ന്യൂഡൽഹി : ജമ്മു കാശ്മീരിലെ മൂന്ന് മുൻ മുഖ്യമന്ത്രിമാരുടെയും മോചനം വേഗത്തിലാകാൻ പ്രാർത്ഥിക്കുന്നുവെന്നും കാശ്മീരിലെ സ്ഥിതിഗതികൾ പഴയതുപോലെയാക്കാൻ അവർ ശ്രമിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കാശ്മീരിൽ സമാധാനം പുലരും. വളരെ വേഗത്തിലാണ് കാശ്മീരിൽ സാഹചര്യങ്ങളിൽ പുരോഗതിയുണ്ടാകുന്നത്. അതിനൊപ്പം ഈ തീരുമാനങ്ങളും (നേതാക്കളുടെ മോചനം) വേഗത്തിൽ കൈക്കൊള്ളും. സർക്കാർ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും സിംഗ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിന് കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മകൻ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരുൾപ്പടെ ഒരു ഡസനോളം രാഷ്ട്രീയ നേതാക്കളാണ് കാശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്നത്.