ഏതാനും ദിവസം മുൻപാണ് ക്വാഡൻ ബെയിൽസ് എന്ന് പേരുള്ള ഒൻപതുവയസുകാരന്റെ കണ്ണു നനയിക്കുന്ന വീഡിയോ ലോകമാകെ വൈറലായി മാറുന്നത്. ഹോളിവുഡ് സൂപ്പർതാരം ഹ്യൂഗ് ജാക്ക്മാൻ മുതൽ മലയാള സിനിമാ നടൻ അജയകുമാർ(ഗിന്നസ് പക്രു) വരെ ക്വാഡന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ശാരീരിക പ്രത്യേകത കാരണം, ഉയരം കുറഞ്ഞത് കാരണം കൂട്ടുകാരുടെ പരിഹാസം കേട്ടുകൊണ്ട് 'എന്നെയൊന്ന് കൊന്നു തരാമോ? ഞാൻ മരിക്കാൻ പോകുകയാണ്' എന്ന് പറയുന്ന ക്വാഡന്റെ വീഡിയോ അങ്ങേയറ്റം ഹൃദയവേദനയോടെയാണ് ലോകം കണ്ടത്.
തുടർന്ന് ലോകമെമ്പാടുമുള്ള നിരവധി പേരും ക്വാഡന് പിന്തുണയുമായി സോഷ്യൽ മീഡിയ വഴിയും മറ്റും രംഗത്ത് വന്നിരുന്നു.
എന്നാൽ ഈ വീഡിയോയും തുടർന്നുണ്ടായ സംഭവങ്ങളും ഒരു തട്ടിപ്പിന്റെ ഭാഗമാണെന്ന് വാദിച്ചുകൊണ്ട് ചിലർ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. ക്വാഡൻ ഒൻപത് വയസുകാരനല്ലെന്നും 18 വയസ്സാണ് ഈ കുട്ടിയുടെ പ്രായമെന്നും പറഞ്ഞാണ് ചിലർ പ്രചാരണം നടത്തുന്നത്. ക്വാഡൻ ഒരു ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി ആണെന്നും ഇതിലൂടെ ക്വാഡന് വൻ തുകകൾ ലഭിക്കുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു.
'സഹതാപ തരംഗം' അഴിച്ചുവിടുന്നതിലൂടെ കൂടുതൽ പണം സമ്പാദിക്കാനുള്ള തട്ടിപ്പാണ് ക്വാഡനും അമ്മയായ യറാക്ക ബെയിൽസും ചേർന്ന് നടത്തുന്നതെന്നും ഇവർ പറയുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ നടക്കുന്നത് കള്ളപ്രചാരണമാണെന്ന് തെളിയിച്ചുകൊണ്ട് ഒട്ടേറെ പേർ സോഷ്യൽ മീഡിയ വഴി തന്നെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ക്വാഡന്റെ കുഞ്ഞിലെയുള്ള ചിത്രങ്ങളും, ജന്മദിനാഘോഷത്തിന്റെ വീഡിയോയും പങ്കുവച്ചുകൊണ്ട് തെളിവുകൾ നിരത്തിയാണ് ഇവർ ഈ കള്ള പ്രചാരണത്തെ ചെറുക്കുന്നത്.