷണം ത‌ർജ്ജമ ചെയ്തു കൊടുത്തപ്പോൾ ആ കണ്ണുകളിൽ തിളക്കം പടർന്നു. ജീവിതത്തിൽ ഉന്നമനം ആഗ്രഹിക്കുന്നവരുടെ ഉള്ളിലെ വിദ്യാർത്ഥി ഒരിക്കലും മരിക്കരുത് എന്നു പറഞ്ഞായിരുന്നു മോദിയുടെ 'മുത്തശ്ശിക്കഥ.' മകളുടെ വീടായ നന്ദ്ധാമിൽ ഇപ്പോൾ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയാണ് ഭാഗീരഥി അമ്മ.

ആധാർ ഇല്ലാത്ത സങ്കടം

ആധാർ കാർഡ് ഇല്ലെന്ന പേരിൽ വാർദ്ധക്യകാല പെൻഷൻ തുടർച്ചയായി നിഷേധിക്കപ്പെടുന്നതിന്റെ സങ്കടത്തിലാണ് ഭാഗീരഥി അമ്മ.രണ്ടു വണ ശ്രമിച്ചിട്ടും വിരലടയാളം തെളിയാത്തതാണ് വിനയായത്. സാങ്കേതികത മാറ്റിവച്ച് പെൻഷൻ നൽകാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടും നടപടികൾ ചുവപ്പു നാടയിൽ കുരുങ്ങി.

 മോദി പറഞ്ഞത്

നിങ്ങൾ ജീവിതത്തിൽ പുരോഗതി ആഗ്രഹിക്കുന്നെങ്കിൽ ഉള്ളിലെ വിദ്യാർത്ഥി ഒരിക്കലും മരിക്കരുത്. 105 വയസുകാരി ഭാഗീരഥി അമ്മ നമുക്ക് ആ പ്രേരണയാണ് നൽകുന്നത്. കുട്ടിക്കാലത്തുതന്നെ അമ്മയെ നഷ്ടപ്പെട്ടു. ചെറുപ്രായത്തിൽ വിവാഹം കഴിഞ്ഞ ഭാഗീരഥി അമ്മയ്‌ക്ക് പിന്നീട് ഭർത്താവിനെയും നഷ്ടമായി. ഒൻപതാം വയസ്സിൽ സ്‌കൂൾ വിടേണ്ടിവന്നെങ്കിലും അവർ ഉത്സാഹം കൈവിട്ടില്ല. ഇപ്പോൾ 105-ാം വയസിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായ ആ അമ്മ ഇനിയും പഠിക്കാൻ ആഗ്രഹിക്കുന്നു. ഭാഗീരഥി അമ്മയെ പോലുള്ളവർ നാടിന്റ ശക്തിയാണ്. ഒരു വലിയ പ്രേരണാ സ്രോതസാണ് അവർ. ആ അമ്മയ്‌ക്കു മുന്നിൽ പ്രണമിക്കുന്നു.