mahathir-mohamad

കോലാംലംപുർ : മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജി സമർപ്പിച്ചു. ഇതോടെ മലേഷ്യയിൽ പുതിയ സർക്കാർ രൂപീകരണത്തിന് കളമൊരുങ്ങി. മലേഷ്യയുടെ തലവനായ രാജാവിനാണ് അദ്ദേഹം രണ്ട് വരി രാജിക്കത്ത് സമർപ്പിച്ചത്. തിങ്കളാഴ്ച മലേഷ്യൻ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തിന് പുറമേ 2016 ൽ രൂപീകരിച്ച സ്വന്തം പാർട്ടിയിൽ നിന്നും മഹാതിർ മുഹമ്മദ് രാജി വച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.. മഹാതിർ മുഹമ്മദ് തൻെറ മാതൃപാർട്ടിയായ യു.എം.എൻ.ഒ. പാർട്ടിയുമായി ചേർന്ന് വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് കരുതുന്നത്. തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾക്ക് മലേഷ്യ സാക്ഷ്യം വഹിക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാതിറിന്റെ പാർട്ടിയായ പ്രിബുമി ബെർസാതു മലേഷ്യ ഭരണ സഖ്യമായ പാകാതൻ ഹാരാപൻ വിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടി പ്രസിഡന്റും മലേഷ്യൻ ആഭ്യന്തര മന്ത്രിയുമായ മുഹിയുദ്ദീൻ യാസിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ദീർഘകാലം മലേഷ്യയുടെ പ്രധാനമന്ത്രി കസേര സ്വന്തമാക്കിയ നേതാവാണ് മഹാതിർ മുഹമ്മദ് 1981 ലാണ് മലേഷ്യയുടെ പ്രധാനമന്ത്രിയായി ആദ്യം സ്ഥാനമേറ്റത്. തുടർന്ന് 2003 വിരമിക്കുകയായിരുന്നു. എന്നാൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും 2018 അധികാരത്തിൽ തിരിച്ചെത്തി. തൊണ്ണൂറ്റിനാല് വയസുള്ള അദ്ദേഹം കുറച്ചു കാലമായി ഇന്ത്യവിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിലൂടെ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. കാശ്മീർ വിഷയത്തിൽ പാകിസ്ഥാന് അനുകൂലമായി ഐക്യരാഷ്ട്രസഭയിൽ നിലപാട് സ്വീകരിച്ചതിന് ഇന്ത്യയുടെ വിരോധം സമ്പാദിക്കുവാൻ കാരണമായി. ലോകത്തെ പ്രമുഖ പാമോയിൽ ഉത്പാദക രാജ്യമായ മലേഷ്യയിൽ നിന്നും ഭക്ഷ്യഎണ്ണ വാങ്ങേണ്ട എന്ന നിലപാട് ഇന്ത്യൻ വ്യാപാരികൾ സ്വീകരിച്ചിരുന്നു. ഇന്ത്യൻ ഭരണാധികാരികളുടെ മൗനാനുവാദവും ഈ സാമ്പത്തിക വിലക്കിന് പിന്നിലുണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ഇന്ത്യ പാമോയിൽ ഇറക്കുമതി നിർത്തിയതോടെ മലേഷ്യ ഗുരുതരമായ പ്രതിസന്ധിയാണ് നേരിട്ടത്. എന്നാൽ തന്റെ നിലപാടിൽ ആദ്യ ഘട്ടത്തിൽ ഉറച്ചു നിന്ന മഹാതിർ മുഹമ്മദ് സർക്കാർ പിന്നീട് നിലപാട് മയപ്പെടുത്തി ഇന്ത്യയുടെ പ്രീതി സമ്പാദിക്കുവാൻ ശ്രമിച്ചിരുന്നു. അതേ സമയം മലേഷ്യയുടെ പാക് അനുകൂല ബന്ധങ്ങൾ മുൻപത്തേ പോലെ തുടരുകയും ചെയ്തു. പാകിസ്ഥാനെയും തുർക്കിയെയും കൂട്ടി ഇസ്ലാമിക രാജ്യങ്ങളുടെ പുതിയ സഖ്യം രൂപീകരിക്കുന്നതിന് മഹാതിർ മുഹമ്മദ് മുന്നിട്ടിറങ്ങിയിരുന്നു.