donald-trump

ന്യൂഡൽഹി: ആഗ്രയിലെത്തി താജ്മഹൽ സന്ദർശിക്കാൻ ഒരുങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും സുരക്ഷയൊരുക്കാൻ കുരങ്ങന്മാരുടെ സംഘവും. ആഗ്രയിലുള്ള കുരങ്ങുകൾ സൃഷ്ടിക്കുന് ബുദ്ധിമുട്ടുകളിൽ നിന്നും അമേരിക്കൻ പ്രസിഡന്റിനെയും ഭാര്യയേയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പരിശീലനം ലഭിച്ച അഞ്ച് ലാംഗൂർ ഇനത്തിൽപ്പെട്ട കുരങ്ങുകളെ സുരക്ഷ ഉദ്യോഗസ്ഥർ തയാറാക്കി നിർത്തിയിരിക്കുന്നത്. കുരങ്ങന്മാരെ ഉപയോഗിച്ച് സ്ഥലത്തെ വാനര ശല്യം ഇല്ലാതാക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫസ്റ്റ് ലേഡി മെലാനിയാ ട്രംപും ഇന്ന് വൈകുന്നേരമാണ് താജ് മഹൽ സന്ദർശിക്കാൻ പദ്ധതിയിടുന്നത്. ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് വൻ സുരക്ഷയാണ് യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ ഒരുക്കിയിരിക്കുന്നത്. 'നമസ്തേ ട്രംപ്' പരിപാടിക്ക് ശേഷം സ്‌റ്റേഡിയത്തിന് പിന്നിലായി പുതുതായി പണി കഴിപ്പിച്ച റോഡിലൂടെയോ ഹെലികോപ്റ്ററിലോ ആകും ട്രംപ് വിമാനത്താവളത്തിലേക്ക് മടങ്ങുക.

ഇവിടെ നിന്നും എയർ ഫോഴ്‌സ് വണ്ണിൽ ആഗ്രയിലേക്ക് തിരിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയാകട്ടെ വ്യോമസേനാ വിമാനത്തിൽ ഡൽഹിക്കും പോകും. വൈകിട്ട് 4.45 ട്രംപ് ആഗ്രയിൽ എത്തി താജ്മഹൽ സന്ദർശിക്കുകയെന്നാണ് വിവരം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാകും ട്രംപിനെ ആഗ്രയിൽ വച്ച് സ്വീകരിക്കുക. സന്ദർശനം അവസാനിച്ച ശേഷം ട്രംപ് തിരിച്ച് ഡൽഹിയിലേക്ക് പോകും.