india-gdp

കൊച്ചി: തളർച്ചയുടെ ട്രാക്കിൽ നിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കരകയറിയോ എന്ന് ഈമാസം 28ന് അറിയാം. നടപ്പുവർഷത്തെ (2019-20)​ ഒക്‌ടോബർ-ഡിസംബർപാദ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി)​ വളർച്ചാക്കണക്ക് കേന്ദ്ര സ്‌റ്രാറ്റിസ്‌റ്റിക്‌സ് വകുപ്പ് 28ന് പുറത്തുവിടും.

നടപ്പുവർഷത്തെ ആദ്യ രണ്ടുപാദങ്ങളിലും കനത്ത ഇടിവാണ് ജി.ഡി.പി വളർച്ച കുറിച്ചത്. ഏപ്രിൽ-ജൂണിൽ വളർച്ച ആറുവർഷത്തെ താഴ്‌ചയായ 5 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ജൂലായ്-സെപ്‌തംബറിൽ 4.5 ശതമാനത്തിലേക്ക് ജി.ഡി.പി വളർച്ച തകർന്നടിഞ്ഞു. 2013ന് ശേഷമുള്ള ഏറ്രവും മോശം വളർച്ചയായിരുന്നു അത്. സമ്പദ്‌വ്യവസ്ഥയിലെ സർവ മേഖലകളും തളർന്നതാണ് കഴിഞ്ഞപാദങ്ങളിൽ തിരിച്ചടിയായത്. മാനുഫാക്‌ചറിംഗ്, കാർഷിക മേഖലകളുടെ തകർച്ച, ഉപഭോക്തൃ വിപണിയിലെ മാന്ദ്യം, വ്യവസായ രംഗത്തെ മുരടിപ്പ് എന്നിവയാണ് ജി.ഡി.പിയെ വലച്ചത്.

കയറ്റുമതി ഇടിവ്,​ നിക്ഷേപക്കുറവ് എന്നിവയും തിരിച്ചടിയായി. ഒക്‌ടോബർ-ഡിസംബർ പാദത്തിലും സ്ഥിതി വ്യത്യസ്‌തമായിരുന്നിലെങ്കിലും,​ ജി.ഡി.പി വളർച്ച നേരിയതോതിൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് പൊതുവേയുള്ളത്. 4.5 ശതമാനത്തിനും അ‌ഞ്ചിനും ഇടയിൽ വർദ്ധനയാണ് ഡിസംബർ പാദത്തിൽ സാമ്പത്തിക നിരീക്ഷകർ പ്രവചിക്കുന്നത്. ജനുവരി-മാർച്ചിൽ വളർച്ച കൂടുതൽ മെച്ചപ്പെടും. എന്നാൽ,​ കൊറോണ സൃഷ്‌ടിച്ച ആഘാതം തുടർന്നുള്ള പാദങ്ങളിൽ വളർച്ചയെ വീണ്ടും ബാധിക്കുമെന്നും വിലയിരുത്തലുകളുണ്ട്. മുഖ്യ വ്യവസായ മേഖലയിലെ വളർച്ച,​ വിദേശ നാണയശേഖരത്തിന്റെ കണക്ക്,​ വായ്‌പാ വിതരണ വളർച്ച എന്നിവ സംബന്ധിച്ച കണക്കും 28ന് അറിയാം.