വാഷിംഗ്ടൺ : ജീവനക്കാർ ആഴ്ചയിൽ ആറ് ദിവസം ജോലിയെടുക്കുന്ന രാജ്യമായിരുന്നു നമ്മുടേത്. എന്നാൽ ഐ.ടി മേഖലയിൽ ആഴ്ചയിൽ അഞ്ച് ദിവസം ജോലിയും രണ്ട് ദിവസം അവധിയും എന്ന് രീതി വ്യപകമായതോടെയാണ് മറ്റു മേഖലകളിലും ഈ വ്യവസ്ഥ പിന്തുടർന്ന് തുടങ്ങിയിട്ടുള്ളത്. ഡ്യൂട്ടിയിലുള്ള ദിവസങ്ങളിൽ കൂടുതൽ സമയം ഓഫീസിൽ ജോലിയെടുപ്പിച്ചാണ് രണ്ട് ദിവസം അവധി നൽകുവാൻ കമ്പനികൾക്കാവുന്നത്. ദിവസം ഒന്നോ രണ്ടോ മണിക്കൂറുകൾ അധികം ഇരുന്നാലും ആഴ്ചയവസാനം രണ്ട് അവധി ദിനങ്ങൾ കിട്ടുമെന്നതുള്ളത് തൊഴിലാളികൾക്കും അനുഗ്രഹമാണ്. എന്നാൽ ഈ തൊഴിൽ സംസ്‌കാരത്തിനും ബൈ ബൈ പറയാനൊരുങ്ങുകയാണ് കോർപ്പറേറ്റ് ഭീമൻമാർ.
ആഴ്ചയിൽ നാലു ദിവസം ജോലിയും തുടർന്ന് മൂന്ന് ദിവസം അവധിയും നൽകിയുളള പരീക്ഷണമാണ് അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളിൽ ഇപ്പോൾ നടന്നു വരുന്നത്. ഡ്യൂട്ടിയുള്ള ദിവസങ്ങളിൽ പത്തു മണിക്കൂറോളം ഓഫീസിൽ ചെലവഴിക്കുന്ന ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ മൂന്ന് ദിവസം അവധി നൽകുന്ന രീതിയാണ് മാനേജ്‌മെന്റ് വിദഗ്ദ്ധർ ഇപ്പോൾ ശുപാർശ ചെയ്യുന്നത്. ഇത് തൊഴിലാളികളുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുമെന്നും തൊഴിൽ എടുക്കുന്ന ദിവസങ്ങളിൽ കൂടുതൽ ജോലി ചെയ്യുവാൻ പ്രേരിപ്പിക്കുമെന്നുമാണ് ഇവരുടെ പക്ഷം. കഴിഞ്ഞ വർഷം മൈക്രോസോഫ്റ്റ് ഇത്തരമൊരു മാറ്റം തങ്ങളുടെ ഓഫീസിൽ കൊണ്ടുവന്നിരുന്നു. അദ്ഭുതപ്പെടുത്തുന്ന ഫലമാണ് ഇതുകൊണ്ടു ഉണ്ടായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പതിവിൽ നിന്നും വിപരീതമായി ഒരു ദിവസം അധികം അവധി നൽകിയിട്ടും ഉത്പാദനം നാൽപ്പത് ശതമാനം കണ്ട് വർദ്ധിക്കുകയായിരുന്നു. ആഴ്ചയിൽ 32 മണിക്കൂറായി ജോലി ഭാരം കുറയ്ക്കുന്നതിനുള്ള നിയമനിർമ്മാണത്തിനൊരുങ്ങുകയാണ് അമേരിക്ക.