ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീൻബാഗിൽ നടക്കുന്ന പ്രതിഷേധം സമാധാനപരമെന്ന് സത്യവാങ്മൂലം. സുപ്രീം കോടതി നിയോഗിച്ച മദ്ധ്യസ്ഥ സംഘത്തിലെ അംഗമായ വജാഹത്ത് ഹബിബുള്ളയാണ് സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. സമരസ്ഥലത്തിന് ചുറ്റുമുള്ള അഞ്ച് സമാന്തര പാതകൾ പൊലീസ് അടച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം തങ്ങളെ പാകിസ്ഥാനികളെന്നും പുറംദേശക്കാർ എന്നുവിളിക്കുന്നത് പ്രതിഷേധം നടത്തുന്ന സ്ത്രീകളെ വേദനിപ്പിക്കുന്നെന്ന് സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നു. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ അഭിമാനിക്കുന്നവരാണ് സമരം ചെയ്യുന്ന സ്ത്രീകളെന്നും ദേശവിരുദ്ധർ പാകിസ്ഥാനികൾ, പുറം ദേശക്കാർ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ പല പ്രസംഗങ്ങളിലും ചില മാദ്ധ്യമങ്ങളിലും ഇവർക്കെതിരെ ഉപയോഗിക്കുന്നതിൽ അവർക്ക് വളരെയധികം വിഷമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു..
കേസ് നാളെ കോടതി പരിഗണിക്കും. രണ്ടു മാസം പിന്നിട്ട ഷഹീൻബാഗിലെ സമരവേദി മാറ്റുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ സുപ്രീംകോടതി മൂന്നംഗ മദ്ധ്യസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു.മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡേ, സാധന രാമചന്ദ്രൻ എന്നിവരെയാണ് മദ്ധ്യസ്ഥ ചർച്ചക്ക് ഹബീബുള്ളയെ കൂടാതെ സുപ്രീം കോടതി നിയോഗിച്ചിരുന്നത്.