modi-

അഹമ്മദാബാദ്: ഇന്ത്യാ സന്ദർശനത്തിനായി എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമാനമായ 'എയർ ഫോഴ്സ് വൺ' അഹമ്മദാബാദിൽ ലാൻഡ് ചെയ്തു. ഇന്ത്യയിലേക്ക് ലോകരാജ്യങ്ങളുടെ തലവൻമാർ സാധാരണയായി പറന്നിറങ്ങുന്നത് രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലായിരുന്നു. എന്നാൽ നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായതിന് ശേഷമാണ് ന്യൂഡൽഹിയുടെ സ്ഥാനം മറ്റു ഇന്ത്യൻ നഗരങ്ങളും സ്വന്തമാക്കാൻ ആരംഭിച്ചത്. പതിനഞ്ച് വർഷത്തോളം ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷമാണ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ കസേരയിൽ അമർന്നിരുന്നത്. അതിനാൽ തന്നെ ഗുജറാത്തിനോടുള്ള അടുപ്പം എന്നും മനസിൽ സൂക്ഷിക്കുന്ന ശീലം അദ്ദേഹം പിന്തുടരുന്നുണ്ട്.

modi-

എന്നാൽ അമേരിക്കൻ പ്രസിഡന്റിനെ ജന്മനാട്ടിലേക്ക് ആനയിക്കുമ്പോഴും അമേരിക്കയോട് സൗമ്യമായി മോദി വീട്ടുന്ന ഒരു മധുര പ്രതികാരമുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കവേ അമേരിക്കൻ സന്ദർശനത്തിന് മോദിക്ക് വിസ നിഷേധിക്കപ്പെട്ടിരുന്നു. ഗുജറാത്ത് കലാപത്തിന്റെ പേരിലാണ് 2005 ൽ അമേരിക്ക അദ്ദേഹത്തിന് വിസ നിഷേധിച്ച് വിലക്കേർപ്പെടുത്തിയത്. നീണ്ട ഒൻപത് വർഷക്കാലം നീണ്ടു നിന്ന ഈ വിലക്ക് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെയാണ് പിൻവലിക്കാൻ അമേരിക്ക തയ്യാറായത്. പ്രധാനമന്ത്രിയായ ശേഷം നിരവധി തവണ മോദി അമേരിക്കയിലേക്ക് യാത്ര ചെയ്യുകയും അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റുമാരായ ഒബാമയോടും പിന്നീട് ട്രംപിനോടും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുവാനും മോദിക്കായി. പരമ്പരാഗതമായി റഷ്യയുമായി അടുത്ത് നിന്നിരുന്ന ഇന്ത്യയുടെ വിദേശ നയം മോദിയുടെ കാലത്ത് വൻ വ്യതിയാനത്തിന് സാക്ഷ്യം വഹിച്ചു. ഒരേ സമയം റഷ്യയേയും അമേരിക്കയേയും ചേർത്ത് നിർത്തുവാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു എന്നതാണ് മോദിയുടെ വിജയം.

modi-

ട്രംപിനെ സ്വീകരിക്കുവാനായി 'നമസ്‌തേ ട്രംപ്' എന്ന പരിപാടിക്ക് തുടക്കമായിരിക്കുകയാണ്. വിമാനമിറങ്ങിയ ട്രംപിനെ മോദി ആശ്ലേഷിച്ചുകൊണ്ടാണ് സ്വീകരിച്ചത്. അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വാഹനത്തിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയിരുന്നു. പ്രോട്ടോക്കോൾ മാറ്റിവച്ചാണ് പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് എത്തിയിട്ടുള്ളത്. സാധാരണ യു.എസ് പ്രസിഡന്റുമാരെ സ്വീകരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിമാർ പ്രോട്ടോക്കോൾ മാറ്റിവച്ചുകൊണ്ട് എത്താറുണ്ട്. ട്രംപിനെ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി അദ്ദേഹത്തോടൊപ്പം അഹമ്മദാബാദിൽ മൊട്ടേര സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ നടത്തും. ശേഷം ഇരുവരും ചേർന്ന് സബർമതി ആശ്രമം സന്ദർശിക്കുകയും ചെയ്യും.അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് 22കി.മി റോഡ് യാത്രയ്ക്കിടെ ട്രംപും മോദിയും ജനങ്ങളെ അഭിവാദ്യം ചെയ്യും. നഗരം മുഴുവൻ മോദിയുടെയും ട്രംപിന്റെയും ഫ്ളക്സുകളാണ്. അതേസമയം, അഹമ്മദാബാദിലെ മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി അനൗദ്യോഗിക കണക്ക് പ്രകാരം 85 കോടി രൂപയാണ് സർക്കാർ ചിലവഴിക്കുന്നത്.സബർമതി ആശ്രമത്തിലെത്തി ഗാന്ധിജിക്ക് ആദരമർപ്പിക്കും.


12.30 മോട്ടേര സ്റ്റേഡിയത്തിൽ നമസ്‌തേ ട്രംപ് ചടങ്ങാണ് പ്രധാന പരിപാടി.വൈകിട്ട് ആഗ്രയിലെത്തി താജ്മഹൽ സന്ദർശിക്കും. രാത്രിയോടെ ഡൽഹിയിലെത്തും. ചൊവ്വാഴ്ച രാവിലെ ഗാന്ധിസമാധി സ്ഥലമായ രാജ്ഘട്ടിൽ സന്ദർശനം. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച. 11.30 ഓടെ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, കാശ്മീർ വിഷയങ്ങൾ ട്രംപ് ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. പ്രതിരോധ, സ്വതന്ത്രവ്യാപാര കരാറുകളും ചർച്ചചെയ്യും. തുടർന്ന് സംയുക്തവാർത്താസമ്മേളനം ഏതാനും ചില വാണിജ്യ കരാറുകളിൽ ഒപ്പിടുമെങ്കിലും വമ്പൻ കരാറുകളൊന്നും പ്രഖ്യാപിക്കില്ലെന്നാണ് റിപ്പോർട്ട്.