അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി കഴിഞ്ഞു. ഉച്ചയ്‌ക്ക് 11.30 ഓടെ അഹമ്മബദാബാദ് വിമാനത്താവളത്തിൽ എയർഫോഴ്‌സ് വണ്ണിൽ വന്നിറങ്ങിയ ട്രംപിനെ നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപ്, മകൾ ഇവാൻക, അവരുടെ ഭർത്താവ് ജെറാദ് കുഷ്‌നർ എന്നിവരുമുണ്ട്. ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതൽ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിരുന്നു.
എന്നാൽ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ തന്നെ ട്രംപിലുണ്ടായിരുന്ന ഒരു പ്രത്യേകത അദ്ദേഹം ധരിച്ചിരുന്ന ടൈയിലായിരുന്നു. സാധാരണയായി കൂടുതലും ചുവന്ന ടൈ ധരിക്കാറുള്ള ട്രംപ് ഇന്ത്യയിൽ അതിന് ചെറിയൊരു മാറ്റം വരുത്തി. ചുവപ്പിന് പകരം മഞ്ഞയാണ് തിരഞ്ഞെടുത്തത്. ചില സമയങ്ങളിൽ അപൂർവമായി നീല ടൈ ധരിച്ച് കാണാറുണ്ടെങ്കിലും ട്രംപ് മഞ്ഞ നിറം തിരഞ്ഞെടുക്കുന്നത് ആദ്യ കാഴ്‌ചയാണ് എന്നാണ് സോഷ്യൽ മീഡിയയും പറയുന്നത്.
ടൈയിലുമുണ്ട് ട്രംപിന് ചില പ്രത്യേകതകൾ
ധരിക്കുന്ന ടൈയിലും ചില വ്യത്യസ്‌തതകൾ സ്വീകരിക്കുന്നയാളാണ് ഡൊണാൾഡ് ട്രംപ്. സാധാരണയിൽ നിന്ന് വിരുദ്ധമായി വളരെ നീളം കൂടിയ ടൈയാണ് ട്രംപിനിഷ്‌ടം. ആദ്യ കാലത്ത് ഇതു സംബന്ധിച്ച പലതരത്തിൽ വാർത്തകൾ പരന്നിരുന്നെങ്കിലും പിന്നീട് ചില അമേരിക്കൻ മാദ്ധ്യമങ്ങൾ സ്വമേധയാ അതിന് ഉത്തരം കണ്ടെത്തുകയായിരുന്നു. വണ്ണക്കൂടുതൽ തോന്നാതിരിക്കാനാണ് നീളമുള്ള ടൈ ട്രംപ് ഉപയോഗിക്കുന്നതത്രേ. ന്യൂജഴ്‌സി മുൻ ഗവർണറായ ക്രിസ് ക്രിസ്റ്റയേഴ്‌സ്, 'ലെറ്റ് മി ഫിനിഷ് ' എന്ന തന്റെ ആത്മകഥയിൽ ഇത് പരാമർശിച്ചിട്ടുമുണ്ട്.