കൊല്ലം: കുളത്തൂപ്പുഴ വനമേഖലയില്‍ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാകിസ്ഥാനിൽ നിർമ്മിച്ചതാണെന്ന് സ്ഥിരീകരിച്ചു. വെടിയുണ്ടകളിൽ പി.ഒ.എഫ് (പാകിസ്ഥാൻ ഓർഡ്നൻസ് ഫാക്ടറി) മുദ്ര കണ്ടെത്തിയതിനെ തുടർന്ന് പൊലീസിന്റെ ആർമർ, ഫോറൻസിക് വിഭാഗങ്ങളുടെ പരിശോധനയിലാണ് സ്ഥിരീകരണം. കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് തെളിവുകൾ ഹൈദരാബാദിലെ ലാബിലേക്ക് അയക്കും.
സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് വിവിധ കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷണം തുടങ്ങി. അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കാൻ സാദ്ധ്യതയുണ്ട്. മിലിട്ടറി ഇന്റിജന്റ്സ്, എൻ.ഐ.എ,ഭീകരവിരുദ്ധ സ്ക്വാഡ്, ക്രൈംബ്രാഞ്ച് സംഘങ്ങൾ ഞായറാഴ്ച കുളത്തൂപ്പുഴയിലെത്തി തെളിവുകൾ ശേഖരിച്ചു.
വെടിയുണ്ടകൾ ആദ്യം കണ്ട ജോഷി, അജീഷ് എന്നിവരിൽനിന്ന് അന്വേഷണസംഘം വിവരം ശേഖരിച്ചു. യുവാക്കളുടെ മൊഴിയെടുത്ത ശേഷം മിലിട്ടറി ഇന്റിലിജൻസ് സംഘം വെടിയുണ്ട കണ്ട സ്ഥലത്തെത്തി പരിശോധിച്ചു. 12 വെടിയുണ്ടകളിൽ പി.ഒ.എഫ് എന്ന് രേഖപ്പെടുത്തിയതിനു പുറമേ 1980--82 കാലയളവിൽ നിര്മിച്ചതാണെന്നുമുണ്ട്. രണ്ടെണ്ണത്തിൽ തീയതിയില്ല.
പി.ഒ.എഫ് മുദ്ര ഇല്ലാത്ത രണ്ട് വെടിയുണ്ടകള്‍ എ.കെ. 47ൽ ഉപയോഗിക്കാവുന്നതാണെന്ന് മിലിട്ടറി ഇന്റിലിജൻസ് സ്ഥിരീകരിച്ചു.
ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് തെന്മല -തിരുവനന്തപുരം റോഡരികിൽ മുപ്പതടിപ്പാലത്തിനോട് ചേർന്ന് 14 വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽകണ്ടത്. 12 എണ്ണം സൂക്ഷിക്കുന്ന ബെൽറ്റിലും രണ്ടെണ്ണം കടലാസിൽ പൊതിഞ്ഞ നിലയിലുമായിരുന്നു.