കോയമ്പത്തൂർ: ശ്രീകോവിലിൽ കയറാനും പൂജ ചെയ്യാനും സ്ത്രീകളെ മാത്രം അനുവദിക്കുന്ന ക്ഷേത്രം, തീർന്നില്ല ആർത്തവ കാലത്ത് പോലും സ്ത്രീകൾക്ക് പൂജ ചെയ്യാനും ആരാധന നടത്താനും ഈ ക്ഷേത്രത്തിൽ കഴിയും. ഇത്തരത്തിലൊരു ക്ഷേത്രം ഇന്ത്യയിൽ തന്നെ ഒന്ന് മാത്രമേയുള്ളൂ. കോയമ്പത്തൂരിലെ 'മാ ലിംഗ ഭൈരവി' ക്ഷേത്രത്തിലാണ് സ്ത്രീകൾ പൂജ നടത്തുന്നത്. ആർത്തവകാലത്ത് സ്ത്രീകളെ മാറ്റി നിർത്തുന്ന പതിവൊന്നുമില്ല. ആർത്തവമുള്ള സമയത്തും പൂജ നടത്തുന്ന സ്ത്രീകൾ പൂജകൾ തുടരും.
നഗരത്തിലെ സദ് ഗുരു ജഗ്ഗി വാസുദേവ് ആശ്രമത്തിലാണ് മാ ലിംഗാ ഭൈരവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിൽ പ്രവേശിക്കാനും സ്ത്രീകൾക്ക് അനുമതി നൽകുന്നു. ഭൈരഗിനി മാ, ഉപശിക എന്ന പേരിലാണ് മാ ലിംഗ ഭൈരവി ക്ഷേത്രത്തിൽ പൂജകള്‍ നടത്തുന്ന സ്ത്രീകള്‍ അറിയപ്പെടുന്നത്.
സദ്ഗുരുവാണ് സ്ത്രീകളെ മാത്രം പൂജ ചെയ്യാന്‍ അനുവദിക്കുന്ന ക്ഷേത്രം എന്ന ആശയം മുന്നോട്ടുവെച്ചത്. ക്ഷേത്രത്തിൽ പൂജയും മറ്റു ചടങ്ങുകളും നടത്താന്‍ സ്ത്രീകൾക്കും കഴിയുമെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായാണ് ഈ ആശയം യാഥാർത്ഥ്യമാക്കിയതെന്ന് ഉപശിക മാ നിർമല പറയുന്നു.
സ്ത്രീകൾക്കും പുരുഷൻമാർക്കും മാ ലിംഗ ഭൈരവി ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്.എന്നാൽ, സ്ത്രീകൾക്ക് മാത്രമാണ് ശ്രീകോവിലിൽ കയറി ആരാധന നടത്താൻ അവകാശമുള്ളത്. വനിത സന്യാസിനികൾക്കും ഭക്തകൾക്കും ആർത്തവകാലത്തും ക്ഷേത്രത്തിനകത്ത് പ്രവേശിക്കാം. ആർത്തവകാലത്ത് ആരാധന നടത്തുന്നതിനും വിശുദ്ധ ഗ്രന്ഥങ്ങളിൽ സ്പർശിക്കുന്നതിനും മിക്കയിടത്തും സ്ത്രീകൾക്ക് വിലക്കുണ്ട്. അപ്പോഴാണ് ഇത്തരമൊരു ക്ഷേത്രം ശ്രദ്ധ നേടുന്നത്