saranya

കണ്ണൂർ: ഒന്നര വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശരണ്യയുടെ കാമുകനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞദിവസം വലിയന്നൂർ സ്വദേശിയായ ഇയാളോട് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടെങ്കിലും ഇയാൾ എത്തിയില്ല. സ്ഥലത്ത് ഇല്ല എന്നാണ് ഇയാൾ നൽകിയ മറുപടി. ഇന്ന് യുവാവിനോട് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

വിയാനെ കൊലപ്പെടുത്തുന്നതിന്റെ തലേന്ന് രാത്രി ഇയാളെ ശരണ്യയുടെ വീടിന് പിന്നിലെ റോഡിൽ ഒരു നാട്ടുകാരൻ കണ്ടിരുന്നു. പന്തികേട് തോന്നിയ നാട്ടുകാരൻ എന്താ ഇവിടെ എന്ന് ചോദിക്കുകയും ചെയ്തു. മെയിൻ റോഡിൽ പൊലീസ് പരിശോധനയുണ്ട്,​ താൻ മദ്യപിച്ചിട്ടുള്ളതിനാൽ അതുവഴി പോകാനാകില്ല എന്നും പറഞ്ഞ് അൽപസമയത്തിന് ശേഷമാണ് യുവാവ് അവിടെനിന്നും പോയത്. ദൃക്‌സാക്ഷി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ദൃശ്യങ്ങളിൽ അയാൾ ബൈക്കുമായി പോകുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്താൻ കാമുകൻ പ്രേരിപ്പിച്ചിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

കഴിഞ്ഞാഴ്ചയാണ് തയ്യിൽ കടപ്പുറത്ത് കുട്ടിയെ മരിച്ചനിലയിൽ കാണപ്പെട്ടത്. ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതോടെയാണ് ശരണ്യയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് മനസിലായത്. കുഞ്ഞിനെ കൊല്ലാനായി പല ദിവസങ്ങളിലായി അവസരത്തിനായി ശരണ്യ കാത്തിരിക്കുകയായിരുന്നു. കടലിലെറിഞ്ഞ് കൊല്ലാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്. ശരണ്യയുടെ പിതാവുമായി അകന്ന പ്രണവ് ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലാണ് വീട്ടിൽ വരാറുള്ളത്. ഈ സമയം തന്നെ കൊലപാതകത്തിനു ശരണ്യ തിരഞ്ഞെടുക്കുകയായിരുന്നു. ഭർത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോൾ വായ് കൈകൾ കൊണ്ട് പൊത്തിവച്ചു. കടലിൽ എറിയാൻ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയമായി. അങ്ങനെ കടൽഭിത്തിയിൽ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.