വാഷിംഗ്ടൺ : ഇന്ത്യൻ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും പുറപ്പെട്ടു. ഇന്ത്യയിലേക്ക് തിരിക്കുന്നത് ആവേശത്തോടെയെന്ന് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം ചേരാനാകുന്നതിൽ സന്തോഷമുണ്ടെന്നും തന്റെ സന്ദർശനം വലിയ സംഭവമാകുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യാസന്ദർശനത്തിന് പുറപ്പെടും മുൻപ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ലോകത്തെ ഏറ്റവും സുരക്ഷിത വിമാനമായ എയർഫോഴ്‌സ് വണ്ണിൽ മേരിലാൻഡ് സൈനിക വിമാനത്താവളത്തിൽ നിന്നാണ് ട്രംപ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇടയ്ക്ക് ജർമനിയിലെ മെയിൻസിലുള്ള യു എസ് സൈനികത്താവളത്തിൽ ട്രംപ് ഇറങ്ങും. നാളെ രാവിലെ ഇന്ത്യൻ സമയം 4. 25 ന് ജർമനിയിൽ നിന്ന് യാത്ര തുടരുന്ന ട്രംപ് 11. 40 ന് അഹമ്മദാബാദിലെ സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും.
രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തുന്ന ട്രംപിന് നാളെ ഉച്ചയോടെ അഹമ്മദാബാദിൽ വൻ സ്വീകരണം നല്‍കും. ഡൽഹിയിൽ ചൊവ്വാഴ്ചയാകും ഔദ്യോഗിക കൂടിക്കാഴ്ചകൾ നടക്കുക. ഭാര്യ മെലാനിയ ട്രംപ് മകൾ ഇവാങ്ക മരുമകൻ ജാറദ് കഷ്നർ എന്നിവർക്കൊപ്പം മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ട്രംപിനൊപ്പം എത്തും. നൂറോളം മാദ്ധ്യമപ്രവർത്തകരും ട്രംപിനൊപ്പം ഇന്ത്യയിലേക്ക് വരുന്നുണ്ട്. നാളെ വിമാനത്താവളം മുതൽ മോട്ടേര സ്റ്റേഡിയം വരെ ട്രംപും മോദിയും പങ്കെടുക്കുന്ന റോഡ് ഷോ ഉണ്ടായിരിക്കും.
ഹൈദരാബാദ് ഹൗസിൽ ചൊവ്വാഴ്ചയാകും ഇരു രാഷ്ട്രങ്ങളുമായി നിർണായക ചർച്ച നടക്കുക.അതേസമയം മറ്റെന്നാൾ രാഷ്ട്രപതി ഭവനിൽ ട്രംപിന് നൽകുന്ന വിരുന്നു സത്കാരത്തിൽ നിന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദും കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരിയും വിട്ടുനിൽക്കും. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം..
Departing for India with Melania! pic.twitter.com/sZhb3E1AoB