ന്യൂഡൽഹി: സെനഗലിൽ അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു. റോയുടെയും കർണാടക പൊലീസിന്റെയും ഉദ്യോഗസ്ഥരാണ് സെനഗലിൽ എത്തി ഇയാളെ ഇന്ത്യയിലേക്കു കൊണ്ടുവന്നത്. രവി പൂജാരിയെ ബംഗളൂരുവിലേക്കു കൊണ്ടുപോകും. ബംഗളൂരു സ്വദേശിയാണ് ഇയാൾ
2019 ജനുവരിയിൽ രവി പൂജാരിയെ സെനഗലിൽ അറസ്റ്റ് ചെയ്തിരുന്നു. ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ രവി പൂജാരി ദക്ഷിണാഫ്രിക്കയിലേക്കു കടന്നു. ഇവിടെ മയക്കുമരുന്ന് കടത്തും തട്ടിക്കൊണ്ടുപോകലുമായി അധോലോക പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകവെയാണ് വീണ്ടും അറസ്റ്റിലാകുന്നത്.
മറ്റൊരു രാജ്യത്തുവച്ചാണ് പുജാരിയെ അറസ്റ്റ് ചെയ്യുന്നതെന്നും ഇയാളെ പിന്നീട് സെനഗലിലേക്കു കൊണ്ടുവരികയായിരുന്നെന്നും റിപ്പോർട്ടുണ്ട്.. ബുർക്കിനോ ഫാസോ പാസ്പോർട്ടിൽ ആന്റണി ഫെർണാണ്ടസ് എന്ന പേരിൽ എട്ടുവർഷമായി സെനഗലിൽകഴിഞ്ഞുവരികയായിരുന്നു പൂജാരി.
ഇന്ത്യയില്‍ മാത്രം രവി പുജാരിക്കെതിരേ 200 കേസുകളുണ്ടെന്നാണ് റിപ്പോർട്ട്.. കർണാടകയിൽ മാത്രം നൂറിലധികം കേസുകളുണ്ട്. കൊച്ചി കടവന്ത്രയിൽ നടി ലീന മരിയ പോൾ നടത്തുന്ന ബ്യൂട്ടിപാർലറിൽ നടന്ന വെടിവയ്പ് കേസിലും ഇയാളെ മുഖ്യപ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.