trump2

ചാണക്യ സ്വീറ്റ്. ഹോട്ടൽ ഐ.ടി.സി മൗര്യയിലെ ഗ്രാൻഡ് പ്രസിഡൻഷ്യൽ ഫ്‌ളോറിലുള്ള ഏറ്റവും ആഡംബരപൂർണമായ സ്വീറ്റ്. 4600 ചതുരശ്ര അടി വിസ്തൃതി. പ്രതിദിന വാടക എട്ടു ലക്ഷം രൂപ. ഈ സ്വീറ്റിലേക്കു മാത്രമായി പ്രത്യേക സ്വകാര്യ പ്രവേശന കവാടം. ഹൈസ്പീഡ് ലിഫ്റ്റ്. പ്രത്യേക സുരക്ഷാ നിയന്ത്രണ മുറി. ബുള്ളറ്റ് പ്രൂഫ് ജനാലകൾ, പ്രസിഡൻഷ്യൽ സ്വീറ്റിലേക്കുള്ള ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കാൻ പ്രത്യേകം പാചക വിദഗ്ദ്ധർ.

നേരത്തെ ഈ സ്വീറ്റിൽ താമസിച്ചിട്ടുള്ള വിശിഷ്ടാതിഥികൾ: ബരാക് ഒബാമ, ബിൽ ക്ളിന്റൺ, ജോർജ് ബുഷ്, ടോണി ബ്‌ളെയർ, വ്ളാഡിമിർ പുടിൻ, ബ്രൂണായ് സുൽത്താൻ, സൗദിയിലെ അബ്ദുള്ള രാജാവ്.

വലിയ ലിവിംഗ് റൂം, ഒരു സ്റ്റഡി റൂം, പന്ത്രണ്ടു പേർക്ക് ഇരിക്കാവുന്ന അത്യാഡംബരപൂർണമായ ഡൈനിംഗ് റൂം. പാത്രങ്ങളും സ്പൂൺ- ഫോർക്ക് ഉൾപ്പെടെയുള്ള മറ്റെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തത്. സ്വീറ്റിന്റെ ചുവരുകളെ അലങ്കരിക്കുന്നത് അർത്ഥശാസ്ത്രം അടിസ്ഥാനമാക്കി തയിബ് മേത്ത വരച്ച പെയിന്റിംഗുകൾ. മിനി സ്പാ, സ്റ്റീം റൂം, ജിംനേഷ്യം സൗകര്യങ്ങൾ.

ബുഖാറ റസ്റ്റോറന്റ്- ഐ.ടി.സി മൗര്യയിലെ ഇന്ത്യൻ റസ്‌റ്റോറന്റ്. ട്രംപ് ഇവിടെ നിന്ന് ഇന്ത്യൻ ഭക്ഷണം രുചിക്കുമെന്ന് കരുതപ്പെടുന്നതിനാൽ പൂർണ സജ്ജം. നേരത്തെ ബരാക് ഒബാമയും ബിൽ ക്ളിന്റണും ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ട്രംപിന് ഇഷ്ടമുള്ള ഡയറ്റ് കോക്ക്, ചെറി വാനില ഐസ്‌ക്രീമുകൾ ഇവിടെ തയ്യാർ.