indian-shot-dead-

ലോസ്ആഞ്ചലസ്: കാലിഫോർണിയയിലെ വൈറ്റിയർ സിറ്റിയിലെ മുഖമൂടിധാരിയായ അക്രമിയുടെ വെടിയേറ്റ് ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ആറുമാസം മുൻപ് യു.എസിലെത്തിയ ഹരിയാന കർണൽ സ്വദേശിയായ മനീന്ദർ സിംഗ് സാഹിയ്ക്കാണ് വെടിയേറ്റത്. ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് സംഭവം. മനീന്ദർ ജോലി ചെയ്തിരുന്നു വൈറ്റർ സിറ്റിയിലെ പലവ്യഞ്‌ജന കടയിലെത്തിയ ആക്രമി വെടിവയ്ക്കുകയായിരുന്നു. മുഖം മറച്ച് സെമി ആട്ടോമാറ്റിക്ക് തോക്കുമായാണ് അക്രമി കടയിലെത്തിയത്.

മോഷണശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.​ അക്രമി മനീന്ദറിനെതിരെ വെടിയുതിർക്കാനിടയായ കാരണം വ്യക്തമല്ല. സംഭവം നടന്നപ്പോൾ കടയിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവശേഷം അക്രമി ഓടിരക്ഷപ്പെട്ടു. പ്രതിയുടെ ചിത്രം വൈറ്റിയർ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്,​ ചിത്രത്തിൽ നിന്ന് കറുത്തവർഗ്ഗക്കാരനായ യുവാവാണ് പ്രതിയെന്ന് വ്യക്തമായെങ്കിലും മുഖാവരണം ധരിച്ചിരുന്നതിനാൽ ആളെക്കുറിച്ച് മനസിലാക്കാൻ സാധിച്ചിട്ടില്ല.

രണ്ട് കുട്ടികളുടെ പിതാവാണ് മനീന്ദർ. കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം മനീന്ദറിന്റെ ഈ ജോലിയായിരുന്നു. മ‌ൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള പണം ശേഖരിക്കാൻ സഹോദരൻ 'ഗോഫൺഡ്മീ' എന്ന പേജ് രൂപീകരിച്ചിട്ടുണ്ട്. മനീന്ദറിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ മാതാപിതാക്കളും ഭാര്യയും ആഞ്ചും ഒമ്പതും പ്രായമുള്ള രണ്ട് കുട്ടികളും അനാഥരായിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്നും വൈറ്റിയർ പൊലീസ് മാദ്ധ്യമങ്ങളെ അറിയിച്ചു.