കൊല്ലം: കുളത്തൂപ്പുഴ വനമേഖലയിൽ റോഡരികിൽ പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിക്കുന്ന പൊലീസ് അയൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വെടിയുണ്ടകളിൽ പാകിസ്ഥാൻ ആയുധ ഫാക്ടറിയുടെ നിർമ്മാണ മുദ്ര ഉള്ളതിനാൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടിയിരിക്കുകയാണ്.
ഇപ്പോൾ ഭീകരവിരുദ്ധ സ്ക്വാഡ് ആണ് സംഭവം അന്വേഷിക്കുന്നത്. ഡി.ഐ.ജി അനൂപ് ജോൺ കുരുവിള സ്ഥലത്തെത്തി വെടിയുണ്ടകൾ പരിശോധിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. ഇന്ത്യ- പാക് അതിർത്തിയിൽ ജോലി ചെയ്തിരുന്ന ജവാന്മാർ ശേഖരിച്ച് കൗതുകത്തിന് കൈവശം സൂക്ഷിച്ചിരുന്ന വെടിയുണ്ടകൾ പിന്നീട് ഉപേക്ഷിച്ചതാണെന്ന സംശയമുണ്ടെങ്കിലും സംഭവം അതീവ ഗൗരവമുള്ളതായാണ് പൊലീസ് കണക്കാക്കുന്നത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ കുളത്തൂപ്പുഴ- മടത്തറ റോഡിൽ കല്ലുവെട്ടാംകുഴി മുപ്പതടിപാലത്തിന് സമീപം ഹൈവേ നിർമ്മാണത്തിനായി എടുത്ത മണ്ണിനു മുകളിലാണ് കവറിലാക്കിയ നിലയിൽ 14 വെടിയുണ്ടകൾ കണ്ടെത്തിയത്. മടത്തറ സ്വദേശിയായ ടിപ്പർ ലോറി ജീവനക്കാരൻ ജോഷിയാണ് പ്ലാസ്റ്റിക് കവർ ആദ്യം കണ്ടത്. കവറിനകത്തെ കടലാസു പൊതിയിൽ വെടിയുണ്ടകൾ കണ്ടതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. മാലപോലെ കവറിൽ നിറച്ചതായിരുന്നു 12 തിരകൾ. രണ്ട് ഉണ്ടകൾ പൗച്ചിൽ നിന്ന് വേർപെട്ട നിലയിലും.ലോംഗ് റേഞ്ചിൽ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന തോക്കുകൾക്കുള്ള 7.68 എം.എം വെടിയുണ്ടകളാണ് കണ്ടെത്തിയവ. ജനുവരി 28 ന് പ്രസിദ്ധീകരിച്ച രണ്ട് മലയാള പത്രങ്ങളുടെ കടലാസുകളിലായാണ് ഇവ പൊതിഞ്ഞിരുന്നത്.