ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം വലിയ പ്രാധാന്യത്തോടെയാണ് മാദ്ധ്യമങ്ങൾ കാണുന്നത്. ഇതിനോടകം തന്നെ കേന്ദ്രം എല്ലാ സജീകരണങ്ങളും നടത്തിക്കഴിഞ്ഞു. ഇന്ത്യ മുഴുവനും ട്രംമ്പിനെ സ്വാഗതം ചെയ്യുമ്പോൾ ഭയത്തോടെ സന്ദർശത്തെ കാണുന്ന ഒരു വിഭാഗമുണ്ട് ഇന്ത്യയിൽ. കശ്മീര്‍ താഴ്‌വരയിലെ സിഖ് വിഭാഗക്കാരാണ് ചരിത്രം ആവർത്തിക്കുമോ എന്ന ഭയത്തോടെ ജീവിക്കുന്നത്. 2000ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്വിന്റൺ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് അത് സംഭവിച്ചത്.
2000 മാർച്ച് 19ന് ക്വിന്റൺ ഇന്ത്യയിൽ എത്തിയ ദിനം സൗത്ത് അനന്ദ്‌നാഗ് ജില്ലയിലെ ചത്തിസിങ്‌പോറ ഗ്രാമത്തിലെ ന്യൂനപക്ഷ വിഭാഗത്തിലെ 35 പേരെ സൈനിക വേഷത്തിലെത്തിയ തോക്കുധാരികൾ കൂട്ടക്കൊല നടത്തിയിരുന്നു. എന്നാൽ ആ ദാരുണ സംഭവത്തിന് തങ്ങളല്ലെന്നാണ് സൈന്യം പ്രതികരിച്ചത്. ആക്രമണത്തിന് നേതൃത്വം നൽകിയവരെല്ലാം വിദേശ ചാരന്മാരാണെന്നായിരുന്നവെന്ന് ആർമിയും ജമ്മു കശ്മീർ പൊലീസും വ്യക്തമാക്കി.
ഇപ്പോൾ ട്രംമ്പ് വരുമ്പോഴും സിഖ് വിഭാഗക്കാർ ഭയത്തിലാണ്. വിദേശത്തുനിന്നുള്ള ഉന്നത അധികാര സ്ഥാനത്തിരിക്കുന്ന വ്യക്തികൾ എപ്പോഴെല്ലാം ഇന്ത്യ സന്ദർശിക്കുന്നുവോ അപ്പോഴെല്ലാം കശ്മീർ താഴ്‌വരയിലെ സിഖുകാർ ഭീതിയുടെ മുനമ്പിലാണ് കഴിയാറുള്ളതെന്ന് ഓൾ പാർട്ടീസ് സിഖ് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ജഗ്‌മോഹൻ സിങ് റെയ്‌ന പറഞ്ഞു. അമേരിക്കയിൽ നിന്നുള്ളവരാകുമ്പോൾ ഭയം കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരും ട്രംപ് വരുന്നതിന്റെ ആഘോഷത്തിലാണ്. എന്നാൽ ഞങ്ങൾ ഭയത്തിലാണ്. ട്രംപിന്റെ സന്ദർശനം തങ്ങൾക്ക് എന്തോ വലിയ ആപത്താണ് വരുത്താൻ പോകുന്നതെന്ന ഭയമാണ് ഒരോ സെക്കന്റും- ജഗ്‌മോഹൻ സിങ് റെയ്‌ന പറഞ്ഞു.