രുക്കു കിതച്ചുകൊണ്ട് കുരിശുപള്ളിയുടെ അടുത്തെത്തി. തോമാശ്ളീഹാ പുണ്യാളന്റെ പള്ളിയാണത്. അവർ വിശ്വാസമർപ്പിച്ച് ഇടയ്ക്കിടക്ക് മെഴുകുതിരി കത്തിക്കാറുണ്ടവിടെ. വിശ്വസ്തരുടെ ആശാകേന്ദ്രം. മനസെരിഞ്ഞ് അവിടെ എന്തു പ്രാർത്ഥിച്ചാലും നടക്കുമെന്നാണ് വിശ്വാസം.
അവൾ കൈയിലിരുന്ന സ്റ്റീൽ ചോറ്റുപാത്രം കുരിശുപള്ളിയുടെ അരമതിലിൽ വച്ചു. ഒന്ന് നിന്ന് കിതപ്പകറ്റി. കഴുത്തിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടിരുന്ന വിയർപ്പുതുള്ളികൾ കഴുത്തിൽ കിടന്ന തോർത്തിന്റെ കോന്തലയെടുത്ത് ഒപ്പി മാറ്റി.
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചമുണ്ടെങ്കിലും പള്ളിമുറ്റത്തും തടത്തിലും കത്തിയെരിയുന്ന മെഴുകുതിരികൾ നന്നായി, നക്ഷത്രങ്ങളെ പോലെ കാണാമായിരുന്നു. കണ്ണിന് ഇമ്പം പകർന്ന കാഴ്ച.
അരമതിലിൽ വച്ച തൂക്കു ചോറ്റുപാത്രം അവിടെതന്നെ മറിയാതെ ഇരിപ്പുണ്ടോ എന്ന് ഒരിക്കൽ കൂടി നോക്കി ഉറപ്പുവരുത്തി. വല്ല പൂച്ചയോ, പട്ടിയോ വന്ന് തട്ടി താഴെ ഇട്ടോ എന്നായിരുന്നു ഭയം. അതിനകത്തിരിക്കുന്ന സാധനത്തിന് അത്രയ്ക്കും അവൾ വില കല്പിച്ചിരുന്നു. തന്റെ മകൾക്കായി സിസ്റ്റർ മഗ്ദലന തന്നുവിട്ട താറാവ് കറിയായിരുന്നു അത്.
''ന്നാ, ഇത് നീ തളിർ മോൾക്ക് കൊടുക്കണം. ഞാൻ തന്നു വിട്ടതാണെന്ന് പറയണം."
സിസ്റ്റർ മഗ്ദലന പ്രത്യേകം പറഞ്ഞുതന്നതാണ്. പെറ്റമകളോടുള്ള വാത്സല്യമാണ് സിസ്റ്റർ തന്റെ മകൾക്ക് കൊടുത്തത്. തന്നെപ്പോലെ തളിരിനും സന്തോഷമാകും. രുക്കു ദീർഘനിശ്വാസമിട്ടുകൊണ്ട് കുരിശു വരച്ചു. കൈയിലെ തുണിസഞ്ചിയിൽ കരുതിയിരുന്ന മെഴുകുതിരി പുറത്തെടുത്തു. ഒന്നും രണ്ടും മെഴുകുതിരിയല്ല കത്തിച്ചുവയ്ക്കാനുള്ളത്. നൂറ്റൊന്നെന്നാണ് കണക്ക്. ഇന്നത്തേത് പുണ്യാളനുള്ളത്.
ഭക്തർ, കാര്യസാദ്ധ്യം ലഭിച്ചവർ... ഇവരൊക്കെയാണ് അവിടെ മെഴുകുതിരി നേർച്ച കത്തിക്കുന്നത്. രുക്കു ഒരിക്കൽ കൂടി ഓർത്തു, താനും ഇന്നതിലൊരാളായി മാറിയിരിക്കുന്നു.
രുക്കു ആദ്യത്തെ കെട്ടഴിച്ചു. മെഴുകുതിരിയുടെ കീഴ് ഭാഗം തിട്ടയിൽ ഉറപ്പിക്കാനുള്ള ശ്രമമായിരുന്നു.
''അല്ല രുക്കു അമ്മ ഇന്നെന്താ വൈകിയേ? "
പിന്നിൽ വന്ന പ്രഭു രുക്കുവിന്റെ തോളിൽത്തട്ടി.
''ങാ നീ വന്നോ? "
''നേരത്തെ വന്നിരുന്നു. രുക്കു അമ്മയെ കാണാത്തപ്പോൾ ഞാൻ നേരെ ദാ ഈ ടോർച്ചുമായി മേരിമാതാ കോൺവെന്റിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ഗേറ്റ് വാച്ചർ പറഞ്ഞു; രുക്കുവമ്മ ഇറങ്ങിയിട്ട് അല്പനേരമേ ആയിട്ടുള്ളൂവെന്ന്. പിന്നെ ഞാനിങ്ങോട്ട് നേരെ പോന്നു വീണ്ടും."
പ്രഭു ശാന്തനായി പറഞ്ഞു.
''അതെ മോനെ... ഇന്ന് തമിഴ്നാട്ടിൽ നിന്നുള്ള മലക്കറി ലോറി വരാൻ കുറച്ചു വൈകി. കണക്ക് തീർത്ത് സൂക്ഷിച്ച് വിരിച്ചിട്ടിട്ട് ഇറങ്ങിയപ്പോൾ കുറച്ചു വൈകി. ഞാൻ നിന്നെ ഇവിടെ പ്രതീക്ഷിച്ചിരുന്നു. "
കൂട്ടത്തിൽ മഗ്ദലന സിസ്റ്റർ കോൺവന്റിൽ പുതുതായി വന്ന് ചാർജെടുത്ത കാര്യവും രുക്കു രാമപ്രഭുവിനോട് പറഞ്ഞു.
''ങും."
രാമപ്രഭു ഒന്നു മൂളി. 22 വയസുള്ള ചെറുപ്പക്കാരനാണ് പ്രഭു. അക്ഷരാർത്ഥത്തിൽ 'അനാഥൻ !"
രുക്കുവിനെ അമ്മ എന്നാണ് വിളിക്കുന്നത്. അവന് പറയത്തക്കതായി മറ്റാരോടും അത്ര അടുപ്പമില്ല. തൊഴിലാളി നേതാവാണ്. നാട്ടുകാർക്കെല്ലാം സമ്മതൻ. പാർട്ടി പ്രവർത്തകൻ എന്ന നിലയിലും ഇഷ്ടക്കാരൻ. ആരാധ്യപുരുഷൻ. സ്വതന്ത്രനാണ്. അച്ഛനോ അമ്മയോ ആരുമില്ല ബന്ധുക്കളായി. രുക്കുവിനെ പരിചയപ്പെട്ട നാൾ തൊട്ട് അമ്മ എന്നാണ് വിളിക്കുക.
ഒരമ്മയോടുള്ള എല്ലാ വാത്സല്യവും ബഹുമാനവും ആത്മാർത്ഥതയും രുക്കുവിന് കൊടുക്കാറുമുണ്ട്. രുക്കുവിനെ സംബന്ധിച്ചിടത്തോളം അവരുടെ കുടുംബകാര്യങ്ങൾ അവന് മുമ്പിൽ തുറന്ന പുസ്തകമാണ്. വരവും ചെലവും വരെ ഒരു മകനോടെന്ന പോലെ വിസ്തരിച്ചു പറയാറുമുണ്ട്.
രുക്കുവിന്റെ വീട്ടിനടുത്ത് റിസോർട്ടു പണിയുന്ന പാലക്കാട്ടുകാരൻ ദേവേന്ദ്രക്കാരണവരുടെ സഹായിയായാണ് രാമപ്രഭു ഇപ്പോൾ നിൽക്കുന്നത്. ഒരു വിധം നല്ല വരുമാനവുമുണ്ട്, ആ ഇനത്തിൽ സിമന്റും കമ്പിയും കട്ടയുമൊക്കെ ഇറക്കുന്നത് പ്രഭുവിന്റെ നേതൃത്വത്തിലാണ്.
''തളിർ മെഴുകുതിരി കത്തിക്കാനെത്തുമോ? "
പ്രഭു രുക്കുവിനോട് ചോദിച്ചു.
ഇല്ല.
''മഗ്ദലനസിസ്റ്ററിനോട് രുക്കു തളിരിനെക്കുറിച്ച് പറഞ്ഞോ?"
പ്രഭു ചോദിച്ചു
''പിന്നില്ലേ? അവർക്ക് തളിരിനെ ഇന്നുതന്നെ കണ്ടാൽ കൊള്ളാമെന്നാ പറഞ്ഞത്. നാളെ കൊണ്ടുവന്ന് കാണിക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ച് ഞാനിറങ്ങി. മെഡിസിന്റെ എൻട്രൻസ് കിട്ടിയെന്ന് പറഞ്ഞപ്പോൾ സിസ്റ്ററിന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. അവളിപ്പോൾ ട്യൂഷനെടുത്തിട്ട് ചന്തയിൽ പോയി മീനും വാങ്ങി നേരെ വീട്ടിലേക്ക് പോയിട്ടുണ്ടാവും. എന്നെ കാത്തിരിക്കയാവും പാവം. "
പ്രഭു കൈയിലിരുന്ന തീപ്പെട്ടി ഉരച്ച് മെഴുകുതിരി കത്തിച്ചു.
നൂറ്റൊന്ന് മെഴുകുതിരിയും അവർ ഇരുവരുമായി കത്തിച്ചു തീർത്തു.
രുക്കു പ്രഭുവിനോട് പറഞ്ഞു.
''മെഴുകുതിരി കത്തിതീരുന്നത് വരെ നീ ഇവിടെ നിൽക്കണേ. അണയാതെ നോക്കണം. ഇന്നാണെങ്കിൽ മഴക്കോളും കണ്ടു."
''ശരി അമ്മേ. പിന്നെ അമ്മ മഗ്ദലന സിസ്റ്ററിനെപ്പറ്റി പറഞ്ഞത് മുഴുമിപ്പിച്ചില്ലല്ലോ..."
''ബാക്കി പിന്നെപ്പറയാമെടാ. നീ മഗ്ദലന സിസ്റ്ററിന് എനിക്ക് തരുന്ന സ്ഥാനവും മാനവും സ്നേഹവും കൊടുക്കണം കേട്ടോ. പരിചയപ്പെടുത്തി തരാം."
''തീർച്ചയായും അമ്മേ. അതുപിന്നെ അമ്മ അത് പ്രത്യേകം പറയേണ്ടല്ലോ. ആരോടൊക്കെ എങ്ങനെയൊക്കെ പെരുമാറണമെന്ന് എനിക്കറിയാം അമ്മേ "
''നാളെ തളിരിനെ കൂട്ടിയാ ഞാൻ മഗ്ദലനയുടെ അടുത്ത് പോകുന്നത്. വേണമെങ്കിൽ നീയും പോന്നോ. നിനക്ക് സമയം കിട്ടുകയാണെങ്കിൽ പരിചയപ്പെടുത്തിത്തരാം."
''ശരി രുക്കുവമ്മേ... നോക്കട്ടെ."
അവൻ സംസാരം നിറുത്തി. രുക്കു വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായി. അരമതിലിൽ വച്ചിരുന്ന സ്റ്രീലിന്റെ ചോറ്റുപാത്രം കൈയിലെടുത്തു ഒന്നു കുലുക്കി മൂക്കിനോടടുപ്പിച്ചു പിടിച്ചു.
''താറാവ് കറി. ഇന്ന് തളിരിന് കുശാലായി. നിനക്ക് വേണോടാ? വേണേലിത്തിരി വച്ചേക്കാം. ഉള്ളതിൽ പങ്ക് രണ്ടുപേരുമായി കഴിച്ചോ. നീ എനിക്ക് അന്യനല്ലല്ലോ."
''രുക്കുവമ്മ പൊയ്ക്കോ. മെഴുകുതിരികൾ കത്തി തീർന്നതിനുശേഷം ഞാനങ്ങുവരാം. അമ്മ ടോർച്ച് തെളിച്ചു വേണേ പോകാൻ. ""
രാമപ്രഭു ആത്മാർത്ഥതയോടെ പറഞ്ഞ് ടോർച്ച് കത്തിച്ച് അവരുടെ കൈകളിലേയ്ക്ക് കൊടുത്തു.
രുക്കു മുറ്റത്തേക്കിറങ്ങി നടന്നു.
തോളിൽ കിടന്ന തോർത്തെടുത്ത് തലയിൽ വിരിച്ചുകൊണ്ടവർ മുന്നോട്ടോടി.
***************
രുക്കു കോൺവെന്റ് ഗേറ്റ് കടന്നുപോയതിനുശേഷം ദീർഘമായി ശ്വാസം വലിച്ചുവിട്ട് മഗ്ദലന സിസ്റ്റർ നെറ്റിയിൽ കുരിശു വരച്ചു. കർത്താവിന് പ്രാർത്ഥന എത്തിച്ചു. മനസിന് വല്ലാത്ത, സാധാരണയിൽ കവിഞ്ഞൊരു കുളിർമ്മ അനുഭവപ്പെട്ടു.
എത്രയോ വർഷമായി നെഞ്ചിനകത്ത് ഒരു വല്ലാത്ത ഭാരമായി വഹിച്ചുകൊണ്ടുനടന്ന ഒരു മലയെ താഴേക്ക് ഇറക്കിവച്ചതുപോലൊരു തോന്നൽ. എത്ര സമാധാനം. ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാധനം കളഞ്ഞുപോകുകയും കിട്ടില്ലെന്ന് തീർത്തും കരുതിയ വിലപിടിപ്പുള്ള ആ സാധനം തിരിച്ചുകിട്ടിയപ്പോഴുള്ള ആഹ്ലാദമാണ് തനിക്കിപ്പോൾ. സന്തോഷം കൊണ്ട് ഒരേ സമയം പൊട്ടിച്ചിരിക്കാനും കരയാനുമാണ് തോന്നുന്നത്. പക്ഷേ ഈ സന്തോഷത്തിൽ പങ്കുചേരാൻ ഒരാൾ കൂടി വേണം. 'മാനസി " അവളാണ് രുഗ്മിണി വാരസ്യാരെ കണ്ടുമുട്ടിയെന്നറിയുമ്പോൾ തന്നേക്കാൾ ആഹ്ലാദിക്കുന്നത്. മഗ്ദലന സിസ്റ്റർ ഓരോന്നാലോചിച്ച് കിടക്കമുറിയിലേക്ക് നടന്നു. അവിടെയാണ് ഫോൺ ഇരിക്കുന്നത്.അതിൽ ഐ.എസ്.ടി കോൾ ചെയ്യാവുന്നതാണ്. അമേരിക്കയിൽ ചികിത്സയ്ക്കുപോയ സിസിലി സിസ്റ്ററിനെ താൻ വിളിച്ചിരുന്നല്ലോ.
അവർ ക്ലോക്കിലേക്ക് നോക്കി.
സമയം എട്ടു മണി. അതിവിടത്തെയാണ്. ഇവിടത്തേതിൽ നിന്നും രണ്ടരമണിക്കൂർ വ്യത്യാസമുണ്ട്.
മാനസിയുടെ ഭർത്താവ് കൺസ്ട്രക്ഷൻ കമ്പനിയിലെ സിവിൽ എൻജിനീയറാണ്. ആ കമ്പനിക്ക് ഇന്ത്യയിലൊഴിച്ച് മറ്റു സ്ഥലങ്ങളിലെല്ലാം കൺസ്ട്രക്ഷൻ കമ്പനികളുണ്ട്. ശാന്തനു എന്ന എൻജിനീയർ ആ കമ്പനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആളും. നാട്ടിൽ വരുന്നത് പത്തുവർഷം കൂടുമ്പോഴാണ്. പകരം എല്ലാ വർഷവും മക്കളെയും കൊണ്ട് വരുന്നത് മാനസിയാണ്. അടച്ചിട്ടിരിക്കുന്ന കുടുംബവീട്ടിൽ രണ്ടു ജോലിക്കാരെ നിറുത്തിയിട്ടുണ്ട്. നാട്ടിൽ വരുമ്പോഴൊക്കെ മഗ്ദലന എവിടെയുണ്ടോ അവിടെ മാനസി ചെല്ലുകയും കാണുകയും ഓർഫനേജിന് കൈ അയച്ചു സഹായിക്കുകയും ചെയ്യാറുണ്ട്.
ഒരു ചെടിയിലെ മൂന്ന് പുഷ്പങ്ങളെപ്പോലെയായിരുന്നു രുഗ്മിണി വാരസ്യാരും മേരി ജോർജും മാനസിയും. പ്ലസ് ടു കഴിഞ്ഞതോടെ പന്ത്രണ്ടു വർഷത്തെ ഒരുമിച്ചുള്ള പഠനം തീർന്ന് മൂന്നുപേരും മൂന്ന് വഴിക്കാകുകയായിരുന്നു. അതിൽ രുക്കുവിന്റെ തിരോധാനം പെട്ടെന്നായിരുന്നു. അവൾ എവിടേയ്ക്ക് പോയി, എങ്ങോട്ടു പോയി എന്ന് എത്ര തിരക്കിയിട്ടും ആർക്കും കണ്ടു പിടിക്കാനാവില്ല. പത്തിരുപത് വർഷമായിട്ടും.
അപ്പോഴാണ് മേരിമാതാ ഓർഫനേജിൽ വച്ച് ഇന്നലെ മഗ്ദലനയുടെ കണ്ണിൽ രുക്കു പെട്ടത്. മഗ്ദലന സിസ്റ്റർ അത്രയും നാളും ബാംഗ്ലൂരിലെ ഓർഫനേജിന്റെ ചാർജിലായിരുന്നു. സിസിലി സിസ്റ്ററിനെ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് കൊണ്ടുപോയതു കൊണ്ടാണ്. മഗ്ദലന, മേരിമാതാ ഓർഫനേജിൽ വന്ന് ചാർജ്ജെടുത്തത്.
സിസ്റ്റർ മേശ തുറന്ന് ഫോൺ നമ്പറുകൾ എഴുതിവച്ചിട്ടുള്ള ഡയറി പുറത്തെടുത്തു.ഫോണിൽ മാനസിയെ കിട്ടി. ഭാഗ്യത്തിന് ശാന്തനു വീട്ടിലില്ലായിരുന്നു. മാനസിയോട് രുഗ്മിണിയെപ്പറ്റി മഗ്ദലന എല്ലാം വിസ്തരിച്ചു പറഞ്ഞുകേൾപ്പിച്ചു.
''അവളിപ്പോൾ രുഗ്മിണി വാരസ്യാർ എന്ന പേരുമാറ്റി രുക്കു എന്ന പേരിലാണ് അറിയപ്പെടുന്നത്."
സിസ്റ്റർ മാനസിയെ രുക്കുവിന്റെ പേരുമാറ്റവും കൂട്ടത്തിൽ ധരിപ്പിച്ചു.
മാനസിയുടെ ഹൃദയം സന്തോഷത്താൽ തുടിച്ചു.
''സിസ്റ്ററേ അവളെ എനിക്കുടനെ കാണണം. ഞാനെത്രയും വേഗം അവിടെ എത്തും. തത്ക്കാലം ഈ കാര്യം ശാന്തനുവും അലസയും അറിയണ്ട. പിന്നെ സമയം വരും അപ്പോൾ പറയാം."
''അതെ മാനസി. കർത്താവ് നമ്മുടെ പ്രാർത്ഥന കേട്ടു. അവളെ കണ്ടാൽ ആർക്കും പെട്ടെന്ന് മനസിലാവില്ല. വേഷം പോലും മാറ്റിയിരിക്കുന്നു. ഒരു ക്രിസ്ത്യൻ ദൈവവിശ്വാസിയാണിപ്പോൾ അവൾ. ചട്ടയും മുണ്ടും കഴുത്തിൽ കൊന്തയുമൊക്കെയാണ് ധരിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഒരു ക്രിസ്തീയ പെണ്ണ്. ഇവിടത്തെ കുശിനിക്കാരിയും കൂടി ആയപ്പോൾ മറ്റൊരാളായി തോന്നില്ല."
''ഇതൊക്കെ സത്യമാണോ സിസ്റ്റർ?"
''എന്തൊക്കെയോ അവളുടെ ജീവിതത്തിൽ നടന്നിരിക്കുന്നു. പത്തൊമ്പതുവയസായ ഒരു പെൺകുട്ടിയുടെ അമ്മ കൂടിയായപ്പോൾ ചുമതലയും കൂടിയിരിക്കുന്നു. "
''അപ്പോൾ എന്റെ മകൾ അലസയുടെ പ്രായമാണവളുടെ മകളും. "
''അതിനെപ്പറ്റിയൊക്കെ ഇനി ചോദിച്ചറിയണം. എന്തായാലും അവളെ കണ്ടുകിട്ടിയല്ലോ. ഒരു കാര്യം എനിക്ക് മനസിലായി. അവൾ അവളെ പറ്റി തന്നെ ഒരു കള്ളക്കഥ, നടന്നതുപോലെ മെനഞ്ഞ് നാട്ടുകാരുടെ ഇടയിൽ അങ്ങ് പ്രചരിപ്പിച്ചതാ. അതും നിനക്കുവേണ്ടി. ശാന്തനു അവളെ വെറുത്തിട്ട് നിന്നെ വിവാഹം ചെയ്യാൻ വേണ്ടി. അന്നേ ഞാനിക്കാര്യം സംശയം പറഞ്ഞിരുന്നില്ലേ നീ ശാന്തനുവിനെ ഇഷ്ടപ്പെടുന്നുണ്ട് എന്നവൾ എന്നിൽ നിന്നല്ലേ അറിഞ്ഞത്. അവളും ശാന്തനുവുമായിട്ടുള്ള അടുപ്പം സത്യത്തിൽ എനിക്കുമറിയുമായിരുന്നില്ലല്ലോ അത് പറഞ്ഞപ്പോൾ."
''അപ്പോൾ നമ്മുടെ സംശയം ശരിയായിരുന്നു അല്ലേ? "
''അതേടീ. പാവം അതിനായി അവൾ മറ്റാരെയോ ഭർത്താവായി കണ്ടുപിടിച്ചതാവും."
''ങും. അവൾ എന്നെപ്പറ്റി ചോദിച്ചോ മഗ്ദലന?"
''എന്റെ മുന്നിൽ അവൾ മുഖംമൂടി അഴിച്ചുവച്ചിട്ട് ആദ്യം നിന്നെപ്പറ്റിയാണ് ചോദിച്ചത്. നീ സുഖമായി ഇരിക്കുന്നുണ്ടോ എന്നറിയാൻ."
''മാണിക്യം കുപ്പിയിൽ കിടന്നാലും അത് തിളങ്ങിക്കൊണ്ടേയിരിക്കും സിസ്റ്റർ. നീ അവളുടെ മകളെ കണ്ടോ? "
''ഇല്ല. നാളെ അവളെ ഇവിടെ കൊണ്ടുവരാമെന്ന് പറഞ്ഞിട്ടുണ്ട്. "
''എനിക്കവളെയും മകളെയും എത്രയും പെട്ടെന്ന് കാണണം. എന്തെങ്കിലും ഒരു കാരണം പറഞ്ഞ് ഞാനുടനെ നാട്ടിലെത്തും. അതൊരു സസ്പെൻസായിരിക്കട്ടെ..."
സൗഹൃദം പങ്കിട്ട് അവർ ഫോൺ കട്ട് ചെയ്തു.
************
രുക്കു വീടെത്തിയപ്പോൾ ആകെ നനഞ്ഞു കുതിർന്നിരുന്നു. തോളിൽ കിടന്ന രണ്ടാം മുണ്ട് പിഴിഞ്ഞ് ഇറയത്ത് വച്ചു. ചാണകം മെഴുകിയ വരാന്തയിലേക്ക് കയറാൻ ശ്രമിച്ചു. മഴയത്ത് സ്ട്രീറ്റ് ലൈറ്റ് ഓഫായിരുന്നു. കൈയിലിരുന്ന ടോർച്ച് തെളിച്ചു.
ഉമ്മറത്ത് കത്തിച്ചുവച്ചിരുന്ന നിലവിളക്ക് ആരോ തട്ടിത്തെറിപ്പിച്ചിരുന്നതുപോലെ ചരിഞ്ഞു കിടക്കുന്ന കാഴ്ചയാണ് കണ്ടത്. എണ്ണ വേറെ, വിളക്കുവേറെ, കരിന്തിരി വേറെയായി.
അവർ തറയിൽ കിടന്നിരുന്ന നിലവിളക്ക് കൈയിലെടുത്തു. തൊട്ടടുത്തു കിടന്ന കരിന്തിരിയും. തിട്ടയിലിരുന്ന തീപ്പെട്ടിയെടുത്ത് വിളക്കു കത്തിച്ചുകൊണ്ട് വാതിലിനരികിലേക്ക് നടന്നു. മുൻവാതിൽ തുറന്നു കിടക്കുന്നത് കണ്ട് നെഞ്ചൊന്നു കാളി.
''തളിരേ...നീ എന്തെടുക്കുവാ ഈ ഇരുട്ടത്ത്. വാതിലും തുറന്നിട്ട്?"
രുക്കു ശകാരിച്ചു.
മറുപടി ഇല്ലാത്തതുകൊണ്ട് രുക്കു അവളെ വീണ്ടും രൂക്ഷമായി വഴക്കുപറഞ്ഞു കൊണ്ട് അകത്തേക്ക് കയറി.
കൈയിലിരുന്ന ടോർച്ചിന്റെ വെളിച്ചത്തിൽ തറയിൽ രക്തത്തിൽ കുതിർന്നു കിടക്കുന്ന തളിരിനെ രുക്കുകണ്ടു.
''അയ്യോ മോളേ...ഇതെന്തുപറ്റി? ആരാ നിന്നെ ഉപദ്രവിച്ചത്?"
ഒരു ഞരക്കം മാത്രമായിരുന്നു മറുപടി.
രുക്കു തളിരിന്റെ തലയെടുത്ത് സ്വന്തം മടിയിൽ വച്ചു. അടുക്കളയിൽ നിന്നെടുത്തു വന്ന വെള്ളം മുഖത്ത് തളിച്ചു. ചുണ്ടിൽ വെള്ളം ഇറ്റിച്ചുകൊടുത്തു.
'' മോളെ കണ്ണു തുറക്ക്...ഞാനാ നിന്റെ അമ്മ."
പാതിമയക്കത്തിലെന്നപോലെ തളിർ കണ്ണ് തുറന്നു. പിന്നെയും അടഞ്ഞ കണ്ണുകൾ.
മോളേ പറയൂ... ഇവിടെ എന്താ നടന്നത്?
തളിർ അല്പം കഴിഞ്ഞപ്പോൾ ഉണർന്നു. അവിടെ നടന്നതൊക്കെ പറഞ്ഞു.
''എന്നിട്ടയാൾ എവിടെ? ആ ദേവേന്ദ്ര കാരണവർ? "
രുക്കു ഭദ്രകാളിയെപ്പോലെ വിറച്ചു. അപ്പോൾ വന്ന കറന്റിൽ രുക്കു ആ കാഴ്ച കണ്ടു.കട്ടിലിന്റെ കാൽക്കലായി രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു ദേവേന്ദ്ര കാരണവർ. തൊട്ടടുത്ത് നല്ല മൂർച്ചയുള്ള വാക്കത്തിയും.
അവൾ വാക്കത്തി കൈയിലെടുത്തു തിരിച്ചും മറിച്ചും നോക്കി. രാവിലെ താൻ മടലുവെട്ടുക്കീറി ഉണങ്ങാനിട്ടത് ഈ വാക്കത്തി കൊണ്ടാണ്. എന്നിട്ട് കൈവരിയിൽ തന്നെ വയ്ക്കുകയും ചെയ്തിരുന്നതാണ്.
രുക്കു തിരിഞ്ഞ് തളിരിന്റെ നേരെ സംശയരൂപത്തിൽ നോക്കി.
അയാളുടെ ഉപദ്രവത്തിൽ നിന്നും രക്ഷപ്പെടാൻ തന്റെ മോൾ ചെയ്തുപോയ തെറ്റ്. ഒരിക്കലും കരുതി കൂട്ടിയല്ലെങ്കിലും കൊലയെന്നും കൊലയാണ്.
''കർത്താവേ... തന്റെ മോളൊരു കൊലപാതകിയെന്ന് മുദ്രകുത്തപ്പെടുകയാണോ...ഡോക്ടർ തളിർ എന്ന് കേൾക്കാൻ കൊതിച്ച കാതുകൾ എത്രയാണുള്ളത്?"
രുക്കുവിനെ ആ ചിന്ത വല്ലാതെ നടുക്കി.
കർത്താവേ എനിക്കൊരു വഴി കാണിച്ചുതരൂ. ഇനി ചിന്തിച്ചുനിന്നിട്ട് കാര്യമില്ല. ഒന്നും ഒളിക്കാനാവില്ല.
ദേവേന്ദ്രക്കാരണവരുടെ മൃതദേഹം തന്റെ വീട്ടിനകത്താണ് രക്തം ചിന്തിക്കിടക്കുന്നത്. കാർ വഴിയരികിൽ അനാഥമായി കിടക്കുന്നതു കണ്ടപ്പോൾ റിസോർട്ട് പണിയുന്നിടത്ത് വന്നതാവും എന്നായിരുന്നു കരുതിയത്.
രുക്കു കൈയിലിരുന്ന കൊത്തുവാൾ ഒന്നുകൂടി നോക്കുമ്പാഴാണ് വാതിൽക്കൽ ശബ്ദം കേട്ടത്.
''ആ കത്തി ഇങ്ങ് തന്നേക്ക്."
കാക്കിധാരികളായ മൂന്നാലുപേർ.
''ഏമാനേ..."
രുക്കു പൊട്ടിക്കരഞ്ഞുകൊണ്ട് സി.ഐ രംഗനാഥന്റെ കാൽക്കൽ വീണു.
''വേണ്ട...അഭിനയം വേണ്ട. എഴുന്നേൽക്കെടീ...ങും."
അയാൾ രുക്കുവിനെ പിടിച്ചെഴുന്നേല്പിക്കാനായി കൂടെയുണ്ടായിരുന്ന വനിതാ പൊലീസിനോട് പറഞ്ഞു.
ദേവേന്ദ്രക്കാരണവരുടെ കഴുത്തിലെ മുറിവ് പരിശോധിച്ചിട്ട് സി.ഐ അഭിപ്രായപ്പെട്ടു.
''ഒറ്റ വെട്ടിനിത്ര ആഴത്തിൽ മുറിവുണ്ടാക്കാൻ പറ്റിയോ?ചില്ലറ ഊക്കിലല്ല വെട്ടിവീഴ്ത്തിയത്. വാഴക്കൈ വെട്ടും പോലെയല്ലേ വെട്ടി വീഴ്ത്തിയിരിക്കുന്നത്. മിടുക്കിയാണല്ലോടീ. ആള് കണ്ടതുപോലൊന്നുമല്ലല്ലോ...""
രുക്കുവിനെ സി.ഐ രൂക്ഷമായി നോക്കി.
അവർ മറുപടി പറയാതെ തല കുനിച്ചു പിടിച്ചുനിന്നു. താൻ തന്നെയാണ് ആ കൃത്യം ചെയ്തത് എന്ന ഭാവമായിരുന്നു ആ മുഖത്ത്. തളിരിന്റെ ഭാവി മാത്രമായിരുന്നു അപ്പോൾ മനസിൽ.
''സർ ഞാൻ പറയാം...സത്യം. "
ചുവരിൽ ചാരി ക്ഷീണിതയായി ഇരുന്നിരുന്ന തളിർ ഇഴഞ്ഞിഴഞ്ഞ് മുന്നോട്ടുവന്നു. എന്തോ പറയാനായി അവൾ ശ്രമിച്ചു. അമ്മയെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുമെന്ന് അവൾ ഭയപ്പെട്ടു. ഒരു കുറ്റവും ചെയ്യാത്ത അമ്മ എന്താണ് സത്യം പറയാതെ നിൽക്കുന്നത്. തളിരിന് ആ മൗനം സഹിക്കാനായില്ല.
''ദാ കണ്ടോ സാറന്മാരെ... ഇയാൾ എന്റെ മകളെ ഉപദ്രവിച്ച് അവശയാക്കിയിരിക്കുന്നത്. അതുകണ്ടുകൊണ്ട് പുറത്തുനിന്നും കയറിവന്ന ഞാൻ മറ്റൊന്നും ചിന്തിച്ചില്ല. മകളെ രക്ഷിക്കണമെന്നേ തോന്നിയുള്ളൂ. കൈയിൽ കിട്ടിയതെടുത്ത് വെട്ടിവീഴ്ത്തി. "
രുക്കു പൊട്ടിക്കരഞ്ഞു കൊണ്ട് വീണ്ടും പറഞ്ഞു.
''സർ എന്നെ അറസ്റ്റ് ചെയ്തോളൂ. ഏതൊരമ്മയും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ."
''രുഗ്മിണി വാരസ്യാർ എന്നല്ലേ നിങ്ങളുടെ പേര്? "
സി.ഐ ചോദിച്ചു
''അതെ സർ. "
തളിരത് കേട്ട് ഒന്നു ഞെട്ടി.
അമ്മയുടെ യഥാർത്ഥ പേര് അതുവരെ തളിരിനറിയില്ലായിരുന്നു.
''ങും. അവരെ ജീപ്പിലേക്ക് കയറ്റൂ. "
അമ്മയെ കൊലക്കുറ്റത്തിന് അറസ്റ്റു ചെയ്യുന്നത് കണ്ടുനിൽക്കാൻ തളിരിന് കഴിഞ്ഞില്ല. അവൾ ജീപ്പിനടുത്തേക്ക് നിലവിളിച്ചു കൊണ്ടോടിയടുത്തു.
''അമ്മേ എന്നെ കൂടി കൊണ്ടുപോകൂ. സാറന്മാരെ എന്റമ്മയെ എവിടേയ്ക്കും കൊണ്ടുപോകരുതേ. ഞാൻ അനാഥയാകും സാർ. എനിക്കമ്മയല്ലാതെ മറ്റാരുമില്ല."
അവൾ നിലവിളിച്ചു. ജീപ്പിലേക്ക് കയറാനായി നിന്ന രുക്കുവിനെ തളിർ പൂണ്ടടക്കം പിടിച്ചു.
''നിങ്ങൾക്ക് ബന്ധുക്കളായി ആരുമില്ലേ? ഉണ്ടെങ്കിൽ പറയൂ. ഇനി കുട്ടിയെ ഞങ്ങൾ അവരെ ഏല്പിക്കാം."
''സർ ഞാൻ ജോലി നോക്കുന്ന ഒരു സ്ഥലമുണ്ട്? അവിടെയാക്കാം."
രുക്കു പറഞ്ഞു.
''എവിടെയാണെന്ന് പറയൂ. "
''മേരി മാതാ ഓർഫനേജ്. കോൺവെന്റുകൂടിയാ. ഞാനവിടത്തെ കുശിനിക്കാരിയാണ് സാർ."
''അവിടെ നിങ്ങളുടെ മകൾ സേഫായിരിക്കുമോ? ""
''തീർച്ചയായും. സാറന്മാർ എന്നെക്കൂടെ അവിടം വരെ ഒന്നു കൊണ്ടുപോകണേ. ഇവളെ അവിടെയാക്കിയിട്ട് നിങ്ങളോടൊപ്പം മടങ്ങാം."
സി.എയും വനിതാ പൊലീസും പരസ്പരം നോക്കി.
(തുടരും)