donald-trump

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെത്താൻ മണിക്കൂറുകൾ ബാക്കിനിൽക്കെ പരിപാടി നടക്കുന്ന അഹമ്മദാബാദിലെ മോട്ടെറ സ്‌റ്റേഡിയത്തിലെ താൽക്കാലിക വി.വി.ഐ.പി കവാടം തകർന്നുവീണു. ശക്തമായ കാറ്റിലാണ് കവാടം താഴെ വീണത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് പുതുതായി നിര്‍മ്മിച്ച മോട്ടെറ സ്‌റ്റേഡിയമെന്ന് സർക്കാർ അവകാശപ്പെടുന്നു. ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട പ്രചാരണ ബോർഡുകളിൽ സ്‌റ്റേഡിയത്തെക്കുറിച്ച് പറയുന്നുണ്ട്.

അതേസമയം ട്രംപ് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ലോകത്തെ ഏറ്റവും സുരക്ഷിത വിമാനമായ എയർഫോഴ്‌സ്‌ വണ്ണിൽ മേരിലാൻഡ് സൈനിക വിമാനത്താവളത്തിൽ നിന്നാണ് ട്രംപ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇടയ്ക്ക് ജർമനിയിലെ മെയിൻസിലുള്ള യു എസ് സൈനികത്താവളത്തിൽ ട്രംപ് ഇറങ്ങും. നാളെ രാവിലെ ഇന്ത്യൻ സമയം 4. 25 ന് ജർമനിയിൽ നിന്ന് യാത്ര തുടരുന്ന ട്രംപ് 11. 40 ന് അഹമ്മദാബാദിലെ സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും.

രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തുന്ന ട്രംപിന് നാളെ ഉച്ചയോടെ അഹമ്മദാബാദിൽ വൻ സ്വീകരണം നല്‍കും. ഡൽഹിയിൽ ചൊവ്വാഴ്ചയാകും ഔദ്യോഗിക കൂടിക്കാഴ്ചകൾ നടക്കുക. ഭാര്യ മെലാനിയ ട്രംപ് മകൾ ഇവാങ്ക മരുമകൻ ജാറദ് കഷ്നർ എന്നിവർക്കൊപ്പം മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ട്രംപിനൊപ്പം എത്തും. നൂറോളം മാദ്ധ്യമപ്രവർത്തകരും ട്രംപിനൊപ്പം ഇന്ത്യയിലേക്ക് വരുന്നുണ്ട്. നാളെ വിമാനത്താവളം മുതൽ മോട്ടേര സ്റ്റേഡിയം വരെ ട്രംപും മോദിയും പങ്കെടുക്കുന്ന റോഡ് ഷോ ഉണ്ടായിരിക്കും.