k-surendran

കാസർകോട് : 'തൂക്കിക്കൊല്ലാൻ വിധിക്കുന്നതിനു മുമ്പ് എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ശിക്ഷിക്കപ്പെട്ടവരോട് ചോദിക്കാറുണ്ട്. അതൊരു സാമാന്യനീതിയുടെ ഭാഗമാണ്. എന്നാൽ അത്തരമൊരു സമീപനം പോലും പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല'. ബി.ജെ.പി ജില്ലാ പ്രസിഡന്റായി അഡ്വ. കെ. ശ്രീകാന്തിനെ നിയമിച്ചതിന് പിന്നാലെ പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച കാസർകോട്ടെ ബി.ജെ.പി നേതാവ് രവീശ തന്ത്രി കുണ്ടാർ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന സമിതി അംഗത്വം, മഞ്ചേശ്വരം മണ്ഡലം പ്രഭാരി സ്ഥാനങ്ങൾ രാജിവച്ചുകൊണ്ടുള്ള കത്ത് ഇന്ന് രാവിലെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, രവീശ തന്ത്രി അയച്ചുകൊടുത്തു.

അവസാന നിമിഷം വരെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ഒരു വ്യക്തി എന്ന നിലയിൽ എന്നോട് ഒരു ചോദ്യം എങ്കിലും പാർട്ടി നേതാക്കൾക്ക് ചോദിക്കാമായിരുന്നു. അത് ഉണ്ടാകാത്തതിൽ കടുത്ത പ്രതിഷേധമുണ്ട്. ശ്രീകാന്തിനെ തന്നെ പ്രഖ്യാപിക്കാൻ ആണെങ്കിൽ രണ്ടുമാസം എന്തിനാണ് കാത്തിരുന്നത്. ഇത് മുമ്പേ ചെയ്യാമായിരുന്നില്ലേ. ശ്രീകാന്തിനോടുള്ള എതിർപ്പ് കൊണ്ടല്ല രാജിവയ്ക്കുന്നത്. പാർട്ടി നേതൃത്വത്തിന്റെ സമീപനം കാരണം മാനസികമായി വലിയ പ്രശ്നം നേരിടുന്നതുകൊണ്ടാണ്. ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നു എന്നു തോന്നിക്കുന്ന രീതിയിലാണ് സംസ്ഥാന പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതെന്നും രവീശതന്ത്രി കുണ്ടാർ പറയുന്നു. ഇനിയും പാർട്ടിയിൽ പിടിച്ചുനിൽക്കണമെങ്കിൽ സ്വന്തമായി ഒരു ഗ്രൂപ്പ് ഉണ്ടാകണം. അതിന് തയ്യാറല്ലാത്തത് കൊണ്ടാണ് പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കുന്നത്. ഞാൻ എവിടെയും പോകില്ല. സംഘപരിവാറിന്റെ സാധാരണ പ്രവർത്തകനായി തുടരാനാണ് ആഗ്രഹിക്കുന്നത്. ആരുടെ സമ്മർദ്ദം ഉണ്ടായാലും ഞാനെടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാസർകോട് ബി.ജെ.പിയിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്ത് വരുന്നതിന്റെ സൂചനയാണ് തന്ത്രിയുടെ രാജി. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ തനിക്ക് പാർട്ടിയിൽനിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ലെന്നും ശ്രീകാന്ത് തന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും ചൂണ്ടിക്കാണിച്ചു തന്ത്രി പാർട്ടിക്ക് കത്ത് നൽകിയിരുന്നു . ആർ.എസ്.എസ് നേതൃത്വത്തിനും കത്ത് നൽകി. എന്നാൽ അക്കാര്യത്തിലൊന്നും നടപടിയുണ്ടായില്ല. സംസ്ഥാന സമിതി അംഗമായ തന്നോട് ആലോചിക്കുക പോലും ചെയ്യാതെയാണ് ഇപ്പോൾ ജില്ലാ പ്രസിഡന്റായി ശ്രീകാന്തിനെ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് രവീശതന്ത്രിയുടെ ആരോപണം. നേരത്തെ മഞ്ചേശ്വരം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ രവീശ തന്ത്രിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ബി.ജെ.പിയിലെ ഒരുവിഭാഗം കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ഇപ്പോഴത്തെ ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്തിനെ സ്ഥാനാർത്ഥിയാക്കാത്തതിന് എതിരെയായിരുന്നു പ്രതിഷേധം. സംസ്ഥാന നേതാക്കളെ തടയുന്നത് അടക്കമുള്ള സംഭവങ്ങൾ അരങ്ങേറിയിരുന്നു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ പ്രശ്നങ്ങളുടെ തുടർച്ചയാണ് രവീശ തന്ത്രിയുടെ രാജിയെന്നാണ് വിലയിരുത്തൽ.