ലക്‌നൗ: ബലാത്സംഗത്തിലൂടെ ജനിച്ച തന്റെ കുഞ്ഞിനെ കൊലപ്പെടുത്തി ഓടയിലെറിഞ്ഞ് 16 വയസുകാരി. ഉത്തർ പ്രദേശിലെ ഗോരഖ്പൂരിൽ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ ജീർണിച്ച അവസ്ഥയിലുള്ള മൃതദേഹം ഓടയിൽ നിന്നും കണ്ടെടുത്തിരുന്നു. കഴിഞ്ഞ മാസം 31നാണ് ജഡം ഓടയിൽ നിന്നും പൊലീസിന് കണ്ടുകിട്ടിയത്. സംഭവത്തിൽ 16 വയസുകാരിയെയും പെൺകുട്ടിയുടെ 50വയസുകാരി അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഏതാനും മാസങ്ങൾക്ക് മുൻപ് ജോലിക്ക് നിന്ന വീട്ടിലെ 30 വയസുകാരനിൽ നിന്നുമാണ് പെൺകുട്ടി കുഞ്ഞിനെ ഗർഭം ധരിച്ചത്. വീട്ടിലെ ജോലിക്കാരിയെത്തിയ പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പെൺകുട്ടിയും മാതാപിതാക്കളും ഇക്കാര്യം ചോദിക്കാനായി ഇയാളുടെ വീട്ടിലെത്തിയപ്പോൾ വീട്ടുടമ ഇവരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചിരുന്നു. തുടർന്നു നിറവയറുമായി മാസങ്ങളോളം വീട്ടിൽ കഴിഞ്ഞ പെൺകുട്ടി കുഞ്ഞ് ജനിച്ചപ്പോൾ അതിനെ തറയിലെറിഞ്ഞാണ് കൊലപ്പെടുത്തിയത്.
മരണപ്പെട്ട കുഞ്ഞിന്റെ മൃതദേഹം, തുണിയിൽ പൊതിഞ്ഞുകൊണ്ട് പെൺകുട്ടിയുടെ അമ്മയാണ് അടുത്തുള്ള ഓടയിൽ ഉപേക്ഷിച്ചത്. ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും, പിന്നീട് പൊലീസ് തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ ഇവർ ചെയ്ത കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയെയും അമ്മയെയും കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തതിനൊപ്പം, ഗർഭത്തിന് ഉത്തരവാദിയായ 30 വയസുകാരനെതിരെ പോക്‌സോ കേസും പൊലീസ് ചാർജ് ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ പിതൃത്വം കണ്ടെത്താൻ ഡി.എൻ.എ ടെസ്റ്റ് നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.