അഹമ്മദാബാദ് : 'അയാൾ പച്ചക്കറി കൂട്ടി ആഹാരം കഴിക്കുന്നത് ഇതു വരെ കണ്ടിട്ടില്ല', ട്രംപിന്റെ അടുത്ത ബന്ധമുള്ളയാളെ ഉദ്ധരിച്ചു കൊണ്ട് അമേരിക്കൻ മാദ്ധ്യമം പുറത്ത് വിട്ട റിപ്പോർട്ടിലെ വരികളാണിത്. ബീഫ് കൊതിയനായ ട്രംപിന് വറുത്ത ബീഫും,ബർഗറും, മീറ്റ് ലോഫും, കടൽ മത്സ്യങ്ങളാൽ തയ്യാർ ചെയ്ത വിഭവങ്ങളും ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ ട്രംപ് രുചികരമായ പച്ചക്കറി വിഭവങ്ങൾ ചേർത്ത് ആഹാരം കഴിക്കുന്നത് കാണണമെങ്കിൽ ഇന്ന് അഹമ്മദാബാദിലേക്ക് ചെന്നാൽ മതിയാവും. കാരണം ഇവിടെ ട്രംപിനായി ഒരുങ്ങുന്നത് പച്ചക്കറി വിഭവങ്ങൾ മാത്രമാണ്. തൊട്ടടുത്തായി ട്രംപിന്റെ ആതിഥേയനായി ഇരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ശുദ്ധ വെജിറ്റേറിയനാണ് എന്നതും പ്രത്യേകം ഓർക്കണം.
അഹമ്മദാബാദിലെ ഫോർച്യൂൺ ലാൻഡ് മാർക്ക് ഹോട്ടലിലെ ഷെഫ് സുരേഷ് ഖന്നയും സംഘവുമാണ് അമേരിക്കൻ പ്രസിഡന്റിനായി സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കുന്നത്. ഉദ്യോഗസ്ഥർ നൽകിയ മെനു അനുസരിച്ചുള്ള വിഭവങ്ങൾ ലാൻഡ് മാർക്കിലെ അടുക്കളയിൽ ഒരുങ്ങുകയാണ്. സ്‌പൈസസ് കുറച്ച് ഭക്ഷണവിഭവങ്ങൾ ആവിയിൽ പാകം ചെയ്‌തെടുക്കുമെന്ന് ചീഫ് ഷെഫ് സുരേഷ് ഖന്ന പറയുന്നു. ട്രംപിനായി ഗുജറാത്തി സ്‌പെഷൽ വിഭവങ്ങളാണ് ഒരുക്കുന്നത്. സസ്യ വിഭവങ്ങളാകും വിളമ്പുക. ഖമാൻ, ബ്രക്കോളി സമോസ, ഹണിഡിപ് കുക്കീസ്, മൾട്ടി ഗ്രെയ്ൻ റോട്ടി, ബേസനിലുണ്ടാക്കിയ ലഘു ഭക്ഷണങ്ങൾ എന്നിങ്ങനെ മെനു നീളുന്നു. അമേരിക്കൻ പ്രഥമ പൗരനും കുടുംബത്തിനും വളരെ ഇഷ്ടമുള്ള സ്‌പെഷൽ ഖമാനും തയ്യാർ ചെയ്യുന്നുണ്ട്. വിശദമായ പരിശോധനകൾക്ക് ശേഷമാകും ഭക്ഷണം വിവിഐപി അതിഥികൾക്ക് മുന്നിലെത്തുക.
ഇന്ന് ഇന്ത്യയിലെത്തുന്ന ട്രംപ് ദ്വിദിന സന്ദർശനത്തിനിടയിൽ അഹമ്മദാബാദിൽ ഇറങ്ങി. അഹമ്മദാബാദിന് പുറമേ ആഗ്രയും ന്യൂഡൽഹിയും അദ്ദേഹം സന്ദർശിക്കും. പത്നി മെലാനിയ ട്രംപ്, മകൾ ഇവാൻക ട്രംപ്, മരുമകൻ ജാറെഡ് കുഷ്നർ എന്നിവരും ട്രംപിനൊപ്പമുണ്ട്. പ്രസിഡന്റായ ശേഷമുള്ള ട്രംപിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.