അഹമ്മദാബാദ്: 'നമസ്തേ ട്രംപി'ന് തുടക്കമിട്ടുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വരവേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ചരിത്രം ആവർത്തിക്കുകയാണെന്നും അഞ്ച് മാസം മുൻപ് മാത്രമാണ് 'ഹൗഡി മോദി' പരിപാടിയുടെ ഭാഗമായി താൻ തന്റെ സുഹൃത്ത് ഡൊണാൾഡ് ട്രംപിനെ അമേരിക്കയിൽ ചെന്ന് സന്ദർശിച്ചതെന്നും പറഞ്ഞുകൊണ്ടാണ് മോദി അമേരിക്കൻ പ്രസിഡന്റിനുള്ള സ്വാഗത പ്രസംഗം ആരംഭിച്ചത്.
ട്രംപിനെ ഹൃദയപൂർവം താൻ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും മോദി പറഞ്ഞു. ഇത് ഗുജറാത്ത് ആണെങ്കിലും രാജ്യം മുഴുവനായാണ് ട്രംപിനെ സ്വാഗതം ചെയ്യുന്നതെന്നും മോദി പറഞ്ഞു. ശേഷം മോദിയെ 'ഇന്ത്യയുടെ ചാമ്പ്യൻ' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപ് തന്റെ പ്രസംഗം ആരംഭിച്ചത്.
സ്റ്റേഡിയത്തിലെ പരിപാടി അവസാനിച്ച ശേഷം വൈകിട്ട് ആഗ്രയിലെത്തി താജ്മഹൽ സന്ദർശിക്കും. രാത്രിയോടെ ഡൽഹിയിലെത്തും. ചൊവ്വാഴ്ച രാവിലെ ഗാന്ധിസമാധി സ്ഥലമായ രാജ്ഘട്ടിൽ സന്ദർശനം. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച. 11.30 ഓടെ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, കാശ്മീർ വിഷയങ്ങൾ ട്രംപ് ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. പ്രതിരോധ, സ്വതന്ത്രവ്യാപാര കരാറുകളും ചർച്ചചെയ്യും.
തുടർന്ന് സംയുക്തവാർത്താസമ്മേളനം ഏതാനും ചില വാണിജ്യ കരാറുകളിൽ ഒപ്പിടുമെങ്കിലും വമ്പൻ കരാറുകളൊന്നും പ്രഖ്യാപിക്കില്ലെന്നാണ് റിപ്പോർട്ട്. രാത്രി രാഷ്ട്രപതിഭവനിലെ വിരുന്നിൽ പങ്കെടുത്തശേഷം ട്രംപ് മടങ്ങും.'ഹാപ്പിനെസ് ക്ലാസുകളെ' കുറിച്ച് പഠിക്കാനും കുട്ടികളുമായി സംവദിക്കാനും മെലാനിയ ഡൽഹിയിലെ സ്‌കൂൾ സന്ദർശിക്കും. ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഒഴിവാക്കിയതായി ആംആദ്മിപാർട്ടി ആരോപിച്ചിട്ടുണ്ട്.