അഹമ്മദാബാദ്: ഇന്ത്യാ സന്ദർശനത്തിനായി എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമാനമായ 'എയർ ഫോഴ്സ് വൺ' അഹമ്മദാബാദിൽ ലാൻഡ് ചെയ്തു. ട്രംപ് എത്തിയതോടെ 'നമസ്തേ ട്രംപ്' പരിപാടിക്ക് തുടക്കമായിരിക്കുകയാണ്. വിമാനമിറങ്ങിയ ട്രംപിനെ മോദി ആശ്ലേഷിച്ചുകൊണ്ടാണ് സ്വീകരിച്ചത്. അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വാഹനത്തിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയിരുന്നു. ട്രംപിന്റെ ഔദ്യോഗിക വാഹനവും വിമാനത്താവളത്തിലേക്ക് എത്തിയിട്ടുണ്ട്.
പ്രോട്ടോക്കോൾ മാറ്റിവച്ചാണ് അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് എത്തിയിട്ടുള്ളത്. സാധാരണ യു.എസ് പ്രസിഡന്റുമാരെ സ്വീകരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിമാർ പ്രോട്ടോക്കോൾ മാറ്റിവച്ചുകൊണ്ട് എത്താറുണ്ട്. ട്രംപിനെ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി അദ്ദേഹത്തോടൊപ്പം അഹമ്മദാബാദിൽ മൊട്ടേര സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ നടത്തും.
അതേസമയം പ്രധാനമന്ത്രിയുടെ വാഹനമാണ് ആദ്യം സബർമതി ആശ്രമത്തിലേക്ക് എത്തിയത്. അല്പനിമിഷത്തിന് ശേഷം ട്രംപിന്റെയും വാഹനം സബർമതിയിലേക്ക് എത്തുകയായിരുന്നു. ശേഷം ഇരുവരും ചേർന്ന് ആശ്രമത്തിലെ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ മാല ചാർത്തി. തുടർന്ന് ഇരു നേതാക്കളും ആശ്രമം ചുറ്റി കണ്ടു. ആശ്രമം ചുറ്റിക്കാണുന്നതിനിടെ ട്രംപ് അവിടുത്തെ ചർക്കയിൽ നൂൽ നൂൽക്കുകയും ചെയ്തു.
അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് 22കി.മി റോഡ് യാത്രയ്ക്കിടെ ട്രംപും മോദിയും ജനങ്ങളെ അഭിവാദ്യം ചെയ്യും. നഗരം മുഴുവൻ മോദിയുടെയും ട്രംപിന്റെയും ഫ്ലക്സുകളാണ്. അതേസമയം, അഹമ്മദാബാദിലെ മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി അനൗദ്യോഗിക കണക്ക് പ്രകാരം 85 കോടി രൂപയാണ് സർക്കാർ ചിലവഴിക്കുന്നത്. 12.30 മോട്ടേര സ്റ്റേഡിയത്തിൽ നമസ്തേ ട്രംപ് ചടങ്ങാണ് പ്രധാന പരിപാടി. വൈകിട്ട് ആഗ്രയിലെത്തി താജ്മഹൽ സന്ദർശിക്കും.
രാത്രിയോടെ ഡൽഹിയിലെത്തും. ചൊവ്വാഴ്ച രാവിലെ ഗാന്ധിസമാധി സ്ഥലമായ രാജ്ഘട്ടിൽ സന്ദർശനം. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച. 11.30 ഓടെ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, കാശ്മീർ വിഷയങ്ങൾ ട്രംപ് ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. പ്രതിരോധ, സ്വതന്ത്രവ്യാപാര കരാറുകളും ചർച്ചചെയ്യും. തുടർന്ന് സംയുക്തവാർത്താസമ്മേളനം ഏതാനും ചില വാണിജ്യ കരാറുകളിൽ ഒപ്പിടുമെങ്കിലും വമ്പൻ കരാറുകളൊന്നും പ്രഖ്യാപിക്കില്ലെന്നാണ് റിപ്പോർട്ട്.