saranya-

തിരുവനന്തപുരം : തെെക്കാട് ശിശുക്ഷേമ സമിതിയിലെത്തുന്ന കുട്ടികൾക്ക് 18 വയസുവരെ താമസിക്കാനായി പുത്തൻ കെട്ടിടമൊരുങ്ങുന്നു. ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് നാല് നില കെട്ടിടം ശിശുക്ഷേമ സമിതി അങ്കണത്തിൽ പൂർത്തിയാകുന്നത്. ഒന്നര വർഷം മുൻപ് ആരംഭിച്ച പണികൾ അന്തിമ ഘട്ടത്തിലാണന്നും ഉപകരണങ്ങൾ സ്ഥാപിച്ചു കഴിഞ്ഞാൽ ഒരാഴ്ചക്കുള്ളിൽ പ്രവർത്തനസജ്ജമാകുമെന്നും അധികൃതർ അറിയിച്ചു. 10 കോടിയാണ് നിർമ്മാണ ചെലവ്.

ആറു വയസുവരെയുള്ള കുഞ്ഞുങ്ങളെയാണ് ഇപ്പോൾ സമിതിയിൽ പാർപ്പിക്കുന്നത്. അതു കഴിഞ്ഞാൽ ജുവെെനൽ ഹോമിലോ, ശ്രീചിത്ര പുവർഹോം പോലുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് പതിവ്. അല്ലെങ്കിൽ ദത്തെടുക്കുന്നവർക്ക് നൽകും. അനാഥരായ കുട്ടികളുടെ പരിചരണം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഫലപ്രദമായി നടപ്പിലാക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

പുതിയ തൊട്ടിൽ മിന്നും

പുതിയ കെട്ടിടം പണിയുന്നതിനുവേണ്ടിയാണ് രണ്ട് മാസങ്ങൾക്ക് മുമ്പ് അമ്മത്തൊട്ടിൽ പൊളിച്ചു. ഇപ്പോൾ സമിതി ഹാളിലാണ് അമ്മത്തൊട്ടിൽ പ്രവർത്തിക്കുന്നത്. നാലു ഭാഗവും കർട്ടൻ വലിച്ച് കെട്ടി അതിനുള്ളിലാണ് തൊട്ടിൽ. അതിനുശേഷം രണ്ട് കുട്ടികളാണ് തൊട്ടലിൽ ഉപേക്ഷിച്ചത്.

കെട്ടിട നിർമ്മാണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകുന്നതോടെ താത്കാലിക സംവിധാനം മാറ്റി സാങ്കേതിക വിദ്യയുടെ പുതിയതൊട്ടിൽ വരും.

തുടക്കം 18 വർഷം മുമ്പ്

2002 ലാണ് തിരുവനന്തപുരം തൈക്കാട് ശിശുക്ഷേമ സമിതിയിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ചത് .158 കുഞ്ഞുങ്ങളെയാണ് ഇതുവരെ തൊട്ടിലിൽ ലഭിച്ചത് . 3 മുറികളായി 68 കുട്ടികൾ ഇപ്പോഴുണ്ട്. കേരളത്തിലെ ആദ്യത്തെ ഹെെടെക് അമ്മത്തൊട്ടിൽ കൂടിയാണിത്.

''കെട്ടിട നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഉപകരണങ്ങൾ കൂടി സ്ഥാപിച്ചാൽ ഒരാഴ്ചക്കുള്ളിൽ കെട്ടടം പ്രവൃത്തിച്ചു തുടങ്ങും.

കെ. ബാഹുലേയൻ നായർ

തണൽ സംസ്ഥാന കോർഡിനേറ്റർ